കണ്ണൂർ: നിക്ഷേപ തട്ടിപ്പ് ആരോപണത്തെത്തുടർന്നുണ്ടായ ആരോപണപ്രത്യാരോപണങ്ങൾക്കു ശേഷം സി.പി.എം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ കോഓപ് സൊസൈറ്റി പ്രവർത്തനം വീണ്ടും സജീവമാക്കുന്നു. സൊസൈറ്റിയുടെ മുൻകൈയിൽ 'മാലിന്യ സംസ്‌കരണം: ജില്ലയുടെ പ്രശ്നങ്ങളും സാധ്യതകളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കണ്ണൂർ കാർഷിക വികസന ബാങ്ക് ഹാളിൽ നടന്ന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി. അബ്ദുൽ കരീം അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം കെ.വി ഷക്കീൽ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എൽ.വി മുഹമ്മദ് എന്നിവർ സംസാരിച്ചു. ഓണററി സെക്രട്ടറി അഡ്വക്കറ്റ് ഫാത്തിമ വാഴയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി. അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു. കെ.എം സുനിൽകുമാർ, അർജുൻ, ഇ.കെ സോമശേഖരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
2017 ഓഗസ്റ്റ് 25ന് രജിസ്റ്റർ ചെയ്ത സൊസൈറ്റി, പലിശരഹിത നിക്ഷേപം സ്വീകരിച്ച് വ്യവസായ, വ്യാപാര, നിർമാണ മേഖലകളിൽ മുടക്കി ലാഭം പങ്കുവയ്ക്കുമെന്ന വാഗ്ദാനത്തോടെ 2017 ഡിസംബർ 24ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. പി. ജയരാജൻ ജില്ല സെക്രട്ടറിയായിരുന്ന കാലത്ത് അന്ന് ഡി.വൈ.എഫ്.ഐ നേതാവായിരുന്ന എം. ഷാജറിന്റെ നേതൃത്വത്തിലായിരുന്നു തുടക്കം.
വിവാദത്തിന്റെ തുടക്കം
മയ്യിൽ സ്വദേശിയായ നിക്ഷേപകൻ കെ.പി നാസർ, നിക്ഷേപിച്ച തുക തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ടി.കെ. ഗോവിന്ദൻ എം.എൽ.എ വഴി ഓഗസ്റ്റിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് സൊസൈറ്റി വിവാദത്തിലായത്. വിഷയം പുറത്തുവന്നതോടെ ഒരു ലക്ഷം രൂപ തിരിച്ചുനൽകിയെന്നും നാസർ പരാതി പിൻവലിച്ചെന്നുമാണ് റിപ്പോർട്ടുകൾ. ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഭരണസമിതിയുടെ നിലപാട്. നിയമാവലി പ്രകാരം നിക്ഷേപം സ്വീകരിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും ആരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിട്ടില്ലെന്നും ഓഹരി മൂലധനം മാത്രമാണ് സമാഹരിച്ചതെന്നും പറയുന്നു. 2017 മുതൽ 2020 വരെ സഹകരണ വകുപ്പിന്റെ ഓഡിറ്റ് കൃത്യമായി നടന്നെന്നും ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്നും സമിതി അവകാശപ്പെട്ടു. മൂന്നു വർഷത്തിനു ശേഷം ഓഹരി തുക പിൻവലിക്കാൻ നിയമാവലി അനുവദിക്കുന്നുണ്ടെന്നും രേഖാമൂലം ആവശ്യപ്പെട്ടവർക്ക് തുക തിരിച്ചുനൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |