കൽപ്പറ്റ: വയനാട് ടൗൺഷിപ്പിലെ ചെളി നിറഞ്ഞ റോഡിലൂടെ സാഹസികമായി സഞ്ചരിക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾ. റോഡ് ഗതാഗതയോഗ്യമാക്കുമെന്ന അധികൃതരുടെ ഉറപ്പ് നടപ്പായില്ല. വിവിധസോണുകളിലെ റോഡുകളാണ് ചെളിക്കുളമായിരിക്കുന്നത്. മഴയുടെ തുടക്കത്തിൽ തന്നെ ടൗൺഷിപ്പിലെ റോഡ് ചെളിക്കുളം ആകുന്ന കാര്യം ദുരന്തബാധിതർ അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് കൃഷി വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തയോഗത്തിൽ അടിയന്തരമായി ചെളി നീക്കം ചെയ്യുന്നതിന് ഊരാളുങ്കലിന് നിർദ്ദേശം നൽകി. എന്നാൽ ആഴ്ചകൾ കഴിയുമ്പോഴും ഒരു മാറ്റവും ഇല്ലെന്ന് ദുരന്തബാധിതർ പറയുന്നു. കൂടുതൽ ചെളി രൂപപ്പെട്ടതോടെ കാൽനടയാത്രപോലും പ്രയാസകരമായി. ഇരുചക്രവാഹനങ്ങൾ ചെളിയിൽ തെന്നി വീഴുന്നുണ്ട്. നാലാം സോണിലേക്കുള്ള റോഡിലാണ് കൂടുതൽ ചെളി. ഇടയ്ക്ക് കല്ല് പൊടി വിതറുമെങ്കിലും ഏതാനും വാഹനങ്ങൾ കടന്നുപോകുന്നതോടെ വീണ്ടും ചെളികുളമാകും. വലിയ വാഹനങ്ങൾ ഉൾപ്പെടെ ചെളിയിൽ പൂണ്ടുപോകുന്ന സാഹചര്യമാണെന്നും പ്രദേശവാസികൾ പറയുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണം. വീടുകൾ കൈമാറുമ്പോൾ തന്നെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ദുരന്തബാധിതർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ മഴ തുടങ്ങുന്നതിനു മുൻപ് റോഡ് നന്നാക്കും എന്നതായിരുന്നു ഉറപ്പ്. ഇപ്പോൾ റോഡ് പണി നടക്കുന്നില്ല. 4 ,5 സോണുകളിലായി നൂറിലേറെ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടേക്കുള്ള സാമഗ്രികളുമായി വാഹനങ്ങൾ തുടർച്ചയായി എത്തുന്നതാണ് റോഡ് കൂടുതൽ ചെളികുളം ആകാൻ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |