SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.43 AM IST

പുറമ്പോക്ക് കൈയേറ്റം പെരുകി; ഒഴിപ്പിക്കൽ ഇനി വേഗത്തിൽ

photo

തൃശൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ കണ്ടെത്തിയ തൃശൂർ ജില്ലയിൽ പുറമ്പോക്ക് തിരിച്ചുപിടിക്കാൻ ദ്രുതനീക്കവുമായി റവന്യൂ വകുപ്പ്. ജില്ലയിൽ 434 കൈയേറ്റങ്ങൾ കണ്ടെത്തിയതിൽ ഇതുവരെ 16 എണ്ണം മാത്രമാണ് ഒഴിപ്പിക്കാനായത്. 10.93 ഹെക്ടർ ഭൂമി കൈയേറിയതായാണ് പരിശോധനയിൽ കണ്ടെത്തിയത്.
പഞ്ചായത്ത്, പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും. നദികളുടെയും ജലാശയങ്ങളുടെയും തീരങ്ങളിലെ പുറമ്പോക്ക് കൈയേറ്റങ്ങൾ കണ്ടെത്താൻ കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ, പഞ്ചായത്ത്, ജലസേചന, പൊലീസ് വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന നടത്തിയത്. വിവാദ ഭൂമികൈയേറ്റങ്ങളേറെയുള്ള ഇടുക്കി, വയനാട് ജില്ലകളിൽ പോലും തൃശൂരിനേക്കാൾ കുറവാണ് കണ്ടെത്തിയത്.
434 കൈയേറ്റങ്ങളിൽ 112 എണ്ണത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. 16 കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. ജലസേചന വകുപ്പുമായി ബന്ധപ്പെട്ട ഭൂമിയിലാണ് കൂടുതൽ കൈയേറ്റം. ചിറ്റിലപ്പിള്ളി, കാടുകുറ്റി, കുന്നംകുളം, ചെമ്പുക്കാവ്, പുത്തുരുത്തി, ചാലക്കുടി, കൊരട്ടി കിഴക്കുമുറി, മാടക്കത്തറ, കുറിച്ചിക്കര, വടക്കെക്കാട്, വെങ്കിടങ്ങ് എന്നിവിടങ്ങളിലെ കൈയേറ്റങ്ങൾ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ചിറനെല്ലൂരിലെ 5.5 കിലോമീറ്റർ പുഴയോരവും തിരിച്ചുപിടിച്ചു.

കൂടുതൽ കാറളം വില്ലേജിൽ

കാറളം വില്ലേജിലാണ് ഏറ്റവും കൂടുതൽ കൈയേറ്റം കണ്ടെത്തിയത്, 78 എണ്ണം. പൊറത്തിശേരി 58, ലോകമലേശ്വരം 40, പാപ്പിനിവട്ടം 39, മേത്തല 35, വള്ളിവട്ടം 26, എടത്തിരുത്തി 24, പടിയൂർ 20, ആല 19, പനങ്ങാട് 12 എന്നിങ്ങനെയാണ് മറ്റു വില്ലേജുകളിലെ കൈയേറ്റങ്ങളുടെ എണ്ണം. പനങ്ങാട്, പുല്ലൂറ്റ്, അഴീക്കോട്, പാപ്പിനിവട്ടം, പെരിഞ്ഞനം, കയ്പമംഗലം, എടത്തിരുത്തി, ചെന്ത്രാപ്പിന്നി, വള്ളിവട്ടം, കാട്ടൂർ, പടിയൂർ, പൊറത്തിശ്ശേരി എന്നീ വില്ലേജുകളിൽ നദികളുടെയും തോടുകളുടെയും പുറമ്പോക്കുകളാണ് വ്യാപകമായി കൈയേറിയത്.


വില്ലേജുകൾക്ക് ടാർജറ്റ്


കൈയേറ്റം കണ്ടെത്തുന്നതിനും ഒഴിപ്പിക്കുന്നതിനും വില്ലേജ് ഓഫീസുകൾക്ക് ടാർജറ്റ് നിശ്ചയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ മാസാവലോകന യോഗത്തിലാണ് കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
ലാൻഡ് കൺസർവൻസി നിയമപ്രകാരം വില്ലേജ് ഓഫീസുകൾ സർവേ നടത്തി കൈയേറ്റങ്ങൾ കണ്ടെത്തി സ്‌കെച്ച് സഹിതം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറണം. കുട്ടനെല്ലൂർ ജംഗഷൻ വികസനം ഉൾപ്പെടെയുള്ള പ്രധാന റോഡ് പ്രവൃത്തികളെ കൈയേറ്റം ബാധിക്കുന്നുണ്ട്. പുഴയ്ക്കൽ, ഒല്ലൂർ തുടങ്ങിയ മേഖലകളിൽ നിന്നുള്ള കൈയേറ്റ പരാതികളിൽ സർവേ നടത്തി സ്‌കെച്ച് സഹിതം ബന്ധപ്പെട്ട വകുപ്പുകൾക്ക് റവന്യൂ വകുപ്പ് കൈമാറിയിട്ടുണ്ട്.

കുത്തനെ ഉയർന്ന്

ആകെ കൈയേറ്റങ്ങൾ- 434
നോട്ടീസ് നൽകിയവ- 112
ഒഴിപ്പിച്ചവ- 16
ഒഴിപ്പിക്കാൻ ശേഷിക്കുന്നത്- 418
കൈയേറിയ ഭൂമി - 10.93 ഹെക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL