SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.58 AM IST

ആദിക്കാട് - വിളന്തറ റോഡ് നിർമ്മാണം ഇഴയുന്നു; വലഞ്ഞ് നാട്ടുകാർ

kunnathoor-
നിർമ്മാണം ഇഴയുന്ന ആദിക്കാട് - വിളന്തറ റോഡ്

കുന്നത്തൂർ: പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ പ്രധാന റോഡായ ആദിക്കാട് - വിളന്തറ റോഡിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മുൻ എം.എൽ.എ. കോവൂർ കുഞ്ഞുമോന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് ആരംഭിച്ച നിർമ്മാണമാണ് അധികാരികളുടെ അവഗണനയും കൃത്യമായ മോണിട്ടറിങ്ങില്ലായ്മയും കാരണം അനന്തമായി നീളുന്നത്.

 അശാസ്ത്രീയമായ നിർമ്മാണവും യാത്രാദുരിതവും

സൈഡ് വാൾ കെട്ടിയും ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയതിന് ശേഷം മാത്രം റോഡ് പൊളിച്ചാൽ മതിയെന്ന നാട്ടുകാരുടെ നിർദേശം അവഗണിച്ചാണ് അധികൃതർ റോഡ് പൊളിച്ചിട്ടത്. ഇതിനാൽ മാസങ്ങളായി റോഡിൽ നിന്നും വീടുകളിലേക്കുള്ള പ്രവേശന കവാടങ്ങളിലൂടെ കയറാൻ കഴിയാത്ത അവസ്ഥയാണ്. സൈഡ് വാൾ കോൺക്രീറ്റിന് മുകളിൽ തള്ളിനിൽക്കുന്ന കമ്പികൾ തട്ടി യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവാണ്. മെറ്റലും ക്വാറി വേസ്റ്റും ഇട്ട റോഡിൽ മുനയുള്ള കല്ലുകളും കുഴികളും കാരണം കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ്. വാഹനങ്ങൾ കേടാകുന്നതും പൊടിശല്യം രൂക്ഷമാകുന്നതും ജനങ്ങളെ ഏറെ വലയ്ക്കുന്നുണ്ട്.

 പരാതികൾ അവഗണിക്കുന്നു

റോഡ് നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉഷാലയം ശിവരാജൻ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും, നൂറുദിന കർമ്മ പരിപാടിയിലും ഈ വിഷയം അവഗണിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

 ദുരിതത്തിന് പരിഹാരം കാണണം

റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് കേരളാ കോൺഗ്രസ് (എം) പടിഞ്ഞാറേ കല്ലട മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് തോപ്പിൽ നിസാർ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ, ജില്ലാ ജനറൽ സെക്രട്ടറി സി.ശിവാനന്ദൻ, ദളിത്‌ ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് അജയൻ വയലിത്തറ, ഷാജി ഷർണ, മാണിക്കൽ രാമകൃഷ്ണപിള്ള, ഗോപകുമാർ, അനിൽകുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL