
തൃശൂർ: കൈനൂർ വില്ലേജിലെ തോണിപ്പാറ റോഡിൽ ആനക്കുഴി ഭാഗത്ത് പുത്തൂർ സൂവോളജിക്കൽ പാർക്കിനടുത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശം കെ.രാജൻ എം.എൽ.എ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തെ കുന്നിൽനിന്ന് വലിയ ശബ്ദത്തോടെ മൂന്ന് മരങ്ങൾ കടപുഴകി വീണത്. സുരക്ഷ കണക്കിലെടുത്ത് ഇവിടെയുള്ള മൂന്ന് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ കളക്ടർ നിർദ്ദേശിച്ചു. സമീപത്തെ അങ്കണവാടി പ്രവർത്തനം തത്കാലത്തേക്ക് നിറുത്തിവയ്ക്കാനും സംഭവത്തേക്കുറിച്ച് റിപ്പോർട്ട് നൽകാനും ജിയോളജിസ്റ്റിനും വനം- റവന്യൂ, സോയിൽ സർവേ വകുപ്പുകൾക്കും കളക്ടർ നിർദ്ദേശം നൽകി. പൊലീസും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് നേരത്തെതന്നെ കുടുംബങ്ങളെ മാറ്റിയിരുന്നു. മരങ്ങൾ കടപുഴകിയെങ്കിലും നിലംപതിക്കാത്തതിനാൽ നാശനഷ്ടങ്ങളില്ല. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.
മരങ്ങൾ കടപുഴകി; 6കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
പുത്തൂർ സുവോളജിക്കൽ പാർക്ക് തോണിപ്പാറ റോഡിൽ ആനക്കുഴി അങ്കണവാടിയുടെ എതിർവശത്ത് മരങ്ങൾ കടപുഴകി ചെരിഞ്ഞു. ഉയർന്ന പ്രദേശത്തെ മരങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വലിയ ശബ്ദത്തോടെ ചെരിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കാരണം വ്യക്തമല്ല. പ്രദേശത്തെ 6കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മരങ്ങൾ കടപുഴകിയെങ്കിലും നിലംപതിച്ചിട്ടില്ല. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കൈനൂർ വില്ലേജിലെ തോണിപാറയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി രൂക്ഷമായ സാഹചര്യത്തിൽ പ്രദേശവാസികളുടെ ജീവന് പൂർണ സംരക്ഷണം ഉറപ്പാക്കും
- കെ.രാജൻ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |