
തൃശൂർ: കേരള ക്രിക്കറ്റ് ലീഗിൽ തിളങ്ങാനായതിന്റെ ത്രില്ലിലാണ് മുഹമ്മദ് ഇനാൻ. തൃശൂർ ടൈറ്റൻസിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച്, ടൂർണമെന്റിലെ 'മോസ്റ്റ് പ്രോമിസിംഗ് യംഗ്സ്റ്റാർ' പുരസ്‌കാരം സ്വന്തമാക്കിയപ്പോൾ മുണ്ടൂരിലെ കുടുംബവും ആഹ്ളാദനിറവിൽ. 'ഹാപ്പി, ഇനി അണ്ടർ 23 മത്സരങ്ങളിലേക്ക്. അടുത്തദിവസം നാട്ടിൽ വരും.'- തൃശൂർ കേരളവർമ്മ കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥി കൂടിയായ ഇനാൻ കേരളകൗമുദിയോട് പറഞ്ഞു.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്‌സറുകൾ പറത്തി, വെറും 15 പന്തിൽ പുറത്താകാതെ 41 റൺസ് അടിച്ചുകൂട്ടിയ ഇനാന്റെ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കെ.സി.എല്ലിലെ തന്നെ അവിസ്മരണീയ നിമിഷങ്ങളിലൊന്നായിരുന്നു. തിരുവനന്തപുരത്ത് ടീമിനൊപ്പമാണ് ഇപ്പോൾ ഇനാൻ.
'വർഷങ്ങളായുള്ള കഠിനാധ്വാനത്തിന് ഫലം ലഭിച്ചതിൽ എല്ലാവരും ഏറെ സന്തോഷത്തിലാണ്. കെ.സി.എയുടെ ഒരു മേജർ ടൂർണമെന്റിൽ ഇത്തരമൊരു അംഗീകാരം ലഭിച്ചത് വലിയ ആത്മവിശ്വാസം നൽകുന്നു,'- പിതാവ് ഷാനവാസ് പറഞ്ഞു.
അണ്ടർ - 23 ക്യാമ്പും ഡേ മാച്ചുകളും ടി- 20 മത്സരങ്ങളുമാണ് പ്രധാന ലക്ഷ്യമെന്ന് ഇനാൻ പറയുന്നു. ഉമ്മ റഹീന, സഹോദരങ്ങളായ ആയിഷ ഇഷർ, എബി ആദം എന്നിവരും സന്തോഷത്തിലാണ്.
ഐ.പി.എല്ലിൽ പ്രതീക്ഷയർപ്പിച്ച്
ആത്രേയ ക്രിക്കറ്റ് അക്കാഡമിയിലെ ദിനേശ് ഗോപാലകൃഷ്ണൻ, മുൻ കേരള ടീം കോച്ച് ബാലചന്ദ്രൻ എന്നിവരുടെ ശിക്ഷണത്തിലാണ് ഇനാൻ തന്റെ ഓൾറൗണ്ട് മികവ് രാകി മിനുക്കുന്നത്. മുൻപ് അണ്ടർ19 ക്രിക്കറ്റിലെ തിരക്കുകൾ കാരണം ചില ട്രയൽസുകൾ നഷ്ടമായെങ്കിലും, പഞ്ചാബ് കിംഗ്സ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്ന ഇനാന് വരാനിരിക്കുന്ന ഐ.പി.എൽ ട്രയൽസുകളിലും ലേലത്തിലും വലിയ പ്രതീക്ഷയാണുള്ളത്.
റെഡ് ബാൾ മുതൽ കെ.സി.എൽ കിരീടം വരെ
12-ാം വയസിൽ ഗൾഫിൽ വച്ച് പാക് സ്പിൻ ഇതിഹാസം സഖ്‌ലയിൻ മുഷ്താഖിൽ നിന്ന് സ്പിൻ പാഠങ്ങൾ പഠിച്ചതാണ് ഇനാന്റെ കരിയറിൽ വഴിത്തിരിവായത്. അണ്ടർ14 കേരള ടീമിലൂടെ വളർന്ന ഈ ലെഗ് സ്പിൻ ആൾറൗണ്ടർ, ഇന്ത്യ അണ്ടർ19 എ ടീമിനായി 74 പന്തിൽ 105 റൺസ് നേടുകയും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിൽ 9 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത് ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യ ബി ടീമിനെതിരെ ആറിന് 100 എന്ന നിലയിൽ ഇന്ത്യ എ തളരുമ്പോൾ എട്ടാമനായി ക്രീസിലെത്തി ആറ് സിക്‌സും 12 ഫോറും പറത്തി നേടിയ മിന്നും സെഞ്ച്വറിയോടെയാണ് ഇനാൻ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായത്. അൻമോൽജീത് സിംഗിനൊപ്പം 135 റൺസിന്റെ കൂട്ടുകെട്ടും അന്ന് സൃഷ്ടിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |