
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് അപകടങ്ങൾ പതിവായതോടെ വലഞ്ഞ് പൊലീസും ട്രാഫിക് ഉദ്യോഗസ്ഥരും കെ.എസ്.ആർ.ടി.സി അധികൃതരും. മസ്ജിദ് റോഡ്, ദിവാൻജിമൂല, അമ്പാടി ലെയ്ൻ എന്നിവിടങ്ങളിലൂടെയെല്ലാം വാഹനങ്ങൾ വന്നു ചേരുന്നിടത്താണ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് പോകാനുള്ള കവാടം. ദിനംപ്രതി നിരവധി ബസുകളാണ് ഈ വഴി ഇറങ്ങുന്നത്. സ്ലീപ്പറും സൂപ്പർ ഫാസ്റ്റും ലോ ഫ്‌ളോറും മിന്നലും ഉൾപ്പടെയുള്ള ബസുകൾക്ക് ലക്ഷ്യമെത്തിപ്പിടിക്കാനുള്ള വേഗപ്പാച്ചിലാണ്. കാറുകൾക്കും ഓട്ടോകൾക്കും മറ്റു ചെറുവാഹനങ്ങൾക്കുമാണ് ഭീഷണിയേറെ. പലതവണ അധികൃതരുടെ അടുത്ത് ജനങ്ങളും വ്യാപാരികളുമെല്ലാം പരാതി പറഞ്ഞെങ്കിലും പരിഹാരം മാത്രം അകലെ. ബസിറങ്ങി വരുന്ന റോഡിൽ രാവിലെയും വൈകീട്ടുമെല്ലാം വൻ ഗതാഗതക്കുരുക്കാണ്. ഇവിടെയുണ്ടാകുന്ന കുരുക്ക് കുറുപ്പം റോഡിലേക്ക് വരെ നീളുന്നു.
റെയിൽവേ സ്‌റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങൾക്കാണ് ഏറ്റവും വലിയ കെണി. ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് കെ.എസ്.ആർ.ടി.സി ഇറങ്ങി പോയതിനു ശേഷം മാത്രമേ മുന്നോട്ട് നീങ്ങാനാകൂ. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തിലേറെ ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുകയുണ്ടായി.
##കവാടം മാറ്റണം
ബസുകൾ ഇപ്പോൾ ഇറങ്ങി പോകുന്ന കവാടം മീറ്ററുകൾക്ക് അപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കുകയോ മറ്റ് വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്. ബസ് സ്റ്റാൻഡിന്റെ അറ്റകുറ്റപ്പണികൾ തന്നെ കാലങ്ങളായി വൈകുന്നതിനാൽ കവാടം മാറ്റണമെന്ന ആവശ്യം എത്രത്തോളം യാഥാർത്ഥ്യമാകുമെന്ന് കണ്ടറിയണം.
ഓട്ടോറിക്ഷകളൊക്കെ ഈ വഴി പോകുന്നത് ജീവൻ പണയം വച്ചാണ്.
ശരൺ
ഓട്ടോ ഡ്രൈവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |