
നിർണായകമായത് എം.എൽ.എയുടെ ഇടപെടൽ
തൃശൂർ: പ്ലാനും പദ്ധതിയും അംഗീകാരവുമില്ലാതെ ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി പൊളിച്ചിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണത്തിന് വഴിതെളിയുന്നു. ഉന്നത ഉദ്യോഗസ്ഥർ ഈ മാസം 6ന് സന്ദർശിക്കും. മന്ത്രി സി.പി.ജോൺ, രാജൻ ജെ.പല്ലൻ എം.എൽ.എ, ഗതാഗതവകുപ്പ് സെക്രട്ടറി ബാലമുരളി, ട്രാൻസ്‌പോർട്ട് കമ്മീഷണർ സുബർഖൻ കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ സതീഷ് ബിനോ, ഐ.ഒ.എഫ്.എസ് സി.എം.ഡി ഡോ.പ്രമോദ് ശങ്കർ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജു പത്മനാഭൻ, ട്രാൻസ്‌പോർട്ട് അഡി.സെക്രട്ടറി വിജയശ്രീ, ജോയിന്റ് സെക്രട്ടറി ബിന്ദു, എക്‌സിക്യൂട്ടിവ് ഡയറക്ടർ സിവിൽ ഷെറീഫ് അഹമ്മദ്, ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ പ്രദീപ്കുമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സന്ദർശന തീരുമാനമായത്. പുതിയ സ്റ്റാൻഡ് നിർമ്മാണം വൈകുന്നത് സംബന്ധിച്ച് രാജൻ ജെ.പല്ലൻ എം.എൽ.എ ഗതാഗത മന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. തുടർന്നാണ് കെ.എസ്.ആർ.ടി.സി ഉന്നതഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചത്. വരുമാനം ലഭിക്കുന്നവിധം ഷോപ്പിംഗ് കോംപ്ലക്‌സുകൾ പോലുമില്ലാതെയായിരുന്നു പഴയ പ്ലാൻ. 3.21 ഏക്കറിൽ ദീർഘവീക്ഷണമില്ലാതെയാണ് പ്ലാൻ തയ്യാറാക്കിയതെന്നും യോഗം വിലയിരുത്തി. പൂർണമായോ ഭാഗികമായോ പ്ലാൻ മാറ്റുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് എം.എൽ.എ അറിയിച്ചു. പുതിയ പ്ലാൻപ്രകരം വിഭാവനം ചെയ്ത മൂന്നുനില കെട്ടിടത്തിന് 12 കോടിയിലേറെ രൂപ ചെലവ് വരും. പി.ഡബ്ല്യു.ഡിയാണ് രൂപരേഖ തയ്യാറാക്കിയത്. കോഴിക്കോട് നിന്നുള്ള ബസുകൾക്കും തിരുവനന്തപുരം, പാലക്കാട് നിന്നുള്ള ബസുകൾക്കും പ്രത്യേകം കവാടങ്ങളുണ്ടാകും. 2വശങ്ങളിലാകും ഇവ നിറുത്തിയിടുക.
വരുമാനം വേണം: എം.എൽ.എ
ആധുനിക സൗകര്യങ്ങളോടെ സ്റ്റാൻഡ് നിർമ്മിക്കുമ്പോൾ വരുമാനം കൂടി ഉറപ്പാക്കാൻ കഴിയണം. സ്റ്റാൻഡിൽ പെട്രോൾ പമ്പിനായി കൂടുതൽ സ്ഥലം ഉപയോഗിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
- രാജൻ ജെ.പല്ലൻ എം.എൽ.എ.
ദുരിതം മാത്രം
യാതൊരു ദീർഘവീക്ഷണവുമില്ലാതെ നിലവിലെ കെട്ടിടം പൊളിച്ചതോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്ന ആയിരക്കണക്കിന് യാത്രികർ ദുരിതത്തിലായിരുന്നു. വെയിലത്തും മഴയത്തും കാത്തിരിപ്പുകേന്ദ്രം പോലുമില്ല. കൊടുംവെയിലിൽ പൊടിക്കാറ്റ്, മഴ പെയ്താൽ ചെളിക്കുളം, ഇതാണ് പാലക്കാട്, കോഴിക്കോട്, മലപ്പുറം ഭാഗത്ത് നിന്നും തെക്കൻ കേരളത്തിലേക്കും തിരിച്ചും പോകുന്ന തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ അവസ്ഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |