സൊസൈറ്റികൾ അടച്ചുപൂട്ടലിന്റെ വക്കിൽ
സുൽത്താൻ ബത്തേരി : വനവിഭവ ശേഖരത്തിലൂടെ തൊഴിലും സമ്പത്തും കണ്ടെത്തിവന്ന നൂറ്കണക്കിന് ഗോത്രവർഗക്കാരുടെ അന്നംമുട്ടിച്ച് വനം വകുപ്പിൻ്റെ കടത്ത് പാസ് നിഷേധം. തൊഴിലാളികൾക്ക് തൊഴിലും സമ്പത്തും നഷ്ടപ്പെടുമ്പോൾ ഇവ ശേഖരിച്ച് വരുന്ന സഹകരണ സംഘങ്ങൾക്ക് ഉണ്ടാവുന്നത് ലക്ഷങ്ങളുടെ നഷ്ടം. പല സംഘങ്ങളും നഷ്ടം സഹിച്ച് മുന്നോട്ട് പോകാൻ കഴിയാതെ ഗോത്രവർഗക്കാരിൽ നിന്ന് വനവിഭവങ്ങൾ ശേഖരിക്കുന്നത് നിർത്തിയിരിക്കുകയാണ്. ഗോത്രജനത പ്രധാനമായും സീസൺ അനുസരിച്ച് വനവിഭവങ്ങൾ ശേഖരിച്ച് പട്ടിക
വർഗക്കാർക്കായി രൂപീകരിച്ച സൊസൈറ്റിയിൽ നൽകിയാണ് ഉപജീവനം കഴിക്കുന്നത്. ഗോത്രവർഗക്കാരിൽ നിന്ന് വാങ്ങുന്ന ചുണ്ടയും കുറുന്തോട്ടിയും വൈദ്യശാലകൾക്കാണ് സൊസൈറ്റി നൽകുന്നത്. എന്നാൽ ഇത്തരം ഉത്പന്നങ്ങൾ കൊണ്ടുപോകാനുള്ള പാസ് വനം വകുപ്പ് നിഷേധിച്ചതോടെ കയറ്റി അയക്കാനാകാതെ സൊസൈറ്റി ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്.
ഒരു കിലോ പച്ചകുറുന്തോട്ടിയ്ക്ക് 20 രൂപയും ചുണ്ടയ്ക്ക് 17 രൂപയും വെച്ചാണ് സൊസൈറ്റി ശേഖരിക്കുന്നത്. കഴിഞ്ഞ വർഷം ഇത്തരത്തിൽ ശേഖരിച്ച 5000 കിലോ ഉണക്ക കുറുന്തോട്ടിയാണ് കയറ്റി വിടാൻ വനംവകുപ്പിൻ്റെ പാസ് കിട്ടാത്തതിനാൽ കല്ലൂരിലെ പട്ടികവർഗ സംഘത്തിൽ കെട്ടിക്കിടക്കുന്നത്. ഇത്തവണ ശേഖരിച്ച 30,000 കിലോ ഇവയ്ക്ക് പുറമെയാണ്. ഗോത്രജനതയിൽനിന്ന് വനവിഭവം ശേഖരിക്കുമ്പോൾ തന്നെ പണം നൽകുന്നതിനാൽ സംഘം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
പട്ടികജാതി- വർഗ ഫെഡറേഷനാണ് വനവിഭവങ്ങൾ ശേഖരിക്കുന്നതിന് ഓരോ റെയിഞ്ചുകളും അനുവദിക്കുന്നത്. മുമ്പ് ഓരോ സംഘങ്ങൾക്കും വനവിഭവം ശേഖരിക്കാൻ റെയിഞ്ച് അനുവദിച്ചങ്കിലും ഇത്തവണ ആർക്കും അനുവദിച്ചിട്ടുമില്ല.നൂൽപ്പുഴ പഞ്ചായത്ത് വനാവകാശ കമ്മിറ്റികൾക്ക് പതിച്ച് നൽകിയതിനാൽ ഇവിടെ വന്ന് വനവിഭവം ശേഖരിക്കാനും കഴിയില്ല.
വന്യജീവി സങ്കേതത്തിനകത്ത് നിന്നാണ് ചുണ്ടയും കുറുന്തോട്ടിയും പറിക്കുന്നതെന്നാണ് വനംവകുപ്പിൻ്റെ ആരോപണം. അതെ സമയം വന്യജീവി സങ്കേതത്തിന് പുറത്ത് നിന്നാണ് ഇവ പറിക്കുന്നതെന്നാണ് ഗോത്രവാസികൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |