SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.58 AM IST

അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ വ്യാപാരികൾ

 തൊടുപുഴയിൽ പ്രതിഷേധ മാർച്ച് നാളെ

തൊടുപുഴ: നഗരങ്ങളിലെ അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ പ്രത്യക്ഷ സമരവുമായി വ്യാപാരികൾ. വർദ്ധിച്ചുവരുന്ന അനധികൃത വഴിയോരക്കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്നും സ്ഥിരം വ്യാപാരികളുടെ ഉപജീവന താത്പര്യങ്ങൾ സംരക്ഷിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. വൻ തുക അഡ്വാൻസും വാടകയും നൽകി വിവിധ ലൈസൻസുകളും നേടി സ്ഥാപനങ്ങൾ നടത്തുന്ന വ്യാപാരികൾക്ക് വലിയ പ്രതിസന്ധിയാണ് യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുന്ന വഴിയോരക്കച്ചവടങ്ങൾ സൃഷ്ടിക്കുന്നത്. നഗരങ്ങളിലെ ഗതാഗത തടസങ്ങൾക്കും കാൽനടയാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുന്നതിനും ഇത് കാരണമാകുന്നുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ വിൽക്കുന്നതും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും അവർ ആരോപിച്ചു. ഈ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തൊടുപുഴ മുനിസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 11ന് തൊടുപുഴ നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന സമരം ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ ട്രഷറർ ആർ. രമേശ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ തങ്കച്ചൻ കോട്ടയ്ക്കകം, പി.എസ്. മോഹൻദാസ്, ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദ്, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി.എ. സലിം കുട്ടി എന്നിവർ പങ്കെടുത്തു.

പ്രധാന ആവശ്യങ്ങൾ

 വഴിയോരക്കച്ചവടക്കാരെ പ്രത്യേക മേഖല തിരിച്ച് മാറ്റിയിരുത്തുക

 ഇവർക്കും ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാക്കുക

 വാഹനങ്ങളിലും റോഡും നടപ്പാതയും കയ്യേറിയുമുള്ള കച്ചവടങ്ങൾ നിയന്ത്രിക്കുക

 തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലും നടപ്പാതകളിലും നോൺ വെൻഡിങ് സോണുകൾ പ്രഖ്യാപിക്കുക

 വഴിയോരക്കച്ചവടക്കാരുടെ ഔദ്യോഗിക സർവേ പ്രസിദ്ധീകരിക്കുക

 ടൗൺ വെൻഡിങ് കമ്മിറ്റിയിൽ വ്യാപാരി സംഘടനകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL