SignIn
Kerala Kaumudi Online
Sunday, 01 November 2026 5.59 AM IST

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: റിപ്പോർട്ട് ഈ ആഴ്ച

d


തൃശൂർ: തിരുവമ്പാടി ദേശത്തിനായി വെടിക്കെട്ട് ഒരുക്കിയിരുന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മീഷൻ ഈ ആഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.മന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് റിപ്പോർട്ട് കൈമാറുക. അപകടത്തിൽ ലൈസൻസി മുണ്ടത്തിക്കോട് സതീഷ് ഉൾപ്പെടെ 17പേരുടെ ജീവനാണ് നഷ്ടമായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ലൈസൻസി ഉൾപ്പെടെ മരണമടഞ്ഞ സാഹചര്യത്തിൽ ആർക്കെതിരെയും കുറ്റം ചുമത്താനുള്ള സാദ്ധ്യതയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പൊലീസ് അന്വേഷണത്തിന് പുറമേ റിട്ട.ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്.
അപകടസ്ഥലം സന്ദർശിച്ച കമ്മീഷൻ പരിക്കേറ്റവർ, പൊലീസ് ഉദ്യോഗസ്ഥർ, ദേവസ്വം ഭാരവാഹികൾ തുടങ്ങി നിരവധി പേരിൽനിന്ന് മൊഴിയെടുത്തു. ഏപ്രിൽ 21നായിരുന്നു നാടിനെ നടുക്കിയ അപകടം. അപകടത്തിന്റെ യഥാർത്ഥ കാരണം ഇനിയും പുറത്തുവന്നിട്ടില്ല. അതേസമയം, പൊലീസ് അന്വേഷണം പാതിവഴിയിൽ നിലച്ച മട്ടിലാണ്.


വെടിക്കെട്ട് ഒഴിവാക്കാനല്ല, സുരക്ഷ ഉറപ്പാക്കാൻ

നമ്മുടെ ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണ് വെടിക്കെട്ടെന്ന് പറഞ്ഞ കമ്മീഷൻ, അത് നിറുത്തലാക്കുന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലെന്നാണ് സൂചന. അപകടരഹിതമായി വെടിക്കെട്ട് നടത്താനുള്ള നിർദ്ദേശങ്ങൾക്കാണ് പ്രാധാന്യം. ഇതിനായി സാങ്കേതികവിദ്യ എത്രത്തോളം പ്രയോജനപ്പെടുത്താമെന്നതടക്കമുള്ള കാര്യങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനുശേഷം സംസ്ഥാനത്ത് വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഉത്സവ സീസണിലാണ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായത്. തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് രണ്ട് ദിവസം മുമ്പായിരുന്നു മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിൽ ദുരന്തമുണ്ടായത്.

വെടിക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രത്തിന്റെ അധികാരപരിധിയിലാണ്. സംസ്ഥാന സർക്കാരാണ് കമ്മീഷനെ നിയോഗിച്ചത്. അതുകൊണ്ടുതന്നെ പരിമിതികൾ ഏറെയുണ്ട്.
ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ (മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ അപകടം അന്വേഷണ കമ്മീഷൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL