SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.48 AM IST

വാണിജ്യ ഗ്യാസ് വിലക്കയറ്റം; വീണ്ടും ഇരുട്ടടി

d

 കാലിപ്പോക്കറ്റിൽ സാധാരണക്കാരൻ, ഹോട്ടലുകാർക്കും പ്രതിസന്ധി

തൃശൂർ: വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് നിരന്തരം വിലകൂടുന്നത് പ്രതിസന്ധിയെന്ന് ഹോട്ടലുടമകൾ. പാചകവാതക വില വർദ്ധനവിൽ പിടിച്ചുനിൽക്കാൻ ഹോട്ടലുടമകൾ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കുന്നതോടെ സാധാരണക്കാരും ദുരിതത്തിലായി. യാത്രക്കാരും ഡ്രൈവർമാരും ഉൾപ്പെടെ അടിസ്ഥാന തൊഴിലാളികളും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതിനിടെ പലചരക്ക്, പച്ചക്കറി എന്നിവയ്ക്ക് വില വർദ്ധിച്ചതോടെ പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നുവെന്നാണ് ഹോട്ടലുടമകളുടെ പക്ഷം.
പത്തുരൂപയായിരുന്ന ചായക്ക് ആദ്യം 12രൂപയും പിന്നീട് 15ഉം ആയെങ്കിലും ചില സാധാരണ ഹോട്ടലുകളിൽ പോലും 18 മുതൽ 25 രൂപ വരെ ഈടാക്കുന്നുണ്ടെന്നാണ് ഉപയോക്താക്കളുടെ പരാതി.

കാപ്പിയാണെങ്കിൽ 22 - 40 രൂപ വരെ മിക്ക ഹോട്ടലുകളിലും ഈടാക്കുന്നു. പാചകവാതക വില കുത്തനെ ഉയരുമ്പോൾ പിടിച്ചുനിൽക്കാനാകുന്നില്ലെന്നും വില വർദ്ധിപ്പിക്കുകയല്ലാതെ രക്ഷയില്ലെന്നുമാണ് ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെ നിലപാട്.
യുദ്ധത്തിന് മുൻപ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 1740രൂപ മാത്രമായിരുന്നു 19കിലോ വരുന്ന വാണിജ്യ സിലിണ്ടറിന്റെ വില. എന്നാൽ നവംബർ 1ന് നിരക്ക് വർദ്ധിപ്പിച്ചതോടെ 2841രൂപയായി. 8മാസത്തിനിടെ 1100 രൂപയാണ് വർദ്ധിപ്പിച്ചത്. എട്ടുമാസത്തിനിടെ നാലുതവണ വില വർദ്ധിപ്പിച്ചപ്പോൾ ഒരുതവണ മാത്രമാണ് വില കുറച്ചത്. പാചകവാതക പ്രതിസന്ധി, വാടകവർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങളാൽ 30% ഹോട്ടലുകൾ ഇതിനകം പൂട്ടിപ്പോയെന്നും ഹോട്ടലുടമ സംഘടനകൾ വ്യക്തമാക്കുന്നു.

##കുതിച്ച് പച്ചക്കറിവില

പാചകവാതകത്തിനൊപ്പം പച്ചക്കറി വിലയേറുന്നതും പ്രതിസന്ധിയാണ്. കുമ്പളം, മത്തൻ ഒഴികെയുള്ള മറ്റെല്ലാ പച്ചക്കറികൾക്കും 50 രൂപയിൽ കൂടുതലാണ് വില. ചെറിയുള്ളി, ബീൻസ് തുടങ്ങിയവയ്ക്ക് നൂറിനപ്പുറം കടന്നപ്പോൾ പയർ (70), സവാള (71), കാരറ്റ് (60) എന്നിങ്ങനെയാണ് വില.

വാണിജ്യ പാചകവാത സിലിണ്ടറുകൾക്ക് 18 ശതമാനമാണ് ജി.എസ്.ടി. ചെറുകിട ഹോട്ടലുകാർക്കും സാധാരണക്കാരനും തിരിച്ചടിയാകുന്ന ജി.എസ്.ടി നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രത്തിനോട് കെ.എച്ച്.ആർ.എ ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
- ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, കെ.എച്ച്.ആർ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL