
കാട്ടാനകൾ കുലുക്കിയിട്ടും അധികൃതർക്ക് കുലുക്കമില്ല
വടക്കാഞ്ചേരി: അകമലയെ കുത്തിക്കുലുക്കി കാട്ടാനക്കൂട്ടം. ആനകൾ ഇറങ്ങാത്ത ദിനമില്ല. ഏക്കർ കണക്കിന് കൃഷിയിടം തരിശായി. എന്നിട്ടും അഞ്ച് വർഷം മുമ്പ് അടച്ച് പൂട്ടിയ അകമല ഫോറസ്റ്റ് സ്റ്റേഷൻ തുറക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണ്. മുൻ സർക്കാരിന്റെ കാലത്ത് തൃശൂർ ഡിവിഷന്റെ കീഴിലുള്ള ഫോറസ്റ്റ് സ്റ്റേഷൻ പുന:സ്ഥാപിക്കുന്നതിന് മന്ത്രി തല ചർച്ചയിൽ തീരുമാനമെടുത്തിരുന്നുവെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. തൃശൂർ-പീച്ചി ഫോറസ്റ്റ് ഡിവിഷനുകൾ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2021 ഏപ്രിൽ 18ന് അകമല സ്റ്റേഷൻ അടച്ച് പൂട്ടി 18ജീവനക്കാരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചത്. ഇതോടൊപ്പം പൂങ്ങോട് സ്റ്റേഷനും നിറുത്തലാക്കിയിരുന്നെങ്കിലും പിന്നീട് പുന:സ്ഥാപിച്ചു. ജൈവ വൈവിദ്ധ്യങ്ങൾ ഉൾകൊള്ളുന്ന അകമല സ്റ്റേഷൻ പരിധിയിൽ ചന്ദന മരങ്ങൾ ധാരാളമുണ്ട്. പീച്ചി വാഴാനി വന്യജീവി സങ്കേതത്തോട് തൊട്ടു കിടക്കുന്നു. 3 ഹെക്ടർ കി.മീറ്ററാണ് വിസ്തൃതി. കാട്ടാനകൾ സസുഖം വിഹരിക്കുമ്പോഴും പ്രതിരോധത്തിന് കരുത്താകുന്ന അകമല സ്‌റ്റേഷനിൽ വരെ ആനകളെത്തി മതിൽ കുത്തിമറിച്ചു. മുൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ മുൻമന്ത്രി കെ.രാധാകൃഷ്ണന് അകമല സ്റ്റേഷൻ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. രണ്ട് വർഷം മുമ്പ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിവേദനം നൽകുകയും ചെയ്തിരുന്നു. പിന്നീടൊന്നും സംഭവിച്ചില്ല. പുതിയ സർക്കാരിന്റെ നിലപാട് എന്തെന്നറിയാൻ കാത്തിരിക്കുകയാണ് ജനം.
നാല് പുതിയ സ്‌റ്റേഷനുകൾ
പീച്ചി ഡിവിഷനിൽ ചിമ്മിനി, കവല, പീച്ചി, വാണിയംപാറ എന്നീ നാല് ഫോറസ്റ്റ് സ്റ്റേഷനുകൾ പുതിയതായി ആരംഭിച്ചതോടെ അകമല വിസ്മൃതിയിലേക്ക് മറഞ്ഞു. നടപടിക്കെതിരെ വനം വകുപ്പ് ജീവനക്കാരും ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടും ആരും ഇവരുടെ പ്രതിഷേധം കാണാനോ ആവശ്യങ്ങൾ അംഗീകരിക്കാനോ തയ്യാറായില്ല. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ തീരുമാനത്തെ ചെറുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അവരുടെ ശബ്ദവും പിന്നീട് ഉയർന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |