
തൃശൂർ: ടോൾ പിരിവ് തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവ് വന്നതോടെ നാട്ടിക സംഘർഷ ഭൂമിയാകും. ദേശീയപാതയിലെ നിർമ്മാണപ്രവൃത്തികൾ പൂർത്തിയാകുന്നത് വരെ ടോൾപിരിവ് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയതോടെ സമരം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് എൽ.ഡി.എഫും-യു.ഡി.എഫും. ബി.ജെ.പിയും സമരരംഗത്തുണ്ട്.
ഇന്നലെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ടോൾ പ്ലാസ പരിസരത്ത് മനുഷ്യചങ്ങല തീർത്തിരുന്നു. 2മണിക്കൂർ നേരം ടോൾ പ്ലാസ അടച്ചുകെട്ടിയായിരുന്നു സമരത്തെ തടഞ്ഞത്. നാട്ടികയിലെ നിർമ്മാണത്തിൽ 51കി.മീ. പ്രവൃത്തി പൂർത്തിയായെന്ന ദേശീയപാത അതോറിട്ടിയുടെ വാദം പരിഗണിച്ചാണ് സ്റ്റേ നൽകാതിരുന്നത്. ഇനി 9 കി.മീ. മാത്രമാണ് പൂർത്തിയാകാനുള്ളത്. വിജ്ഞാപനപ്രകാരം 51കി.മീ. ദൂരത്തിന് ടോൾ പിരിക്കാം. പ്രദേശവാസികൾക്ക് ടോളിൽ ഇളവുകളുണ്ടാകുമെന്ന് ദേശീയപാത അതോറിട്ടി കോടതിയെ അറിയിച്ചിരുന്നു. അവർ മാസം 360 രൂപ മാത്രം നൽകിയാൽ മതി. ടോൾപിരിവ് നിറുത്താനാകില്ലെന്നും ദേശീയപാത അതോറിട്ടി ഹൈക്കോടതിയിൽ വ്യക്തമാക്കി.
കളക്ടറുടെ റിപ്പോർട്ട് നിർണായകം
മൂന്നാഴ്ച് കഴിയുമ്പോൾ ഹൈക്കോടതി വീണ്ടും നാട്ടിക ടോൾ വിഷയം പരിഗണിക്കുമ്പോൾ ജില്ലാ കളക്ടറുടെ റിപ്പോർട്ട് നിർണായകമാകും. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ദേശീയ പാത നിർമ്മാണവുമായുള്ള പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തന്നെയായിരിക്കും ഹൈക്കോടതിയിലും സമർപ്പിക്കുക. 62 കി.മീറ്ററിനുള്ളിൽ 16 കിലോമീറ്റർ സർവീസ് റോഡില്ല, 21 കിലോമീറ്ററിൽ തെരുവു വിളക്കുകളില്ല, പണി തീരാതെ അഞ്ചു പാലങ്ങൾ, രണ്ടിടത്ത് നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നു എന്നിവ ചൂണ്ടിക്കാണിച്ചാണ് റിപ്പോർട്ട് സർക്കാരിന് നൽകിയിരിക്കുന്നത്.
ഇന്ന് മുതൽ രാപ്പകൽ സമരം
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ ടോൾ പ്ലാസ പരിസരത്ത് രാപ്പകൽ സമരം ആരംഭിക്കുമെന്ന് എൽ.ഡി.എഫ്. അനിശ്ചിതകാലമായുള്ള രാപ്പകൽ സമരമാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ പറഞ്ഞു. ജനകീയ വിഷയം മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് നിവേദനം
ടോൾ പിരിവ് നിറുത്തിവെക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഇടതുപക്ഷ എം.എൽ.എമാർ ഇന്നലെ മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി. എ.സി.മൊയ്തീൻ, കെ.രാജൻ, പ്രൊഫ.സി.രവീന്ദ്രനാഥ്, എൻ.കെ.അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ.വത്സരാജ്, കെ.കെ.രാമചന്ദ്രൻ, ഗീത ഗോപി, യു.ആർ.പ്രദീപ് എന്നിവരാണ് നിവേദനം നൽകിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുമെന്ന് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |