SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.50 AM IST

ടോൾ പ്ലാസയിൽ തെരുവുയുദ്ധം, ജലപീരങ്കി,ലാത്തിച്ചാർജ്

photo

തൃപ്രയാർ: നാട്ടികയിൽ പണി പൂർത്തിയാകാതെ ടോൾ പിരിക്കുന്നതിനെതിരെ ടോൾ പ്ലാസയിലേക്ക് രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. ബാരിക്കേഡുകൾ മറിച്ചിട്ട് ടോൾ പ്ലാസയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ, ഡി.വൈ.എഫ്.ഐ നേതാവ് നിസാർ എന്നിവരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. നേതാക്കളടക്കമുള്ളവരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ടോൾ പിരിവ് പൂർണമായി നിറുത്തുന്നതുവരെ സമരം ശക്തമാക്കുമെന്ന് രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ചു. രാവിലെ പത്തോടെയാണ് ടോൾ പ്ലാസ ലക്ഷ്യമാക്കി പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ബൂത്തുകൾക്കു മുന്നിൽ പൊലീസ് തീർത്ത ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നേറാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയും ടോൾ പിരിവ് നിറുത്തണമെന്നാവശ്യപ്പെട്ടും കളക്ടർ ഉൾപ്പെടെയുള്ളവർ നിർദ്ദേശങ്ങൾ നൽകിയിട്ടും പിരിവ് തുടരുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

പണിതീരാത്ത ദേശീയപാത

ദേശീയപാത 66ലെ പ്രധാന റോഡുകൾ, പാലങ്ങൾ, അപ്രോച്ച് റോഡുകൾ, സർവീസ് റോഡുകൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് നാട്ടികയിൽ ടോൾ പിരിവ് ആരംഭിച്ചതാണ് പ്രതിഷേധത്തിന് കാരണം. ഒക്ടോബർ എട്ടിന് പിരിവ് തുടങ്ങിയതു മുതൽ പ്രദേശത്ത് ശക്തമായ ജനകീയ പ്രതിഷേധം തുടരുകയാണ്. പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് രണ്ടുതവണ പിരിവ് നിറുത്തിവച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് തിങ്കളാഴ്ച ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചെങ്കിലും യോഗത്തിന് മുൻപ് ടോൾ പിരിവ് ആരംഭിച്ചതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ പാർട്ടികൾ യോഗം ബഹിഷ്‌കരിച്ചു.

രാത്രിയിലും പ്രതിഷേധം

ടോൾ പിരിവിനെതിരെ തിങ്കളാഴ്ച രാത്രി എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് പന്തംകൊളുത്തി നൈറ്റ് മാർച്ച് നടത്തി. പൊലീസ് പ്ലാസയ്ക്കു മുന്നിൽ മാർച്ച് തടഞ്ഞു. തുടർന്നുള്ള പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് വൈശാഖ് അന്തിക്കാട് ഉദ്ഘാടനം ചെയ്തു.

ആഭ്യന്തരമന്ത്രിയും ജില്ലാ കളക്ടറും മറുപടി പറയണം: സി.പി.ഐ

നിർമ്മാണപ്രവൃത്തികൾ പൂർത്തിയാകും മുമ്പ് നിയമവിരുദ്ധമായി നടത്തുന്ന ടോൾക്കൊള്ളയ്ക്ക് കാവൽ നിൽക്കുന്നതിന് പൊലീസിനെ ഏർപ്പെടുത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ടോൾ പിരിവ് നിറുത്തിവയ്ക്കാൻ ജില്ലാ കളക്ടർ സവിശേഷാധികാരം പ്രയോഗിക്കണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ പറഞ്ഞു. ഇന്നലെ ടോൾ പ്ലാസയിലേക്ക് എൽ.ഡി.എഫ് സംഘടിപ്പിച്ച സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയുടെ പേരിൽ വിളിച്ചുവരുത്തി എൽ.ഡി.എഫ് നേതാക്കളെ അപമാനിച്ചു. ടോൾ പിരിവ് അവസാനിപ്പിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ടോൾ പ്ലാസ വളഞ്ഞ് യു.ഡി.എഫ്

തൃപ്രയാർ: ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെ ടോൾ പിരിവ് വീണ്ടും ആരംഭിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ ടോൾ പ്ലാസ ഉപരോധിച്ചു. ടോൾ പിരിവ് പൂർണ്ണമായും നിറുത്തലാക്കുന്നത് വരെ സന്ധിയില്ലാത്ത ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി ജനറൽ സെക്രട്ടറിയും സമരസമിതി ചെയർമാനുമായ ജോസ് വള്ളൂർ പറഞ്ഞു. ജനകീയ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സമരസമിതി കൺവീനർ ഹാറൂൺ റഷീദ് അദ്ധ്യക്ഷത വഹിച്ചു.


മുഖ്യമന്ത്രി ഇടപെടണം


പ്രശ്‌നത്തിൽ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദും വൈസ് പ്രസിഡന്റും സമരസമിതി കൺവീനറുമായ കെ.എ. ഹാറൂൺ റഷീദും ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം വിളിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ടോൾ പിരിവ് പൂർണമായി പിൻവലിക്കുന്നതുവരെ സമരം ശക്തമാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.


ഗതാഗതം വഴിതിരിച്ചുവിട്ടു

പ്രതിഷേധത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. ദീർഘദൂര സർവീസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി. തുടർന്ന് പൊലീസ് വാഹനങ്ങൾ ഇടറോഡുകളിലൂടെ തിരിച്ചുവിട്ടു. ടോൾ പിരിവ് പൂർണമായി പിൻവലിക്കുംവരെ സമരം ശക്തമായി തുടരാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം


കോൺഗ്രസും ബി.ജെ.പിയും ചേർന്ന് കോർപ്പറേറ്റ് മുതലാളിമാർക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ്. കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണ്.
വൈശാഖ് അന്തിക്കാട്
എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ്

പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദ്ദേശിച്ചിട്ടും ടോൾ പിരിവുമായി ദേശീയ പാത അതോറിറ്റി മുന്നോട്ടുപോവുകയാണ്. ജനങ്ങളുടെയും നേതാക്കളുടെയും കണ്ണിൽ പൊടിയിടുന്ന നടപടിയാണ് ചർച്ചാപ്രഹസനം വഴി കളക്ടർ സ്വീകരിച്ചത്.
കെ.ജി. ശിവാനന്ദൻ
സി.പി.ഐ ജില്ലാ സെക്രട്ടറി


വരുംദിവസങ്ങളിൽ സമരം കൂടുതൽ വ്യാപിപ്പിക്കും.പൊലീസിലെ ഒരു വിഭാഗം യു.ഡി.എഫ് നേതാക്കളെ മർദ്ദിക്കുകയാണ്. ഭരണകൂട ഭീകരതയ്ക്കും മർദ്ദനങ്ങൾക്കും ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താനാവില്ല.
ജോസ് വള്ളൂർ
കെ.പി.സി.സി ജനറൽ സെക്രട്ടറി
സമരസമിതി ചെയർമാൻ


നിർമ്മാണം പൂർത്തിയാകും മുൻപ് ടോൾ പിരിക്കാൻ അനുമതി നൽകിയത് കേന്ദ്ര സർക്കാരായതിനാൽ, മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തണം.
സി.എ. മുഹമ്മദ് റഷീദ്
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL