SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 AM IST

വിജയദശമിനാളിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

തൃശൂർ: അക്ഷരവെളിച്ചത്തിന്റെ പുതിയ ലോകത്തേക്ക് ആചാര്യൻ കൈവിരൽ പിടിച്ച് ഹരിശ്രീ കുറിച്ചപ്പോൾ കുരുന്നുകളിൽ ചിലർക്ക് കരച്ചിൽ, മറ്റു ചിലർക്ക് അൽപ്പം ഗൗരവം. ആദ്യം നാവിൽ ഹരിശ്രീ കുറിച്ചു, പിന്നീട് അരിമണികളിൽ അക്ഷരം കോറിയിട്ടു. വിജ്ഞാന ലോകത്തേക്ക് ചുവട് വച്ച കുരുന്നുകളുടെ കരച്ചിലും ചിരിയും മുഖരിതമായ അന്തരീക്ഷത്തിൽ ഇന്നലെ രാവിലെ ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും സരസ്വതീ മണ്ഡപങ്ങളിലും നടന്ന വിദ്യാരംഭച്ചടങ്ങുകൾ ഭക്തിസാന്ദ്രം.

വടക്കുന്നാഥ ക്ഷേത്രത്തിൽ
കീഴ്ശാന്തി വിനീത് ശങ്കരന്റെ നേതൃത്വത്തിലായിരുന്നു വടക്കുന്നാഥ ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ്. രാവിലെ ഏഴരയോടെ ആരംഭിച്ചു. നിരവധികുട്ടികൾ ആദ്യാക്ഷരം കുറിക്കാനെത്തി. നിരവധിപേർ പുസ്തകങ്ങൾ പൂജക്കായും സമർപ്പിച്ചിരുന്നു. വീണ, ഓടക്കുഴൽ എന്നിവയും പൂജയ്ക്ക് വച്ചു. വിദ്യാരംഭത്തിനുശേഷം സംഗീത ഉപകരണങ്ങൾ കുട്ടികൾ വായിച്ചു. വടക്കുന്നാഥ ക്ഷേത്രത്തിലെ വ്യാസശിലയിലും നിരവധി കുരുന്നുകൾ ഹരിശ്രീ കുറിച്ചു.


തിരുവുള്ളക്കാവിൽ
തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആയിരങ്ങൾ ആദ്യക്ഷരം കുറിച്ചു. ടി.വി. ശ്രീധരവാരിയരുടെ നേതൃത്വത്തിൽ അമ്പതോളം പേർ ആചാര്യന്മാരായി. എഴുത്തിനിരുത്താനും ദർശനത്തിനുമായി പുലർച്ചെ മുതൽ ക്ഷേത്രത്തിൽ ആളുകളെത്തിയിരുന്നു. പൊലീസ് ഉൾപ്പെടെ മൂന്നൂറോളം പേരാണ് സുരക്ഷ ഉറപ്പാക്കാൻ ഉണ്ടായിരുന്നത്. അപ്പം, പായസം, തിരുമധുരം, കദളിപ്പഴംഎന്നിവ വിതരണം ചെയ്തു.


തെക്കെമഠത്തിൽ

തെക്കെ സ്വാമിയാർ മഠത്തിൽ മഹാസാരസ്വഘൃതം വിതരണവും എഴുത്തിനിരുത്തും നടന്നു. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച വിദ്യാരംഭത്തിൽ അഡ്വ.പി.പരമേശ്വരൻ, കോതമംഗലം വാസുദേവൻ നമ്പൂതിരി, വടക്കുമ്പാട് നാരായണൻ, തിരുത്തുമുക്ക് പരമേശ്വരൻ നമ്പൂതിരി എന്നിവർ ആചാര്യന്മാരായി. തുടർന്ന് 8.30ന് മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിയുടെ നേതൃത്വത്തിലാണ് മഹാസാരസ്വതഘൃതം വിതരണം നടന്നത്. അക്ഷരശ്ലോകസദസ്, നൃത്തപരിപാടികൾ തുടങ്ങിയവയും അരങ്ങേറി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സുവർണമുദ്ര സമർപ്പണം, വാക്യാർത്ഥസദസ് എന്നിവയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL