SignIn
Kerala Kaumudi Online
Friday, 15 May 2026 10.51 PM IST

പൊതുമേഖല ബാങ്കുകൾക്ക് ലാ​ഭ​ത്തിൽ പെരുമഴ

ban

അറ്റാദായം 1.98 ലക്ഷം കോടി രൂപയായി

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 12 പൊതുമേഖല ബാങ്കുകളുടെ സംയുക്ത അറ്റാദായം 11.1 ശതമാനം വർദ്ധനയോടെ 1.98 ലക്ഷം കോടി രൂപയിലെത്തി റെക്കാഡിട്ടു. തുടർച്ചയായ നാലാം വർഷമാണ് പൊതുമേഖല ബാങ്കുകൾ ലാഭക്ഷമത ഉയർത്തുന്നത്. ആസ്തികളുടെ ഗുണമേന്മ മെച്ചപ്പെട്ടതും വായ്പാ വിതരണത്തിലെ വർദ്ധനയും പലിശ വരുമാനം ഉയർന്നതുമാണ് നേട്ടമായത്. സംയോജിത പ്രവർത്തന ലാഭം 3.21 ലക്ഷം കോടി രൂപയായി ഉയർന്നു.

പൊതുമേഖല ബാങ്കുകളുടെ മൊത്തം ബിസിനസ് 12.8 ശതമാനം വർദ്ധനയോടെ 283.3 ലക്ഷം കോടി രൂപയിലെത്തി. സംയുക്ത നിക്ഷേപം 10.6 ശതമാനം ഉയർന്ന് 156.3 ലക്ഷം കോടി രൂപയായി. വായ്പാ വിതരണം 15.7 ശതമാനം വർദ്ധനയോടെ 127 ലക്ഷം കോടി രൂപയായി. അതിവേഗം വളരുന്ന ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ വായ്പകൾ ലഭ്യമാക്കുന്നതിൽ പൊതുമേഖല ബാങ്കുകൾക്കുള്ള ശേഷിയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മികച്ച പ്രകടനം വ്യക്തമാക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

കിട്ടാക്കടങ്ങൾ കുറയുന്നു

അവലോകന കാലയളവിൽ കിട്ടാക്കടം ഗണ്യമായി കുറയ്ക്കാൻ പൊതുമേഖല ബാങ്കുകൾക്ക് കഴിഞ്ഞു. മൊത്തം നിഷ്ക്രിയ ആസ്തി 1.93 ശതമാനമായി കുറഞ്ഞു. അറ്റ എൻ.പി.എ 0.39 ശതമാനത്തിലേക്ക് താഴ്ന്നു. എല്ലാ പൊതുമേഖല ബാങ്കുകളുടെയും പ്രൊവിഷനിംഗ് തോത് 90 ശതമാനത്തിന് മുകളിലാണ്. കിട്ടാക്കടങ്ങൾ പിരിക്കുന്നതിൽ ബാങ്കുകൾ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. എഴുതി തള്ളിയ അക്കൗണ്ടുകളിൽ നിന്നടക്കം 86,971 കോടി രൂപയാണ് കിട്ടാക്കടങ്ങളിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പിരിച്ചെടുത്തത്.

മൊത്തം ബിസിനസ്

283.3 ലക്ഷം കോടി രൂപ

പൊതുമേഖല ബാങ്കുകൾ

എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്ട്ര, പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360