SignIn
Kerala Kaumudi Online
Wednesday, 04 November 2026 2.00 AM IST

ആകാശ വാണി തൃശൂർ @ 70, ഏഴു പതിറ്റാണ്ടിന്റെ ശബ്ദയാത്ര

nazeer
മുൻ അനൗൻസർ മണികണ്ഠൻ നടൻ പ്രേംനസീറുമായി ആദ്യകാലത്ത് നടത്തിയ അഭിമുഖം

തൃശൂർ : റേഡിയോയുടെ ശബ്ദത്തിന് കാതോർത്തിരുന്ന കാലം. വാർത്ത അറിയാനും പാട്ടാസ്വദിക്കാനും കൃഷിയറിവുകൾ തേടാനുമുള്ള മലയാളികളുടെ ഏക ആശ്രയം. തൃശൂരിന്റെ മണ്ണിൽ ശബ്ദവിസ്മയം തീർത്ത ആകാശവാണിക്ക് ഇന്ന് എഴുപതാം പിറന്നാൾ. തിരുവനന്തപുരം നിലയത്തിന്റെ റിലേ കേന്ദ്രമായി 1956 നവംബർ നാലിന് പ്രക്ഷേപണം ആരംഭിച്ച തൃശൂർ ആകാശവാണി ഏഴു പതിറ്റാണ്ടിന്റെ ശബ്ദസ്മരണകളാണ് പിന്നിടുന്നത്. രാവിലെ 5.50ന് സുഭാഷിതത്തോടെ ആരംഭിക്കുന്ന പ്രക്ഷേപണം രാത്രി 11.10ന് ഡൽഹിയിൽ നിന്നുള്ള ഇംഗ്ലീഷ് വാർത്തയോടെയാണ് അവസാനിക്കുന്നത്. കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയമായ തൃശൂർ കേന്ദ്രം റിലേ സ്റ്റേഷനായാണ് പ്രവർത്തനം തുടങ്ങിയത്. ഔപചാരിക ഉദ്ഘാടനം ഡിസംബറിലായിരുന്നു. അന്ന് ചെമ്പൈ വൈദ്യനാഥ ഭാഗവതർ നേരിട്ടെത്തി 'വാതാപി', 'ശിവ...ശിവ', 'ജയാപയോധിനി' തുടങ്ങിയ കീർത്തനങ്ങൾ ആലപിച്ചു. ടി.വി. രമണിയും പരമേശ്വരൻ നമ്പൂതിരിയും പക്കമേളമൊരുക്കി. തൃശൂർ പി. രാധാകൃഷ്ണനായിരുന്നു മ്യൂസിക് പ്രൊഡ്യൂസർ എന്ന നിലയിൽ സംഗീതപരിപാടിയുടെ ചുമതല. ചെമ്പുക്കാവിൽ പ്രവർത്തനം തുടങ്ങിയ നിലയം പിന്നീട് പൂങ്കുന്നം രമാദേവി മന്ദിരത്തിനടുത്തുള്ള വാടകക്കെട്ടിടത്തിലേക്ക് മാറി. 20 കിലോവാട്ട് ട്രാൻസ്മിറ്റർ രാമവർമപുരത്തായിരുന്നു. അവിടെത്തന്നെ ചെറിയൊരു സ്റ്റുഡിയോയും ഒരുക്കിയിരുന്നു. രാമവർമപുരത്ത് പൂർണ സ്റ്റുഡിയോ സംവിധാനങ്ങളോടെ സ്വതന്ത്ര നിലയമായി പ്രവർത്തനം ആരംഭിച്ചത് 1973 ഡിസംബർ 24 ന് ആണ്.

കാർഷിക ശബ്ദമായി 'വയലും വീടും'


ആദ്യത്തെ സ്വതന്ത്ര പ്രക്ഷേപണം 1966 ൽ വയലും വീടും പരിപാടി ആരംഭിച്ച് കൊണ്ടായിരുന്നു. കേരളത്തിലെ മാദ്ധ്യമരംഗത്തെ ആദ്യ കാർഷിക പരിപാടിയായിരുന്നു ഇത്. 1960കളിൽ രാജ്യം നേരിട്ട ഭക്ഷ്യക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ നെല്ലുത്പാദനം വർദ്ധിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ പത്ത് റേഡിയോ നിലയങ്ങളിൽ ആരംഭിച്ച കാർഷിക പരിപാടികളുടെ ഭാഗമായിരുന്നു തൃശൂരിൽ നിന്നുള്ള പ്രക്ഷേപണം. പാലക്കാട് മുതൽ തെക്ക് കുട്ടനാട് വരെയുള്ള പ്രദേശങ്ങളിലെ കർഷകരുടെ അഭിമുഖങ്ങളും അവർക്കായുള്ള അറിവുകളും പ്രക്ഷേപണം ചെയ്തു. മറ്റു ആകാശവാണി നിലയങ്ങളും തൃശൂരിൽനിന്ന് ടേപ്പുകൾ വരുത്തി പരിപാടി പ്രക്ഷേപണം ചെയ്തുതുടങ്ങി. പിന്നീട് 'കൃഷിപാഠം' എന്ന പരിപാടിയും ആരംഭിച്ചു.

ജനഹൃദയത്തിൽ ഇടംപിടിച്ച്


തൃശൂർ പൂരത്തിന്റെയും ചെമ്പൈ സംഗീതോത്സവത്തിന്റെയും കണ്ടശ്ശാംകടവ് വള്ളംകളിയുടെയും തത്സമയ പ്രക്ഷേപണങ്ങളിലൂടെ നിലയം ജനലക്ഷങ്ങളുടെ ഹൃദയത്തിൽ ഇടംപിടിച്ചു. ഒരുകാലത്ത് കോഴിക്കോട് നിലയത്തിൽനിന്നുള്ള പ്രാദേശിക വാർത്തകൾ മാത്രമായിരുന്നു സാധാരണക്കാരുടെ പ്രധാന വാർത്താ സ്രോതസ്സ്. വാർത്തകളും വിജ്ഞാനവും വിനോദവും ഒരുപോലെ വീടുകളിലെത്തിച്ച തൃശൂർ ആകാശവാണി ഏഴു പതിറ്റാണ്ടിനിപ്പുറവും മലയാളിയുടെ ശ്രവണശീലങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.

വിജ്ഞാനവിനോദ ഉപാധി എന്നതിനപ്പുറം ശ്രോതാക്കളുടെ ജീവിതത്തിന്റെ ഭാഗമായി മാറാൻ കഴിഞ്ഞു. മാദ്ധ്യമരംഗത്ത് ചരിത്രഗാഥ രചിച്ച് 70-ാം വർഷത്തിന്റെ നിറവിൽ എത്തിനിൽക്കുന്ന ആകാശവാണി ഇനിയും ജനങ്ങളോടൊപ്പം മുന്നോട്ടുതന്നെയുണ്ടാകും.

ജയ സി.ആർ.
പ്രോഗ്രാം മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL