
തൃശൂർ: കല്യാണമേളം നടക്കേണ്ടിയിരുന്ന മരത്തംകോട്ടെ താഴത്ത് വീട്ടിൽ തളംകെട്ടിനിന്നത് ദുഃഖം. കല്യാണത്തിന് ഒന്നുമറിയാതെ എത്തിയവർ പോലും എടക്കഴിയൂരിലെ മരണവീട്ടിലേക്കും പോസ്റ്റുമോർട്ടം നടക്കുന്ന മെഡിക്കൽ കോളേജിലേക്കും തിരിച്ചു. കുഞ്ഞുമ്മയുടെ മകളുടെ വിവാഹം പ്രമാണിച്ച് ഒരു മാസം മുൻപ് അവധിയെടുത്ത് സൗദിയിൽ നിന്നെത്തിയ മുനീറിനെയും ഭാര്യ ഷിഫ്നയെയും മൂന്ന് വയസുകാരനായ മകൻ എമിൽ ഐബക്കിനെയും മരണം തട്ടിയെടുത്തത് തലേന്നത്തെ മൈലാഞ്ചിയാഘോഷത്തിന് പോയി വരുന്ന വേളയിൽ. മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ച ബെന്നും നാലുകൂട്ടുകാരും തകർത്തത് ഒരു ആഘോഷത്തെയും മംഗളകർമ്മത്തെയും മാത്രമല്ല, ഒരു കുടുംബത്തെ അപ്പാടെയാണ്. 5മാസം ഗർഭിണിയായിരുന്നു മരിച്ച ഷിഫ്ന. പുതിയ അതിഥിക്കായി ഒരിക്കൽ കൂടി നാട്ടിലെത്തണമെന്ന് മോഹിച്ച് സൗദിക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിത വിധി. ദാരുണാന്ത്യത്തെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹവും മാറ്റിവച്ചു. ഇന്നലെ വൈകിട്ട് നാലിന് ഖാദിരിയ്യ മദ്രസ കോമ്പൗണ്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് രാത്രിയോടെ മൂവരുടെയും കബറടക്കം നടന്നത്. കല്യാണത്തലേന്നത്തെ ആഘോഷ പരിപാടികൾക്ക് ശേഷം സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുനീറിന് യാത്രാമദ്ധ്യേ ഫോൺ വന്നതിനെ തുടർന്ന് ബുള്ളറ്റ് റോഡരികിലേക്ക് ഒതുക്കി നിറുത്തി സംസാരിക്കുകയായിരുന്നു. ഈ സമയത്താണ് അമിതവേഗത്തിലെത്തിയ മദ്യപസംഘത്തിന്റെ കാർ നിയന്ത്രണം വിട്ട് ഇവർക്കുനേരെ പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് പൂർണമായും തകർന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് മീറ്ററുകളോളം കാർ മുന്നോട്ടുപോയി. റോഡരികിലെ മതിലിനപ്പുറത്തെ പറമ്പിലേക്കാണ് മൂവരുടെയും മൃതദേഹങ്ങൾ തെറിച്ചുവീണത്. മുനീറിന്റെ മൃതദേഹം അപകടസ്ഥലത്തുനിന്ന് 35 മീറ്ററോളം മാറിയാണ് കിടന്നത്. ഒരു നിമിഷം കൊണ്ട് കല്യാണവീട് കണ്ണീർക്കടലായി. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാടിൽ വിങ്ങിപ്പൊട്ടുകയാണ് ഒരു നാടും, ആ കല്യാണവീടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |