SignIn
Kerala Kaumudi Online
Saturday, 23 May 2026 6.14 PM IST

പാകിസ്ഥാനെ വിറപ്പിച്ച എസ്-400 നാലാം യൂണിറ്റ് മെയ് പകുതിയോടെ ഇന്ത്യയിലെത്തും; അഞ്ചാം യൂണിറ്റ് നവംബറിൽ

s400-system

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് കരുത്തുപകര്‍ന്ന് റഷ്യയില്‍ നിന്നുള്ള നാലാമത്തെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം മെയ് പകുതിയോടെ രാജ്യത്തെത്തും. കഴിഞ്ഞയാഴ്ച റഷ്യയില്‍ വച്ച് ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ നടത്തിയ പ്രീ-ഡിസ്പാച്ച് പരിശോധനകള്‍ക്ക് ശേഷമാണ് സംവിധാനം ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ നിർണ്ണായക പങ്കുവഹിച്ച എസ്–400 പാകിസ്ഥാനിൽ നിന്നുള്ള ഭീഷണികള്‍ നേരിടുന്നതിനായി രാജസ്ഥാന്‍ അതിര്‍ത്തി മേഖലയിൽ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഞ്ച് എസ്-400 സംവിധാനങ്ങള്‍ കൂടി അധികമായി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. നവംബറോടെ ഇന്ത്യയിലെത്തുന്ന അഞ്ച് എസ്-400 ചൈനയുമായുള്ള അതിർത്തിയിൽ വിന്യസിപ്പിക്കാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്.

ശത്രുക്കളുടെ യുദ്ധവിമാനങ്ങള്‍, നിരീക്ഷണ വിമാനങ്ങള്‍, ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ എന്നിവയെ 400 കിലോമീറ്റര്‍ ദൂരപരിധിയില്‍ വെച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് എസ്-400. ഓപ്പറേഷന്‍ സിന്ദൂറില്‍ എസ്-400 സംവിധാനം ഇന്ത്യ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. അതേസമയം, റഷ്യയില്‍ നിന്ന് 12 ‘പാന്റ്സിര്‍’ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ഇതില്‍ 40 എണ്ണം ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി നിര്‍മ്മിക്കുന്നതും പരിഗണനയിലുണ്ട്. ഒപ്പം 280 പുതിയ ഹ്രസ്വ–ദീർഘദൂര എസ്–400 മിസൈലുകൾ വാങ്ങാനും ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ എസ്–400 ഉൾപ്പെടെ ഏകദേശം 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ പ്രധാനമായും വ്യോമസേനയ്‌ക്കായി എസ്-400 മിസൈലുകള്‍, ഇടത്തരം ഗതാഗത വിമാനങ്ങള്‍, ആര്‍മിക്കായി ധനുഷ് ഗണ്‍ സിസ്റ്റം, വ്യോമപ്രതിരോധ ട്രാക്ക്ഡ് സിസ്റ്റം, കോസ്റ്റ് ഗാര്‍ഡിനായി ആധുനിക പെട്രോളിംഗ് വാഹനങ്ങള്‍ എന്നിവയാണ് അവ. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 6.73 ലക്ഷം കോടി രൂപയുടെ 55 പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ക്കാണ് ഡി.എ.സി അംഗീകാരം നല്‍കിയത്. ഇത് ഒരു സാമ്പത്തിക വര്‍ഷത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിരോധ സംഭരണ നടപടിയാണ്. ഇന്ത്യയുടെ പ്രതിരോധ മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിലും ഈ നീക്കങ്ങള്‍ നിര്‍ണ്ണായകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S400 SYSTEM, DEFENCE SYSTEM, RUSSIA, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360