SignIn
Kerala Kaumudi Online
Friday, 18 September 2026 5.52 AM IST

യൂണിഫോം മാറി, ദൗത്യം മാറി...: പുതുച്ചേരി ഫയർ ഫോഴ്‌സിന് കരുത്തായി 51കാരൻ

pic
ആർ. വിജയകുമാർ, ജി. വിശ്വനാഥൻ എന്നിവരോടൊപ്പം കോതണ്ടരാമൻ (മദ്ധ്യത്തിൽ)

തൃശൂർ: യൂണിഫോം മാറി, ദൗത്യം മാറി... 21കാരുടെ ആവേശത്തിനൊപ്പം 51കാരന്റെ പോരാട്ടവീര്യവും. ആർമി മെഡിക്കൽ കോർപ്‌സിലെ 24 വർഷത്തെ സേവനത്തിനുശേഷം 51ാം വയസ്സിലാണ് പുതുച്ചേരിയിലെ കോതണ്ടരാമൻ ഫയർഫോഴ്‌സ് പരിശീലനത്തിന് ഇറങ്ങിയത്. പ്രായത്തെ പിന്നിലാക്കി ഒമ്പതുമാസത്തെ പരിശീലനത്തിനുശേഷം പാസിംഗ് ഔട്ടും പൂർത്തിയാക്കി. 48വയസുകാരനായ ആർ. വിജയകുമാർ, 45കാരനായ ജി. വിശ്വനാഥൻ എന്നിവരും പുതുച്ചേരിയിൽ നിന്നും തൃശൂരിലെ കേരള പൊലീസ് അക്കാഡമിയിൽ പരിശീലനത്തിനെത്തിയ 51 അംഗ സംഘത്തിലുണ്ട്. സൈനിക ജീവിതം കഠിനമായിരുന്നുവെങ്കിലും, ആധുനിക സങ്കേതങ്ങൾ നിറഞ്ഞ ഫയർ ഫോഴ്‌സ് പരിശീലനം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് കോതണ്ടരാമൻ കേരളകൗമുദിയോട് പറഞ്ഞു. 21 മുതൽ 30 വയസ്സുവരെയുള്ള യുവാക്കൾക്കൊപ്പമായിരുന്നു സ്‌കൂബ ഡൈവിംഗ്,മൗണ്ടനീറിംഗ്, അത്യാധുനിക തീപിടിത്തം പ്രതിരോധിക്കാനുള്ള മുറകൾ എന്നിവ പരിശീലിച്ചത്. പാസിംഗ് ഔട്ടിന് ശേഷം 23ന് കോതണ്ടരാമനും സംഘവും പുതുച്ചേരിയിലേക്ക് മടങ്ങും. ഭാര്യ സത്യപ്രിയയും മക്കളായ ദിനേശും (രണ്ടാം വർഷ വെറ്ററിനറി കോഴ്‌സ്), ധരണിയും (ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥിനി) അടങ്ങുന്ന കുടുംബത്തിന്റെ പൂർണ പിന്തുണയും ഒപ്പമുണ്ടെന്ന് കോതണ്ടരാമൻ പറയുന്നു.
പുതുച്ചേരി ഫയർഫോഴ്‌സിൽ ഒമ്പത് വർഷത്തെ സേവനം പൂർത്തിയാക്കി അഭിമാനത്തോടെ വിരമിക്കണമെന്നാണ് ആഗ്രഹം. 'മനസിൽ തീപ്പൊരിയുണ്ടെങ്കിൽ ഏത് അഗ്‌നിയെയും കീഴടക്കാം.' കോതണ്ടരാമന്റെ വാക്കുകളിൽ പുതിയൊരു ദൗത്യത്തിലേക്കുള്ള ആത്മവിശ്വാസവുമുണ്ട്.


തലയെടുപ്പോടെ അക്കാഡമി


2022 മുതൽ ദേശീയ ഫയർ സർവീസ് കോളേജിന്റെ അഫിലിയേഷൻ ലഭിച്ച വിയ്യൂരിലെ കേരള ഫയർഫോഴ്‌സ് അക്കാഡമി പ്രധാന കോഴ്‌സുകൾ നടത്തുന്ന രാജ്യത്തെ തന്നെ പ്രധാന സ്ഥാപനമാണ്. ദേശീയ തലത്തിലുള്ള ഒട്ടേറെ കോഴ്‌സുകളും കൂടാതെ ബേസിക് ഓഫീസ് കോഴ്‌സ്, സബ് ഓഫീസ് കോഴ്‌സ് എന്നിവയും ഇവിടെ നടക്കുന്നു. സ്‌കൂബ പരിശീലനം, മൗണ്ടെയ്ൻ റെസ്‌ക്യൂ പരിശീലനം, അഗ്‌നിക്കകത്തേക്ക് പി.പി.ഇ കിറ്റ് ധരിച്ചുള്ള പരിശീലനം, പരേഡ് എന്നിവയെല്ലാം പ്രത്യേകതയാണ്. ഐ.എസ്.ആർ.ഒ, ബംഗളൂരു യു.ആർ. റാവു സ്‌പേസ് സെന്റർ, ലക്ഷദ്വീപ് തുടങ്ങിയിടത്ത് നിന്നെല്ലാം പരിശീലനത്തിനായി ഇവിടേക്ക് എത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL