തൃശൂർ: ട്രാഫിക് വാരം, കർശന പൊലീസ് പരിശോധന, നിരീക്ഷണ ക്യാമറകൾ... എന്നിട്ടും സ്വകാര്യബസിന്റെ ഡോർ തുറന്നുതന്നെ. ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് ചാവക്കാട് തെക്കേ ബൈപ്പാസ് വളവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ രണ്ടരമാസം ഗർഭിണിയായ യുവതി റോഡിലേക്ക് തെറിച്ചുവീണതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നതോടെ ബസ് യാത്രക്കാരും നാട്ടുകാരും ഞെട്ടലിലാണ്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെയാണ് ചാവക്കാട്-കുന്നംകുളം റൂട്ടിലോടുന്ന 'പാലയൂർ' ബസിൽ നിന്ന് ഫാത്തിമ റോഡിലേക്ക് തെറിച്ചുവീണത്. കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം. റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം വൈകിട്ടോടെ വിട്ടയച്ചു.
പരിശോധനയുള്ളപ്പോൾ 'സുരക്ഷ'!
പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധനയ്ക്കിറങ്ങുമ്പോൾ മാത്രം ഡോർ അടച്ച് സർവീസ് നടത്തുകയും പിന്നീട് പഴയപടി തുടരുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിൽ. നഗരപ്രദേശങ്ങളിലെ പരിശോധനയും ക്യാമറകളും ഉള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ മാത്രം ഡോർ അടയ്ക്കുകയും നഗരം വിട്ടാൽ ഡോർ തുറന്നിട്ട് സർവീസ് നടത്തുകയുമാണ് പതിവ്. ചാവക്കാട്ടെ ബസ് ജീവനക്കാർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുകയാണ് ചാവക്കാട് പൊലീസ്.
ആദ്യമല്ല, സമാന അപകടം
ഡോർ അടയ്ക്കാതെ ഓടുന്ന ബസിൽ നിന്ന് യാത്രക്കാർ തെറിച്ചുവീഴുന്ന സംഭവം ജില്ലയിൽ ഇതാദ്യമല്ല. കഴിഞ്ഞ ആഗസ്റ്റിൽ പൂവത്തൂർ പൂച്ചാക്കുന്ന് വളവിൽ സമാന അപകടത്തിൽ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ബസിൽ കയറിയ ശേഷം സീറ്റിലേക്ക് നടക്കുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ടെടുപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വാതിലിലേക്ക് വീണ നളിനി (74)യാണ് മരിച്ചത്. കണ്ടക്ടർ പിടിച്ചുനിറുത്താൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.
വില്ലനായി മത്സരയോട്ടവും
വളവുകളിലും ജംഗ്ഷനുകളിലും വേഗം കുറയ്ക്കാതെയുള്ള യാത്രയും അപകടങ്ങൾക്ക് കാരണമാകുന്നു. ചെറിയ റൂട്ടുകളിൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടം കാരണം ഡോർ അടയ്ക്കുന്നതിന് മുമ്പുതന്നെ ബസ് മുന്നോട്ടെടുക്കുന്നതും അപകടസാധ്യത കൂട്ടുന്നു. മിക്ക ബസുകളിലും ഡ്രൈവറും കണ്ടക്ടറും മാത്രമുള്ളതിനാൽ ഡ്രൈവറുടെ നിയന്ത്രണത്തിലുള്ള ഹൈഡ്രോളിക് ഡോറുകളാണ് ഉപയോഗിക്കുന്നത്. അശ്രദ്ധയും അനാവശ്യ തിടുക്കവുമാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |