SignIn
Kerala Kaumudi Online
Tuesday, 13 October 2026 10.21 PM IST

'ഇത്തവണ തോറ്റാല്‍ അടങ്ങിയിരിക്കില്ല'; ആദ്യ ഫലസൂചനകളില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പം

READ ENGLISH VERSION
us-election

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കമല ഹാരിസും ഡോണള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പം. അമേരിക്കയിലെ ആദ്യത്തെ വോട്ട് വടക്കന്‍ ന്യൂഹാംഷെയര്‍ സംസ്ഥാനത്തെ ഡിക്സ്വില്‍ നോച്ച് എന്ന കുഞ്ഞന്‍ ഗ്രാമത്തിലായിരുന്നു. ഇവിടെ രാവിലെ 10.30ന് തന്നെ (ഈസ്റ്റേണ്‍ സമയം അര്‍ദ്ധരാത്രി) പോളിംഗ് തുടങ്ങി. 12 മിനിറ്റില്‍ ഫലം വന്നു. ആകെയുള്ള 6 വോട്ടര്‍മാരില്‍ 3 വീതം ട്രംപിനും കമലയ്ക്കും വോട്ട് ചെയ്തു.

100ല്‍ താഴെ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികള്‍ക്ക് അര്‍ദ്ധരാത്രി വോട്ടെടുപ്പ് നടത്താമെന്നാണ് ന്യൂഹാംഷെയറിലെ നിയമം. 2020ല്‍ വോട്ട് ചെയ്ത 5 പേരും ജോ ബൈഡനൊപ്പമായിരുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ആരംഭിച്ച പോളിംഗ് നാളെ രാവിലെ 9.30ന് (അലാസ്‌കയില്‍ 11.30 ) അവസാനിക്കും. സമയമേഖലകള്‍ വ്യത്യസ്തമായതിനാല്‍ പല സംസ്ഥാനങ്ങളിലും പല സമയത്താണ് വോട്ടിംഗ്. പോളിംഗ് അവസാനിക്കുന്ന മുറയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും. കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഫലമായിരിക്കും ആദ്യം പുറത്തുവരുക.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളും പ്രവചനങ്ങളും നേരിയ മുന്‍തൂക്കം നല്‍കുന്നത് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിനാണ്. എന്നാല്‍ ഇത് കാര്യമാക്കേണ്ടതില്ലെന്നും കമല വിജയിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രവചനത്തിലെ പ്രമുഖനായ അലന്‍ ലിക്ടമാന്‍ നേരത്തെ വ്യക്തമാക്കിയത് ഡെമോക്രാറ്റിക് ക്യാമ്പില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഇത്തവണ താന്‍ പരാജയപ്പെടുകയാണെങ്കില്‍ എന്താണ് ചെയ്യുകയെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി കഴിഞ്ഞു. 2020ല്‍ ബൈഡനോട് തോറ്റത് അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ കമല ഹാരിസിനോട് തോല്‍ക്കുകയാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഡോണള്‍ഡ് ട്രംപ് പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, AMERICA, USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360