SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.19 AM IST

ഇന്ത്യൻ ജി.ഡി.പി പത്ത് ലക്ഷം കോടി ഡോളറിലെത്തുമെന്ന് സി.ഐ.ഐ

cii

കൊച്ചി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഞ്ച് മുതൽ പത്ത് ലക്ഷം കോടി ഡോളർ മൂല്യത്തിലേക്ക് കുതിക്കുമ്പോൾ ദക്ഷിണേന്ത്യയ്ക്ക് മുഖ്യ പങ്കാണുള്ളതെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ). കൊച്ചിയിൽ നടന്ന സി.ഐ.ഐ ദക്ഷിണ മേഖലാ വാർഷിക സമ്മേളനത്തിലാണ് പ്രമുഖ വ്യവസായികൾ ഇക്കാര്യത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജി.ഡി.പി.) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നിർണ്ണായക പങ്ക് വഹിക്കുമെന്ന് സി.ഐ.ഐ ദക്ഷിണ മേഖലയുടെ പുതിയ ചെയർമാൻ പി. രവിചന്ദ്രൻ പറഞ്ഞു. മദ്ധ്യ പൂർവേഷ്യയിലെ സംഘർഷങ്ങൾ കയറ്റുമതിയെയും വിലക്കയറ്റത്തെയും ബാധിച്ചേക്കാമെങ്കിലും ഇന്ത്യ അതിനെ മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മൊത്തം ചരക്ക് കയറ്റുമതിയുടെ 38 മുതൽ 40 ശതമാനം വരെ ദക്ഷിണേന്ത്യയിൽ നിന്നാണെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ഏകദേശം 12,400 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഈ മേഖലയിൽ നടക്കുന്നത്.

ഗവേഷണവികസന മേഖലകളിൽ (ആർ ആൻഡ് ഡി) ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സി.ഐ.ഐ വൈസ് പ്രസിഡന്റും ഭാരത് ബയോടെക് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടറുമായ ഡോ. സുചിത്ര കെ. എല്ല പറഞ്ഞു.

നിർമ്മാണ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ദക്ഷിണേന്ത്യയ്ക്ക് വലിയ പങ്കുണ്ടെന്ന് സി.ഐ.ഐ. പ്രസിഡന്റ് രാജീവ് മേമാനി പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്, ഭൂമി ഡിജിറ്റലൈസേഷൻ തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്ത്യയുടെ ഉത്പാദന ശേഷിയിലും മനുഷ്യവിഭവശേഷിയിലുമുള്ള വിശ്വാസമാണ് വോൾവോ ഗ്രൂപ്പിനെപ്പോലുള്ള ആഗോള കമ്പനികൾ ഇവിടെ നിക്ഷേപം വർദ്ധിപ്പിക്കാൻ കാരണമെന്ന് വോൾവോ ഗ്രൂപ്പ് ഇന്ത്യ എം.ഡി. കമൽ ബാലി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360