
തൃശൂർ: മേളപ്പെരുക്കത്തിന്റെയും പൂരപ്പൊലിമയുടെയും ആരവങ്ങളിലേക്ക് തൃശൂർ വീണ്ടും ഉണരുന്നു. മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽനിന്ന് ഉത്സവക്കാലത്തിന് കേളികൊട്ടുയർന്നു. ഇനി മേയ് പകുതിവരെ നാടും നഗരവും ഉത്സവലഹരിയിലാകും. ഇന് വാദ്യകലാകാരന്മാർക്കും ആന ഉടമകൾക്കും ഉത്സവപ്പറമ്പിലെ കച്ചവടക്കാർക്കും കലാകാരന്മാർക്കും ഒരുപോലെ തിരക്കിന്റെ കാലമാണ്.
തിരുവില്വാമലയിൽ തുടങ്ങി തിരുവില്വാമലയിലെ പറക്കോട്ടുകാവിൽ അവസാനിക്കുന്ന ഉത്സവസീസൺ നിരവധി മേഖലകൾക്ക് ഉണർവേകും. നിറമാല കഴിഞ്ഞെങ്കിലും അടുത്ത മാസം ആദ്യം നടക്കുന്ന നവരാത്രി ആഘോഷങ്ങളോടെയാണ് സീസൺ സജീവമാകുന്നത്. പള്ളികളിലെ പെരുന്നാളുകൾക്കും തുടക്കമായി.
വിശ്രമമില്ലാത്ത നാളുകൾ
വാദ്യകലാകാരന്മാർ പുതിയ വാദ്യവിസ്മയത്തിന് തയ്യാറെടുക്കുകയാണ്. ചെറുതും വലുതുമായ ആയിരക്കണക്കിന് ഉത്സവങ്ങളാണ് ജില്ലയിലുള്ളത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കൂടുതൽ ആഘോഷങ്ങൾ. തൃപ്രയാർ ഏകാദശി, ഗുരുവായൂർ ഏകാദശി, കീഴൂർ പൂരം, ധനുമാസത്തിലെ പൂയ്യം, കൂർക്കഞ്ചേരി പൂയ്യം, കുംഭ ഭരണിനാളിലെ പതിനെട്ടരക്കാവ് വേല, മഹാശിവരാത്രി, ഉത്രാളിക്കാവ് വേല, മച്ചാട് മാമാങ്കം, ആറാട്ടുപുഴ പൂരം, തൃശൂർ പൂരം, അന്തിമഹാകാളൻകാവ് വേല, കൂടൽമാണിക്യം ഉത്സവം, അടുപ്പുട്ടി പെരുന്നാൾ, ചാലക്കുടി അമ്പുപെരുന്നാൾ, ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ, കൊരട്ടി മുത്തിയുടെ തിരുനാൾ, മണത്തല പെരുന്നാൾ എന്നിവയാണ് പ്രധാന ആഘോഷങ്ങൾ.
കലാകാരന്മാർക്ക് ആശ്വാസം
രാത്രി പത്തുമണിക്ക് ശേഷം മൈക്ക് ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധന നീക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തോടെ കലാകാരന്മാർക്ക് ആശ്വാസമായി. നിയന്ത്രണം മൂലം ഒന്നും രണ്ടും വേദികളിൽ ഒരേ ദിവസം പരിപാടി അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല.
ഉടുക്കുവാദ്യം
കൊല്ലത്തിൽ മൂന്ന് മാസം മാത്രം അവസരം ലഭിക്കുന്ന കലാകാരന്മാരാണ് ഉടുക്കുവാദ്യക്കാർ. മണ്ഡലകാലം പിറക്കുന്ന വൃശ്ചികം മുതൽ മകരവിളക്ക് കാലഘട്ടം വരെ നീളുന്ന സീസണിൽ ദേശവിളക്കുകളും ശാസ്താംപാട്ടുകളും മുഖരിതമാകും.
ഒഴിയാതെ നാട്ടാന ക്ഷാമം
ആസമിന് ശേഷം ഏറ്റവും കൂടുതൽ നാട്ടാനകളുള്ളത് കേരളത്തിലാണ്. എന്നാൽ വർഷം ചെല്ലുംതോറും നാട്ടാനകളുടെ എണ്ണം കുറഞ്ഞുവരുന്നത് ആന എഴുന്നള്ളിപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 2018ൽ വനംവകുപ്പിന്റെ കണക്കനുസരിച്ച് 521 നാട്ടാനകളുണ്ടായിരുന്നെങ്കിൽ 2026ൽ ഇത് ഏകദേശം 320 ആയി ചുരുങ്ങി. അന്യസംസ്ഥാനങ്ങളിൽനിന്ന് ആനകളെ കൊണ്ടുവരുന്നതിനുള്ള തടസ്സങ്ങളും ആശങ്കയുയർത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |