തൃശൂർ: കോർപറേഷൻ രൂപീകൃതമായിട്ട് ഇന്ന് 25 വർഷം. 26-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളും ഇന്ന് നടക്കും. രാവിലെ 8.30ന് കോർപ്പറേഷൻ ഓഫീസിൽ നിന്നും ആരംഭിക്കുന്ന ജന്മദിന റാലി മേയർ ഡോ. നിജി ജസ്റ്റിൻ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ മേയർമാരെ ആദരിക്കും. അന്താരാഷ്ട്ര വയോജനദിനാചരണവും ഇതോടനുബന്ധിച്ച് നടക്കും. രാവിലെ 10 മുതൽ വൈകീട്ട് 4വരെ നടക്കുന്ന ആഘോഷപരിപാടികൾ രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ ഡോ. നിജി ജസ്റ്റിൻ അദ്ധ്യക്ഷയാകും. ഡെപ്യൂട്ടി മേയർ എം. പ്രസാദ് മുഖ്യാതിഥിയാകും.
പത്ത് മേയർമാർ
കോർപറേഷൻ രൂപീകൃതമായ ശേഷം ആറ് തദ്ദേശ തിരഞ്ഞെടുപ്പുകളേ നടന്നിട്ടുള്ളൂവെങ്കിലും ഇതുവരെയുണ്ടായത് 10 മേയർമാർ. അഞ്ച് വീതം പുരുഷൻമാരും വനിതകളും. ഡോ. നിജി ജസ്റ്റിൻ പത്താമത് മേയറും അഞ്ചാമത് വനിതാ മേയറുമാണ്. ഡോ.ആർ. ബിന്ദുവും എം.കെ. വർഗീസും മാത്രമാണ് അഞ്ചുവർഷം തികച്ചത്. മറ്റുള്ളവർ ടേം വ്യവസ്ഥയിലായിരുന്നു. മൂന്ന് വീതംതവണ ഇടതും വലതും അധികാരത്തിലെത്തി. നിലവിൽ ഭരണം യു.ഡി.എഫിന്.
കോർപ്പറേഷനായതിങ്ങനെ
1921ലാണ് തൃശൂർ മുനിസിപ്പാലിറ്റി രൂപീകൃതമായത്. 1967ൽ കൊച്ചി കോർപ്പറേഷൻ രൂപീകരിച്ചതോടെ തൃശൂരിനെയും കോർപറേഷനാക്കണമെന്നാവശ്യമുണ്ടായി. 1998 ജൂലായ് 15ലെ പ്രത്യേക വിജ്ഞാപന പ്രകാരം തൃശൂർ മുനിസിപ്പാലിറ്റിയോടൊപ്പം അയ്യന്തോൾ, വിൽവട്ടം, ഒല്ലൂക്കര, കൂർക്കഞ്ചേരി, ഒല്ലൂർ പഞ്ചായത്തുകൾ പൂർണമായും നടത്തറ, കോലഴി പഞ്ചായത്തുകൾ ഭാഗികമായും കൂട്ടിച്ചേർത്ത് 2000 ഒക്ടോബർ ഒന്നിന് തൃശൂർ കോർപറേഷൻ രൂപീകരിച്ചു. കോൺഗ്രസ് നേതാവായ ജോസ് കാട്ടൂക്കാരനായിരുന്നു പ്രഥമ മേയർ.
മേയർമാർ
ആദ്യ കൗൺസിൽ (യു.ഡി.എഫ്)
ജോസ് കാട്ടൂക്കാരൻ (2000-2004)
കെ. രാധാകൃഷ്ണൻ (2004-2005)
രണ്ടാം കൗൺസിൽ (എൽ.ഡി.എഫ്)
ഡോ. ആർ. ബിന്ദു (2005-2010)
മൂന്നാം കൗൺസിൽ (യു.ഡി.എഫ്)
ഐ.പി. പോൾ (2010-2013)
രാജൻ ജെ. പല്ലൻ (2013-2015)
നാലാം കൗൺസിൽ (എൽ.ഡി.എഫ്)
അജിത ജയരാജൻ (2015-2018)
അജിത വിജയൻ (2018-2020)
അഞ്ചാം കൗൺസിൽ (എൽ.ഡി.എഫ്)
എം.കെ. വർഗീസ് (2020-2025)
ആറാം കൗൺസിൽ (യു.ഡി.എഫ്)
ഡോ. നിജി ജസ്റ്റിൻ (2025 തുടരുന്നു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |