SignIn
Kerala Kaumudi Online
Sunday, 06 September 2026 12.37 AM IST

ശ്രീകൃഷ്ണശോഭയിൽ

photo
1

തൃശൂർ: സായന്തന സൂര്യൻ ചെങ്കതിർ പൊഴിച്ചുനിന്ന അഷ്ടമിരോഹിണി നാളിൽ വിവിധ കേളികളുമായി ഉണ്ണിക്കണ്ണന്മാരും നൃത്തച്ചുവടുകളുമായി ഗോപികമാരും വടക്കുന്നാഥനെ വലംവച്ചപ്പോൾ പീതാംബരമണിഞ്ഞ് സ്വരാജ് റൗണ്ട് അമ്പാടിയായി. രാധാകൃഷ്ണ വേഷധാരികളായ നൂറുകണക്കിന് പിഞ്ചോമനകളാണ് നഗരവീഥികളിൽ പുഞ്ചിരിതൂകി മഹാശോഭായാത്രയിൽ അണിനിരന്നത്.

വൈകീട്ട് അഞ്ചിന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽനിന്ന് ആരംഭിച്ച മഹാശോഭായാത്ര സ്വരാജ് റൗണ്ട് ചുറ്റി നായ്ക്കനാൽ വഴി വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ ഭക്തിനിർഭരമായി സമാപിച്ചു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജിത റാണി മഹാശോഭായാത്ര ഉദ്ഘാടനം ചെയ്തു. ഭജനസംഘങ്ങളുടെ നാമജപഘോഷങ്ങളും മനംകവരുന്ന നിശ്ചലദൃശ്യങ്ങളും താലപ്പൊലിയും ഗോപികാനൃത്തവും ശോഭായാത്രയ്ക്ക് മാറ്റേകി.

ജില്ലയിലാകെ 800 കേന്ദ്രങ്ങളിൽ നടന്ന ശോഭായാത്രകൾ 300 പ്രധാന കേന്ദ്രങ്ങളിലാണ് സംഗമിച്ചത്. ചാലക്കുടി, കൊടകര, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, പെരിഞ്ഞനം, തൃപ്രയാർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചെറുതുരുത്തി, പഴയന്നൂർ എന്നിവിടങ്ങളിലും മഹാശോഭായാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഷമ്മി പനയ്ക്കൽ, പ്രീതചന്ദ്രൻ, ഗീത മുകുന്ദൻ, വി.എൻ. ഹരി, രവി തിരുവമ്പാടി, യു. പ്രഭാകരൻ, പി. ഗോപകുമാർ, കെ.എസ്. നാരായണൻ ഉൾപ്പെടെയുള്ള പ്രമുഖർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ശോഭായാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം തൃശൂർ നഗരത്തിൽ പൊലീസിന്റെ ശക്തമായ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

നിറക്കാഴ്ച്ചയൊരുക്കി പ്ലോട്ടുകൾ


തൃശൂർ: വിവിധ ദേശങ്ങളിൽനിന്നെത്തിയ ചെറുഘോഷയാത്രകൾ വിസ്മയക്കാഴ്ച. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്ലോട്ടുകളിൽ കാളിയമർദ്ദനവും കാളിന്ദിയും രാധാകൃഷ്ണ പ്രണയവും ഉണ്ണിക്കണ്ണന്റെ നൃത്തവും ഓടക്കുഴൽവിളിയുമെല്ലാം നിറഞ്ഞുനിന്നു. കാളിയമർദ്ദനം മുതൽ കണ്ണന്റെ കാളിന്ദി വരെയും രാധാകൃഷ്ണ പ്രണയം മുതൽ വസുദേവരും ശോദയും തോഴിമാരും നിറഞ്ഞ ശ്രീകൃഷ്ണ ജീവിതപശ്ചാത്തലം വരെയും പ്ലോട്ടുകൾക്ക് വിഷയമായി. ഓരോ പ്ലോട്ടും വേറിട്ട കാഴ്ചയൊരുക്കിപ്പോൾ മൊബൈൽ ക്യാമറകളിൽ അവ പകർത്താനുള്ള തിരക്കിലായിരുന്നു കാണികളേറെയും. പ്രത്യേകത പ്ലോട്ടുകളിലെ 'ജീവനുള്ള കണ്ണന്മാർ' തന്നെയായിരുന്നു. മുൻവർഷങ്ങളിൽ ശ്രീകൃഷ്ണ വിഗ്രഹങ്ങളായിരുന്നു കൂടുതലെങ്കിൽ ഇത്തവണ മിക്ക പ്ലോട്ടുകളിലും പിഞ്ചുകണ്ണന്മാർ നിറഞ്ഞുനിന്നു. ഗുരുവായൂർ, വടക്കുന്നാഥൻ, തിരുവമ്പാടി തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളുടെ രൂപങ്ങളും പ്ലോട്ടുകളിൽ ഇടംപിടിച്ചു. അന്യനാടുകളിലെ പ്രസിദ്ധ ക്ഷേത്രങ്ങളുടെ രൂപങ്ങളും കൃഷ്ണലീലകളുടെ പശ്ചാത്തലമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL