
തൃശൂർ: ശക്തമായ സ്വപ്നവും കഠിനാദ്ധ്വാനവുമാണ് വിജയത്തിലേക്കെത്തിച്ചതെന്ന് ഏഷ്യൻ ഗെയിംസ് ലോംഗ് ജംപ് സിൽവർ മെഡലിസ്റ്റ് ആൻസി സോജൻ. ജില്ലാ സ്പോർട്സ് കൗൺസിൽ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു. 'കായികരംഗത്തെ യാത്ര യാദൃശ്ചികമായിരുന്നു, കഠിനാദ്ധ്വാനവും മാതാപിതാക്കളുടെ പിന്തുണയുമാണ് ഈ നിലയിലെത്തിച്ചത്. 10വർഷത്തെ കഠിനാദ്ധ്വാനത്തിന് ശേഷമാണ് ആദ്യ അന്താരാഷ്ട്ര മെഡൽ ലഭിച്ചതെങ്കിലും തുടർന്ന് ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള വേദികളിൽ മെഡലുകൾ സ്വന്തമാക്കാനായി. 2വർഷത്തിനുള്ളിൽ 8അന്താരാഷ്ട്ര മെഡലുകൾ നേടാനായത് സംതൃപ്തി നൽകുന്നു'വെന്നും ആൻസി പറഞ്ഞു. വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ് അദ്ധ്യക്ഷനായി. ഐ.എം.വിജയൻ മുഖ്യാതിഥിയായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.ആർ.സാംബശിവൻ, എം.വി.പ്രശാന്ത്, പി.എ.ഹസൻ, കെ.ആർ.സുരേഷ്, പി.ടി.ഗിൽറ്റൺ, ചിത്ര ചന്ദ്രമോഹൻ, അഖിൽ അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.
ആൻസിയുടെ പിതാവ് സോജൻ, മാതാവ് ജാൻസി, സഹോദരങ്ങളായ ഡൊമിനിക്, അഞ്ജലി തുടങ്ങിയവരും കായിക താരങ്ങളും പരിശീലകരും പങ്കെടുത്തു.
ആൻസി സോജൻ സ്റ്റാൻഡ്
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ കിഴക്കെ ഗ്യാലറി ഇനിമുതൽ ആൻസി സോജൻ സ്റ്റാൻഡ്. ആൻസി സോജനെ അനുമോദിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് സി.സുമേഷാണ് നാമകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആൻസി സോജന്റെ തുടർപരിശീലനത്തിനും വരാനിരിക്കുന്ന ടൂർണമെന്റുകൾക്കായി തയ്യാറെടുക്കുന്നതിനുമായി ഒരു ലക്ഷം രൂപ പാരിതോഷികവും കൈമാറി.
ശക്തമായ ഒരു സ്വപ്നം ഉണ്ടെങ്കിൽ, എന്ത് പ്രതിസന്ധികൾ ഉണ്ടായാലും അതിനു പിന്നാലെ യാത്ര ചെയ്യണം. പരിശീലനവുമായി മുന്നോട്ട് പോകുമ്പോൾ വിമർശനങ്ങളും കടുത്ത സാഹചര്യങ്ങളുമുണ്ടാകും. ശരിയെന്ന് തോന്നുന്ന വഴിയിലൂടെ സഞ്ചരിച്ചാൽ വിജയം ഉറപ്പായും ലഭിക്കും. ചില നല്ല കാര്യങ്ങൾ സംഭവിക്കാൻ അൽപ്പം വൈകിയേക്കാം.
- ആൻസി സോജൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |