ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും നടി തൃഷ കൃഷ്ണനും സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പരസ്പരം സല്യൂട്ട് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ. ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ 'മുരസൊലിയിൽ' പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിജയ്‌യെയും ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെയും കുറിച്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിലാണ് വിവാദത്തിനാസ്പദമായ സംഭവം.
മുഖ്യമന്ത്രി ദേശീയപതാക ഉയർത്തിയ ചടങ്ങിൽ വിജയ്‌യുടെ മാതാപിതാക്കൾക്കൊപ്പം തൃഷയും മുൻനിരയിലാണ് ഇരുന്നത്. ചടങ്ങിനിടെ ഔദ്യോഗിക ചുമതലയ്ക്കായി വാഹനത്തിൽ കടന്നുപോകുന്ന മുഖ്യമന്ത്രിയെ തൃഷ സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം സല്യൂട്ട് ചെയ്തതും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതാണ് ഇപ്പോൾ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. "ഒരു നടിയെ സ്വാതന്ത്ര്യദിന പരിപാടിയിൽ കൊണ്ടുവന്ന് സല്യൂട്ട് ചെയ്തു. വിജയ്‌യുടെ സ്വന്തം ആരാധകർക്കുപോലും ഇത് അംഗീകരിക്കാൻ കഴിയില്ല. പൊതുജനങ്ങൾ ഇതെങ്ങനെ സ്വീകരിക്കും?" - എന്നാണ് മുഖപ്രസംഗത്തിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യം.
സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തിയ മുഖ്യമന്ത്രിയുടെ പദവിയുടെ അന്തസ്സ് ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ഉണ്ടായതെന്നാണ് ഡിഎംകെയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടിയിൽ ഒരു നടിയെ മുൻനിരയിൽ ഇരുത്തുകയും ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുകയും ചെയ്ത സംഭവത്തെ ‘അശ്ലീലവും അരോചകവുമായ നടപടി’ എന്ന തരത്തിലാണ് മുഖപ്രസംഗത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ടിവികെ വോട്ടർമാർക്കിടയിലും ഈ സംഭവത്തിൽ അതൃപ്തിയുണ്ടെന്നാണ് മുഖപ്രസംഗത്തിലെ മറ്റൊരു ആരോപണം. ഡിഎംകെയുടെ വിമർശനത്തിന് ടിവികെ (തമിഴക വെട്രി കഴകം)ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
DMK has sharply criticized Tamil Nadu Chief Minister Vijay and actress Trisha Krishnan for exchanging salutes at an Independence Day event. In its mouthpiece 'Murasoli', the party questioned Trisha's front-row seating and the interaction, calling it "obscene and irritating" and raising concerns about the dignity of the Chief Minister's office. Tamilaga Vetri Kazhagam (TVK) has not yet officially responded to the criticism.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |