SignIn
Kerala Kaumudi Online
Sunday, 20 September 2026 3.42 AM IST

ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ 2.07 ലക്ഷം തൊഴിലാളികൾ; പെൻഷൻ 20,846 പേർക്ക്

തൃശൂർ: സംസ്ഥാനത്ത് കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽ രജിസ്റ്റർ ചെയ്ത 2,07,462 തൊഴിലാളികളിൽ പെൻഷൻ ലഭിക്കുന്നത് 20,846 പേർക്ക്. അൺഅറ്റാച്ച്ഡ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത 1,23,797 തൊഴിലാളികളാണ് ബോർഡിലെ ഏറ്റവും വലിയ വിഭാഗം. ഇവരിൽ 15,638 പേർ സൂപ്പർ ആനുവേഷൻ പെൻഷൻ കൈപ്പറ്റുന്നുണ്ട്. സ്‌കാറ്റേർഡ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത 83,320 പേരിൽ 9,231 പേർ മാത്രമാണ് നിലവിൽ അംഗത്വം നിലനിറത്തുന്നത്. ഇതിൽ 5,204 പേർ സൂപ്പർ ആനുവേഷൻ പെൻഷനും നാലുപേർ അവശതാ പെൻഷനും കൈപ്പറ്റുന്നുണ്ട്. അറ്റാച്ച്ഡ് വിഭാഗത്തിൽ 345 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ 75 പേർ മാത്രമാണ് അംഗത്വം നിലനിർത്തുന്നത്. ഈ വിഭാഗത്തിൽ നിലവിൽ പെൻഷൻ ഗുണഭോക്താക്കളില്ല.ബോർഡിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് പെൻഷൻ വിതരണം ചെയ്യുന്നത്. സേവനദൈർഘ്യവും വേതനവും കണക്കാക്കി അൺഅറ്റാച്ച്ഡ് വിഭാഗത്തിന് പ്രതിമാസം 2,000 മുതൽ 12,500 രൂപ വരെയാണ് പെൻഷൻ. സ്‌കാറ്റേർഡ് വിഭാഗത്തിന് 2,000 രൂപയാണ് പ്രതിമാസ പെൻഷൻ. സ്‌കാറ്റേർഡ്, അറ്റാച്ച്ഡ് വിഭാഗങ്ങളിലെ തൊഴിലാളികൾ യഥാക്രമം 100 രൂപയും 25 രൂപയുമാണ് പ്രതിമാസ അംശാദായമായി അടയ്ക്കുന്നത്.


കുടിശ്ശികയില്ലെന്ന് ബോർഡ്

പെൻഷൻ വിതരണത്തിലും മറ്റ് ആനുകൂല്യങ്ങളിലും യാതൊരുവിധ കുടിശ്ശികയുമില്ലെന്ന് ബോർഡ് വ്യക്തമാക്കി. എല്ലാ മാസവും കൃത്യമായി തുക വിതരണം ചെയ്യുന്നുണ്ടെന്നും അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നുണ്ടെന്നും ബോർഡ് അറിയിച്ചു.

മരണാനന്തര ധനസഹായം, അവശതാ പെൻഷൻ, വിദ്യാഭ്യാസം, വിവാഹം, ചികിത്സ എന്നിവയ്ക്കും ആനുകൂല്യങ്ങളുണ്ട്. അൺഅറ്റാച്ച്ഡ് വിഭാഗത്തിന് മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റായി പ്രതിവർഷം 30,000 രൂപയും പ്രത്യേക ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയും ഗുരുതര രോഗങ്ങൾക്ക് രണ്ടുലക്ഷം രൂപ വരെയും അനുവദിക്കും. അസൽ ആധാരം ഈടായി വാങ്ങി പുതിയ വീട് നിർമ്മിക്കുന്നതിന് 15 ലക്ഷം രൂപയും അറ്റകുറ്റപ്പണികൾക്ക് അഞ്ച് ലക്ഷം രൂപയും ഭവനവായ്പയായും അനുവദിക്കുന്നുണ്ട്. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നുണ്ടെന്നും ബോർഡ് അറിയിച്ചു.

വിഭാഗങ്ങൾ

അൺഅറ്റാച്ച്ഡ്: പ്രത്യേക വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കീഴിൽ സ്ഥിരമായി ജോലി ചെയ്യാതെ ഒരു പ്രദേശത്തോ ചന്തകളിലോ പൊതുസ്ഥലങ്ങളിലോ ചുമട്ടുജോലി ചെയ്യുന്നവർ.


അറ്റാച്ച്ഡ്: ഒരു സ്ഥാപനത്തിലോ കടയിലോ കമ്പനിയിലോ ഗോഡൗണിലോ മാത്രം സ്ഥിരമായി ചുമട്ടുജോലി ചെയ്യുന്നവർ.


സ്‌കാറ്റേർഡ്: പ്രത്യേക പൂളിന്റെ ഭാഗമല്ലാത്തവരും ഏതെങ്കിലും സ്ഥാപനത്തിലോ ഉടമയുടെ കീഴിലോ സ്ഥിരമായി ജോലി ചെയ്യാത്തവരുമായ ചുമട്ടുതൊഴിലാളികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL