
ന്യൂഡൽഹി: നേതൃത്വവുമായുള്ള സമവായ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല വീണ്ടും രാജിക്കത്ത് നൽകി. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം സ്വകാര്യ മേഖലയിൽ ജോലി തേടുകയാണെന്ന് ഷെഹ്‌സാദ് പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടി വിടുന്നുവെന്നു കാട്ടി കഴിഞ്ഞ മാസം 30ന് അയച്ച രാജിക്കത്ത് ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, ജെ.പി. നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയവരുടെ മാർഗനിർദ്ദേശത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. മറ്റൊരു രാജ്യത്തും പാർട്ടിയിലും കുടുംബ പാരമ്പര്യമില്ലാത്ത യുവ, പസ്‌മാന്ത മുസ്ലിം സമുദായാംഗത്തിന് അംഗീകാരം ലഭിക്കില്ല. മോദിയുടെ കീഴിൽ കൂടുതൽ വീര്യത്തോടെയും അഭിനിവേശത്തോടെയും തുടരുമെന്നും പറഞ്ഞു.
2017ൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് പൂനാവാല ബി.ജെ.പിയിൽ ചേരുന്നത്. പിന്നാലെ അദ്ദേഹത്തെ പാർട്ടിയുടെ ദേശീയ വക്താവായി നിയമിക്കുകയും ചെയ്തു. ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് രാജിയെന്ന് സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |