
3അപകടങ്ങളിലായി 12 ജീവനുകൾ പൊലിഞ്ഞു
തൃശൂർ: അടിക്കടിയുണ്ടായ അപകടമരണങ്ങളിൽ വിറങ്ങലിച്ച് നാട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നിരത്തുകളിൽ പിടഞ്ഞ് വീണ് മരിച്ചത് 12പേർ. കയ്പമംഗലത്ത് അനധികൃതമായി പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിയിൽ കാർ പാഞ്ഞു കയറി എട്ടു യുവാക്കൾ ഒന്നു നിലവിളിക്കാൻ പോലും സമയം ലഭിക്കും മുമ്പ് മരണത്തിലേക്ക് കീഴടങ്ങിയത് വെള്ളിയാഴ്ച്ച രാത്രി 11.42 നായിരുന്നു. എൻജിനീയറിംഗ് വിദ്യാർത്ഥികളായ വി.വിശ്വ, ജീവ, ഐ.എസ്.സൂര്യ, സന്തോഷ്, ജെ.ജോഷ്വ ഹിൽസൺ, എം.മുരളീകൃഷ്ണൻ, ആർ.പ്രസന്ന, യുവസഞ്ചിത്ത് എന്നിവരാണ് മരിച്ചത്. ഇതിന്റെ നടക്കും വിട്ടുമാറും മുമ്പാണ് അയ്യന്തോളിൽ ജലവിതരണ പൈപ്പ് ലൈനിന്റെ വാൽവ് കുഴി വില്ലനായിമാറി യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്.
കുഴികണ്ട് ബ്രേക്ക് ചവിട്ടിയ കാറിന്റെ പിന്നിലിടിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറുകയായിരുന്നു. ബൈക്ക് യാത്രികനായ വെളുത്തൂർ തച്ചം പിള്ളി കടുക്കാട്ടിൽ സഹജന്റെയും ശരണ്യയുടെയും മകനായ അനുഗ്രഹാണ് (20) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരൻ ആദിത്തിനും പരിക്കേറ്റു. അയ്യന്തോൾ സിവിൽ ലൈനിന് സമീപമുള്ള രഹാന വില്ലാസിന് സമീപത്തെ കുഴിയാണ് വില്ലനായത്. ശുദ്ധജലവിതരണ വകുപ്പിന്റെ വാൽവ് കുഴി മൂടാത്തതാണ് അപകടത്തിന് കാരണം. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ നാടിനെ നടുക്കി വീണ്ടും മരണ വാർത്തയെത്തി. കുന്നംകുളത്ത് മൂന്നു വയസുകാരനായ മകനുമൊന്നിച്ച് ബുള്ളറ്റിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് മദ്യപസംഘം സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിച്ച് മൂന്നു പേരും കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച അർദ്ധരാത്രിയാണ് അപകടം ഉണ്ടായത്. മൂന്നു പേരും തൽക്ഷണം മരിച്ചു. അധികൃതരുടെ അനാസ്ഥയിലാണ് കയ്പമംഗലത്തും അയ്യന്തോളിലും ഒമ്പത് പേർക്ക് ജീവൻ നഷ്ടമായതെങ്കിൽ കുന്നംകുളത്ത് മദ്യപിച്ച് ലക്കുകെട്ട സംഘം ഓടിച്ച കാറിടിച്ചാണ് മൂന്നുപേർ മരിച്ചത്. എടക്കഴിയൂർ സ്വദേശിയായ ഷിഫ്‌ന അഞ്ചു മാസം ഗർഭിണിയായിരുന്നു.
അപകടത്തിൽപ്പെട്ട കാർ മാറ്റി
കയ്പമംഗലത്തെ അപകടത്തിൽപ്പെട്ട കാർ മാറ്റി. ക്രെയിൻ ഉപയോഗിച്ച് അപകട സ്ഥലത്ത് നിന്ന് കയ്പമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ചരക്ക് ലോറിയിലേക്ക് ഇടിച്ച് കയറിയ കാർ തകർന്നു തരിപ്പണമായിരുന്നു.
നിർമ്മാണം വേഗത്തിലാക്കണം: തമിഴ്‌നാട് മന്ത്രി
കേരളത്തിലെ ദേശീയപാത 66ന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് തമിഴ്‌നാട് മന്ത്രി എസ്. രാജേഷ്‌കുമാർ. കയ്പമംഗലം പനമ്പിക്കുന്നിലെ അപകടസ്ഥലം സന്ദർശിച്ച മന്ത്രി മാദ്ധ്യമപ്രവർത്തകരോട് സാരിക്കുകയായിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്, മുഖമന്ത്രി വിജയ്, മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം ഇവർക്ക് വേണ്ട സഹായം പ്രഖാപിക്കും. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ചുവേണം ലോറികൾ പാർക്ക് ചെയ്യാൻ, സിഗ്‌നൽ സംവിധാനങ്ങൾ കൃത്യമാക്കാൻ എൻ.എച്ച് അതോറിട്ടിയും തയ്യാറാവണമെന്നും പറഞ്ഞു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ.കെ.സക്കറിയ, സുനിൽ.പി.മേനോൻ, ശോഭ സുബിൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |