ചാലക്കുടി: പുഴയുടെ കുത്തൊഴുക്കിൽപ്പെട്ട് ഷട്ടറിനടിയിലൂടെ താഴേക്ക് ഒഴുകി, പാറയിടുക്കിൽ കുടുങ്ങി... ചുറ്റും മരണച്ചുഴി. രക്ഷപ്പെടുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങിയ നിമിഷത്തിൽ കാവലാളുകളായി അഗ്‌നിരക്ഷാസേനയെത്തി. അരമണിക്കൂറോളം നീണ്ട സാഹസിക ദൗത്യത്തിനൊടുവിൽ ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് തൊടുപുഴ പൂമല സ്വദേശി വഴിച്ചിനാലിക്കൽ വീട്ടിൽ ജോമോൻ (23). ഉദ്യോഗസ്ഥർ സമയത്തെത്തിയില്ലായിരുന്നെങ്കിൽ താൻ രക്ഷപ്പെടുമായിരുന്നില്ലെന്ന് ജോമോൻ പറയുന്നു.
ചൊവ്വാഴ്ച രാവിലെ 11.30ന് കൂടപ്പുഴ തടയണയിലായിരുന്നു സംഭവം. ജ്യേഷ്ഠൻ ജാൻ ജോർജിനും സുഹൃത്ത് ഋതുൽ സുനിൽകുമാറിനുമൊപ്പം തടയണയുടെ മുകളിൽ കുളിക്കാനിറങ്ങിയതായിരുന്നു ജോമോൻ. അതിരപ്പിള്ളി മേഖലയിൽ പെയ്ത കനത്ത മഴയും പൊരിങ്ങൽക്കുത്ത് ഡാമിലെ വൈദ്യുതി ഉത്പാദനവും കാരണം പുഴയിൽ പതിവിലധികം വെള്ളമുണ്ടായിരുന്നു. മറ്റുള്ളവർ വിലക്കിയെങ്കിലും ജോമോൻ പുഴയുടെ നടുവിലേക്ക് നീന്തി. പിന്നാലെ കുത്തൊഴുക്ക് യുവാവിനെ കീഴടക്കി. തടയണയുടെ ഷട്ടറിനടിയിലൂടെ താഴേക്ക് ഒഴുകിപ്പോയ ജോമോൻ പാറകൾക്കിടയിലെ ഇടുങ്ങിയ ഭാഗത്ത് കുടുങ്ങി. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയ്ക്കും രക്ഷാദൗത്യം എളുപ്പമായിരുന്നില്ല. എന്നാൽ അനുഭവസമ്പന്നരായ എ.വി. റെജുവും അനിൽ മോഹനും ആദ്യം പുഴയിലൂടെ നീന്തി ജോമോന് അരികിലെത്തി. തുടർന്ന് മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ശ്രമം. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ സുരക്ഷിതമായി കരയിലെത്തിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ എ.എസ്.ഒ പി.ബി. സുനിൽകുമാർ നേതൃത്വം നൽകിയ ദൗത്യത്തിലെ എസ്.വിജയകുമാർ,യു.ജിതേഷ്,കെ.സതീഷ്,കെ.ആർ. വിഷ്ണു,പി.അഖിൽ,ശ്യാം മോഹൻ,ഷൈനി ഡേവിസ് എന്നിവരാണ് മറ്റംഗങ്ങൾ.
മുന്നറിയിപ്പ് അവഗണിക്കരുത്
പരിചയമില്ലാത്ത ജലാശയങ്ങളിൽ പരിധിവിട്ടുള്ള കുളി ഒഴിവാക്കണം. നാട്ടുകാരാണെങ്കിലും തടയണയുടെ ഷട്ടറിനടുത്തേക്ക് നീന്തിപ്പോകരുത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തടയണയുടെ മുകളിലൂടെ നടക്കുന്നതും അപകടകരമാണ്. നീന്തൽ അറിയാത്തവർ തടയണയിലൂടെ നടക്കുന്നത് ജീവൻതന്നെ അപകടത്തിലാക്കുമെന്നും അഗ്‌നിരക്ഷാസേന മുന്നറിയിപ്പ് നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |