തൃശൂർ: കാലാവസ്ഥ വ്യതിയാനവും മഴക്കുറവും മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കിയതോടെ തീരത്തെ പതിനായിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ. 60 മുതൽ 70 ശതമാനം വരെ മത്സ്യലഭ്യത കുറഞ്ഞതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. അഴീക്കോട്, മുനമ്പം ഹാർബറുകൾക്കു പുറമെ കയ്പമംഗലം, കൂരിക്കുഴി, നാട്ടിക, വാടാനപ്പിള്ളി, വലപ്പാട് തുടങ്ങിയ ലാൻഡിംഗ് കേന്ദ്രങ്ങളെയും പ്രതിസന്ധിലാണ്. വർഷകാലത്തിന് ശേഷമുള്ള ചിങ്ങം, കന്നി മാസങ്ങളിൽ പരമ്പരാഗത വള്ളക്കാർക്കും ചൂണ്ടക്കാർക്കും സാധാരണയായി ലഭിക്കുന്ന ചാള, അയല, ചൂരക്കണ്ണി, കേര തുടങ്ങിയ മത്സ്യങ്ങൾ ഇത്തവണ കുറവാണ്. ബോട്ടുകൾക്ക് ലഭിച്ചിരുന്ന കരിക്കാടി, കണവ തുടങ്ങിയവയ്ക്കും ക്ഷാമമുണ്ട്. മീൻ കുറഞ്ഞതോടെ ബോട്ടുകളുടെ അറ്റകുറ്റപ്പണിയും വായ്പാ തിരിച്ചടവും മുടങ്ങുന്ന സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു.
കരകയറുന്ന പ്രതിസന്ധി
മഴയുടെ കുറവും കാലവർഷം കൃത്യസമയത്ത് ലഭിക്കാത്തതും കടലിന്റെ സ്വാഭാവിക സന്തുലിതാവസ്ഥയെ തകിടം മറിക്കുകയാണ്. എൽനിനോ പ്രതിഭാസത്തെ തുടർന്ന് വരും മാസങ്ങളിലും ചൂട് കൂടും. ഇതോടെ മത്സ്യലഭ്യത ഇനിയും കുറയും. മത്സ്യഫെഡ് വഴിയുള്ള വായ്പകളും ആനുകൂല്യങ്ങളും മുടങ്ങിയതോടെ, ഉയർന്ന പലിശ ഈടാക്കുന്ന സ്വകാര്യ വ്യക്തികളെയും ഇടനിലക്കാരെയുമാണ് തൊഴിലാളികൾ നിലവിൽ ആശ്രയിക്കുന്നത്.
പ്രശ്‌നം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിമാരുമായും സംഘടനകൾ പലതവണ ചർച്ച നടത്തിയെങ്കിലും ഭാവി മുന്നിൽക്കണ്ടുള്ള സ്ഥിരം പരിഹാരമാണ് തൊഴിലാളികളുടെ ആവശ്യം. സൊസൈറ്റികൾക്കും മത്സ്യത്തൊഴിലാളികൾക്കും അടിയന്തരമായി ഫണ്ട് അനുവദിച്ച് സഹായിക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. അനുബന്ധ തൊഴിലാളികളും കടുത്ത ആശങ്കയിലാണ്.
സജീവമായി 'ഡബിൾ നെറ്റ്'
അനധികൃത മത്സ്യബന്ധനവും പ്രതിസന്ധി രൂക്ഷമാക്കുന്നതായി തൊഴിലാളികൾ ആരോപിക്കുന്നു. വലിയ ബോട്ടുകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലെയും മേൽത്തട്ടിലെയും മത്സ്യങ്ങളെ വാരിയെടുക്കുന്ന 'ഡബിൾ നെറ്റ്' സമ്പ്രദായം ആഴക്കടലിൽ സജീവമാണ്. ചെറിയ മത്സ്യങ്ങളെപ്പോലും നശിപ്പിക്കുന്ന ഇത്തരം മത്സ്യബന്ധനം മറൈൻ എൻഫോഴ്‌സ്‌മെന്റ് പിടികൂടി പിഴയടപ്പിച്ചാലും പിന്നീട് വീണ്ടും തുടരുകയാണ്. ജൂൺ-ജൂലായ് മാസങ്ങളിലെ ട്രോളിംഗ് നിരോധനം ഏപ്രിൽ-മേയിലേക്ക് മാറ്റണമെന്നും ആവശ്യം ഉയരുന്നുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റാൻ സർക്കാർ ഇടപെടലുകളിലൂടെയേ കഴിയൂ. പ്രായോഗികമായ അടിയന്തര പാക്കേജുകളോ നിയമനടപടികളോ ഉടൻ നടപ്പാക്കണം.
ഇ.കെ. ദാസൻ,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |