തൃശൂർ: വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ സിനിമ. ഞായറാഴ്ച ഹൗസ്ഫുൾ... ഓണത്തിനും വിഷുവിനും ക്രിസ്മസിനും കൊട്ടകയ്ക്ക് മുന്നിൽ നീളുന്ന ക്യൂ. ഒരുകാലത്ത് നാട്ടിൻപുറങ്ങളുടെ ആഘോഷമായിരുന്ന സിനിമാ കൊട്ടകകൾ ഇന്ന് ഓർമ്മകളിലേക്ക്. കാൽനൂറ്റാണ്ടിനിടെ തൃശൂർ ജില്ലയിലെ ഗ്രാമീണ മേഖലയിൽ നിന്ന് അപ്രത്യക്ഷമായത് നൂറിലേറെ സിനിമാ കൊട്ടകകളാണ്. 2000ഓടെ ജില്ലയിൽ 162 തിയറ്ററുകളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ അമ്പതിലേക്ക് ചുരുങ്ങി. പഴയ തിയേറ്ററുകളിൽ പലതും പിന്നീട് ഓഡിറ്റോറിയങ്ങളായി. പുതിയ സാങ്കേതികവിദ്യകളും ആധുനിക പ്രദർശന സംവിധാനങ്ങളും എത്തിയതോടെയാണ് തിയേറ്ററുകൾ നഗരങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലെയും മാത്രമായി ഒതുങ്ങിയത്.
നൂറോളം ഓല കൊട്ടകകൾ
ഒരുകാലത്ത് നൂറോളം ഓല ടാക്കീസുകളായിരുന്നു ഉണ്ടായിരുന്നത്. ഓണം, വിഷു, ക്രിസ്മസ്, പ്രാദേശിക ഉത്സവങ്ങൾ തുടങ്ങിയ വിശേഷ ദിവസങ്ങളിലായിരുന്നു പ്രധാനമായും തിരക്ക്. ആദ്യകാലത്ത് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരുന്നു പ്രദർശനം. പിന്നീട് എല്ലാ ദിവസവുമായി. തുടർന്ന് നൂൺഷോയും മോണിംഗ് ഷോയും എത്തിയതോടെ കൊട്ടകകൾ കൂടുതൽ സജീവമായി. റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞായിരുന്നു ഓല ടാക്കീസുകളിലേക്ക് സിനിമകൾ എത്തിയിരുന്നത്. ആദ്യഘട്ടത്തിൽ തൃശൂർ, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായിരുന്നു റിലീസ്. പിന്നീട് കുന്നംകുളം, ഇരിങ്ങാലക്കുട, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് റിലീസ് വ്യാപിച്ചു. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ റിലീസ് സമ്പ്രദായത്തിൽ മാറ്റം വരുത്തിയതോടെ ഗ്രാമീണ തിയേറ്ററുകൾക്ക് പിടിച്ചുനിൽക്കാനാകാതെയാണ് അടച്ചുപൂട്ടിയതെന്ന് പഴയ തിയേറ്റർ ഉടമകൾ പറയുന്നു.
രണ്ടായിരം കാലഘട്ടത്തിലെ തിയേറ്ററുകൾ
എ.സി റിലീസിംഗ് - 9
നോൺ എ.സി റിലീസിംഗ് - 7
മിനി നോൺ എ.സി - 1
കെട്ടിടമുള്ള റിലീസിംഗ് തിയേറ്റർ
( പഞ്ചായത്ത്) - 2
കെട്ടിടമുള്ള നോൺ റിലീസിംഗ് തിയേറ്റർ
( പഞ്ചായത്ത്, മുനിസിപ്പാലിറ്റി) - 8
കെട്ടിടമുള്ള തിയേറ്റർ - 14
ഓല തിയേറ്റർ - 94
ആകെ - 162
ആധുനിക സംവിധാനങ്ങളുടെ വരവോടെ ഗ്രാമീണ തിയേറ്ററുകൾ പൂട്ടേണ്ടി വന്നു. അഞ്ചു പതിറ്റാണ്ടിലേറെ നടത്തിയ തിയറ്ററുകളാണ് പൂട്ടിയത്
മോഹനൻ കൊടകര(മുൻ തിയേറ്ററുടമ, തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |