SignIn
Kerala Kaumudi Online
Monday, 18 May 2026 9.02 PM IST

ഒരൊറ്റ പിഴവ്; ജര്‍മ്മനിയില്‍ അതിന് ശിക്ഷ ജോലി നഷ്ടം; 'പണി കിട്ടിയത്' നഴ്‌സിന്

job


ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മ്മനി): ജോലി സമയത്ത് വരുത്തുന്ന ഒരു ചെറിയ പിഴവ്, അല്ലെങ്കില്‍ അബദ്ധം. അത് നിങ്ങളുടെ കരിയറിനെ അപ്പാടെ മാറ്റി മറിച്ചേക്കാം. ജോലി ചെയ്യുന്നത് ആരോഗ്യ രംഗത്ത് ആണെങ്കില്‍ ശ്രദ്ധ കൂടുതല്‍ വേണ്ടിവരികയും ചെയ്യും. ഫ്രാങ്ക്ഫര്‍ട്ട് സര്‍വകലാശാലയിലെ ക്ലിനിക്കില്‍ തനിക്ക് പറ്റിയ ഒരു പിഴവ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ജോലി നഷ്ടപ്പെടുന്നതിലേക്കാണ് എത്തിച്ചത്. സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോം വഴി ലൈവ് സ്ട്രീമിംഗ് നടത്തിയതാണ് യുവതിക്ക് തിരിച്ചടിയായത്.

നെഫ്രോളജി വാര്‍ഡില്‍ ഡ്യൂട്ടി നോക്കുകയായിരുന്നു യുവതി. ഈ സമയം തന്റെ സ്മാര്‍ട്ട് ഫോണില്‍ നിന്ന് ടിക് ടോക് ആപ്പില്‍ ലൈവ് പോകുകയും അത് നിരവധി ആളുകള്‍ വീക്ഷിക്കുകയും ചെയ്തതോടെയാണ് വൈറല്‍ നഴ്‌സിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടാന്‍ തീരുമാനിച്ചതിന് പിന്നില്‍. ഒരു ആരോഗ്യപ്രവര്‍ത്തകയെ സംബന്ധിച്ച് തന്റെ രോഗികളുടെ സ്വകാര്യത സംരക്ഷിക്കുകയെന്ന ഉന്നതമായ ഉത്തരവാദിത്തം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച വന്നുവെന്നാണ് കണ്ടെത്തല്‍.

ജോലിക്കിടയില്‍ സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നതും തമാശ പറയുന്നതുമൊക്കെ ലൈവ് സ്ട്രീമിലൂടെ ലോകം കണ്ടു. എന്നാല്‍ തമാശകള്‍ അതിരുവിട്ടപ്പോള്‍ അത് നിയമലംഘനമായി മാറി. സഹായത്തിനായി ബെല്ലടിച്ച രോഗിയെ ക്രൂരമായി പരിഹസിക്കുകയും, 'രോഗിയുടെ വിരല്‍ അറുത്തുമാറ്റാന്‍ പോക്കറ്റ് കത്തി വാങ്ങണം' എന്ന് മറ്റൊരു നഴ്‌സ് കമന്റ് ചെയ്യുകയും ചെയ്തത് ലൈവില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് കടുത്ത നടപടിക്ക് സാഹചര്യമൊരുങ്ങിയത്.

ഒരു രോഗിയുടെ സ്വകാര്യതയ്ക്ക് മുന്തിയ പരിഗണനയെന്നതാണ് ജര്‍മ്മനിക്കാര്‍ പിന്തുടരുന്ന നയം. പേരോ, വിവരമോ, താമസിക്കുന്ന മുറിയോ, മുഖം, ശരീര ഭാഗം എന്നിവ ചിത്രീകരിക്കുകയോ ചെയ്താല്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിട്ടാണ് വിലയിരുത്തപ്പെടുക. അതുകൊണ്ട് തന്നെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ജര്‍മ്മനിയില്‍ ജോലി ചെയ്യുമ്പോള്‍ ഡേറ്റ പ്രൊട്ടക്ഷന്‍ പോലുള്ള കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കിയില്ലെങ്കില്‍ ജോലി നഷ്ടം മാത്രമല്ല ചിലപ്പോള്‍ അഴിയെണ്ണേണ്ട സാഹചര്യം പോലുമുണ്ടായേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, EUROPE, EUROPE NEWS, JOB LOSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360