
പാട്ടുരായ്ക്കൽ ദേശത്തിന് അഭിമാനമായി നീലവരയൻ പുലി
തൃശൂർ: പാട്ടുരായ്ക്കൽ പുലിപ്പടയിൽ നീലവരയൻ പുലിയായി അരമണികിലുക്കി ആവേശത്തോടെ ചുവടുവച്ച് ദീപ്തി കല്യാണി പുലികളി ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ചു. ആദ്യട്രാൻസ് വനിതാ പുലിയായി രംഗത്തെത്തിയ ദീപ്തി കാണികളുടെ ഹൃദയം കീഴടക്കി. ഗുരുവായൂർ സ്വദേശിനിയായ ദീപ്തിക്ക് പുലികളി ആഘോഷം മാത്രമല്ല, തൃശൂരിന്റെ മണ്ണിനോടും മനുഷ്യരോടും ചേർന്നുനിൽക്കുന്ന തനത് സാംസ്കാരിക പാരമ്പര്യം കൂടിയാണ്. പുലിയാകണമെന്ന ദീപ്തിയുടെ ആഗ്രഹത്തിന് ഇരുപതുവർഷത്തെ പഴക്കമുണ്ട്. കാലവും സാഹചര്യങ്ങളും മാറിയെങ്കിലും പുലിയാകണമെന്ന ആഗ്രഹം അവൾ കൈവിട്ടില്ല. ഒടുവിൽ പാട്ടുരായ്ക്കൽ ദേശത്തിന്റെ പുലിപ്പടയിൽ നീലവരയൻപുലിയുടെ വേഷമണിഞ്ഞ് അരമണികിലുക്കി ചുവടുവച്ചത് ജീവിതം സമ്മാനിച്ച വലിയൊരു അംഗീകാരമായാണ് ദീപ്തി കരുതുന്നത്. കാണികളുടെ കൂട്ടത്തിൽനിന്ന് പുലിക്കൂട്ടത്തിലേക്കുള്ള ദീപ്തിയുടെ യാത്ര ഒരു വേഷപ്പകർച്ച മാത്രമായിരുന്നില്ല, വർഷങ്ങളായി മനസ്സിൽ സൂക്ഷിച്ച സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |