SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.18 AM IST

യു.എസിന് ആശ്വാസച്ചിരി : ഇറാൻ വീഴ്ത്തിയ പൈലറ്റിനെ രക്ഷിച്ചു

usa

ടെഹ്റാൻ: തകർന്ന യു.എസ് യുദ്ധവിമാനത്തിലെ പൈലറ്റ് ഇറാൻ സേനയുടെ കണ്ണുവെട്ടിച്ച് 48 മണിക്കൂറോളം ഒളിച്ചിരുന്നത് 7000 അടി ഉയരമുള്ള സാഗ്രോസ് പർവതമേഖലയിലെ ഒരു വിടവിൽ. പ്രദേശവാസികൾക്ക് ഇനാം പ്രഖ്യാപിച്ച് പൈലറ്റിനെ ജീവനോടെ പിടിക്കാൻ ഇറാന്റെ തീവ്രശ്രമം. അതിനിടെ ലൊക്കേഷൻ​ ട്രാക്കിംഗ് സംവിധാനങ്ങളിലൂടെ അമേരിക്ക പൈലറ്റിന്റെ സ്ഥാനം തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയത് അതിസാഹസിക രക്ഷാദൗത്യം. ഇറാൻ വീഴ്ത്തിയ എഫ്- 15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ (വെപ്പൺ സിസ്റ്റം ഓഫീസർ) അവരുടെ മണ്ണിൽനിന്ന് രക്ഷിച്ച യു.എസിന് ഒടുവിൽ ആശ്വാസച്ചിരി.

ശേഷം യു.എസിന്റെ ചരിത്രത്തിലെ ധീരമായ ദൗത്യമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. പൈലറ്റിനെ ഇറാൻ പിടികൂടിയിരുന്നെങ്കിൽ അവർ അതുവച്ച് അമേരിക്കയുമായി വിലപേശൽ നടത്തുമായിരുന്നു. അതിനാൽ, സർവശക്തിയും ഉപയോഗിച്ച് അമേരിക്കയുടെ രക്ഷാദൗത്യം. നൂറുകണക്കിന് അമേരിക്കൻ സൈനികരും ഡസൻകണക്കിന് യുദ്ധവിമാനങ്ങളും ചേർന്നാണ് ജീവൻമരണ പോരാട്ടം നടത്തിയത്.

വെള്ളിയാഴ്ചയാണ് ഇറാനിലെ കോഗിലുയേ ബോയർ-അഹ്‌മ്മദ് പ്രവിശ്യയ്ക്കുമീതെ പറന്ന എഫ്-15 ഇറാൻ വെടിവച്ചിട്ടത്. വിമാനത്തിലെ രണ്ടുപൈലറ്റുമാരും പാരച്യൂട്ട് വഴി പുറത്തുകടന്നു. ഒരു പൈലറ്റിനെ അന്നേദിവസം തന്നെ യു.എസ് രക്ഷപ്പെടുത്തിയിരുന്നു പർവത മേഖലയിൽ ഒളിച്ച പൈലറ്റിന്റെ കൈയിലുണ്ടായിരുന്നത് ഒരു ഹാൻ‌ഡ് ഗണ്ണും ആശയവിനിമയ ഉപകരണവും ട്രാക്കിംഗ് ബീക്കണും മാത്രം. സിഗ്നലുകൾ ഇറാന് ലഭിക്കാതിരിക്കാൻ പരിമിതമായ സന്ദേശങ്ങൾ മാത്രം അയച്ചു. അത് ട്രാക്കുചെയ്താണ് പൈലറ്റിനെ അമേരിക്ക കണ്ടെത്തിയത്.

യു.എസ് ഓപ്പറേഷൻ

1.ദുർഘടമായ പർവത മേഖലയിൽ ഒളിച്ചിരുന്ന പൈലറ്റിന്റെ സ്ഥാനം ലൊക്കേഷൻ​ ട്രാക്കിംഗ് സംവിധാനങ്ങളിലൂടെ അമേരിക്കൻ, ഇസ്രയേലി ഇന്റലിജൻസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു

2.പൈലറ്റിന്റെ അടുത്തേക്ക് ഇറാൻ എത്തുന്നത് തടയാൻ ചുറ്റുമുള്ള പ്രദേശങ്ങളിൽ യു.എസ് യുദ്ധവിമാനങ്ങൾ ബോംബിട്ടു. സ്പെഷ്യൽ ഫോഴ്സ് കമാൻഡോകൾ മേഖലയിലേക്കിറങ്ങി

3.കമാൻഡോകളും ഇറാൻ സേനയും തമ്മിൽ വെടിവയ്പ്. ഇതിനിടെ പൈലറ്റിനെ കണ്ടെത്തി സുരക്ഷിതമാക്കി. ഇന്നലെ പുലർച്ചെ പൈലറ്റുമായി ഇറാന്റെ വ്യോമപരിധി കടന്നു

സി.ഐ.എ തന്ത്രം

അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എ, പൈലറ്റിനെ ഇറാൻ പിടികൂടിയെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചു. ഇറാൻ ഉദ്യോഗസ്ഥരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായിരുന്നു ഇത്. അതിനൊപ്പം രക്ഷാദൗത്യം നടത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360