
തൃശൂർ: ഗവ.മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിൽ നിന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വൈകുന്നത് മൂലം തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രമാദമായ കേസുകളിലെ അന്വേഷണത്തിന് മെല്ലെപ്പോക്ക്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ടൈപ്പ് ചെയ്യുന്ന ടൈപ്പിസ്റ്റിന്റെ അഭാവമാണ് കാരണം. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ വിവിധ കേസുകളിലെ 200ഓളം റിപ്പോർട്ടുകളാണ് ഇനി കൈമാറാനുള്ളത്. പോസ്റ്റുമോർട്ടം നടത്തിയശേഷം 72 മണിക്കൂറിനുള്ളിൽ (3ദിവസത്തിനകം) റിപ്പോർട്ട് കൈമാറിയാൽ മാത്രമേ ചില കേസുകളുടെ അന്വേഷണം സുഗമമാകൂ എന്നിരിക്കെ മാസങ്ങളോളം വൈകുന്നത് പൊലീസിനെ താളം തെറ്റിക്കുന്നുണ്ട്. ഒരുമാസം 150 മുതൽ 200 പോസ്റ്റുമോർട്ടം വരെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തപ്പെടുന്നത്. ഇതിനായി രണ്ട് പേരെങ്കിലും വേണമെന്നിരിക്കെയാണ് നിലവിലുണ്ടായിരുന്ന ടൈപ്പിസ്റ്റിനെ മെഡിക്കൽ കോളേജ് ഓഫീസിലേക്ക് മാറ്റിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് നാല് മുതൽ അഞ്ച് വരെ പേജുകൾ വരുന്നതാണ്. എന്നാൽ പ്രമാദമായ കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള ചില പോസ്റ്റുമോർട്ടം റിപ്പോർട്ട് പത്ത് പേജ് വരെ വന്നേക്കാം. കോടതിയിൽ സമർപ്പിക്കേണ്ട രേഖയായതിനാൽ സൂക്ഷ്മവും കൃത്യവുമായി ചില റിപ്പോർട്ടുകൾ തയ്യാറാക്കാൻ ഒരു ദിവസം തന്നെ വേണ്ടിവന്നേക്കും. തൃശൂർ ജില്ലയിലെ 45 പൊലീസ് സ്റ്റേഷനുകളിലും പാലക്കാട് ജില്ലയിലെ 39 സ്റ്റേഷനുകളിലും റിപ്പോർട്ട് ചെയ്യുന്ന കൊലപാതകം ഉൾപ്പെടെയുള്ള അസ്വഭാവിക മരണങ്ങളാണ് തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനെത്തുന്നത്.
സമയം കുറച്ചു, വെട്ടിലായത് പൊതുജനം
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം സമയം ദീർഘിപ്പിച്ചതും ഉദ്യോഗസ്ഥരില്ലാതായതിനെ തുടർന്ന് വേണ്ടെന്ന് വച്ചതോടെ വെട്ടിലായത് പൊതുജനങ്ങൾ. സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ മാത്രമാണ് പോസ്റ്റുമോർട്ടം നടക്കുന്നതെങ്കിലും തൃശൂരിൽ മാത്രം വൈകിട്ട് ഏഴുവരെ നടന്നിരുന്നു. പരേതരുടെ ബന്ധുക്കൾക്കും പൊതുജനങ്ങൾക്കും ഏറെ സൗകര്യപ്രദമായിരുന്നു ഇത്. ഒരു കോൺഫിഡൽഷ്യൽ അസിസ്റ്റന്റുണ്ടെങ്കിലും ജോലിഭാരമുണ്ടെന്നാണ് വിവരം. പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വൈകുന്നത് പൊലീസിനെ വലയ്ക്കുന്ന പോലെ തന്നെ ഇൻഷ്വറൻസ് ക്ലെയിം ഉൾപ്പെടെയുള്ള കാര്യങ്ങളെയും നിയമപരമായ ആവശ്യങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |