
ബീജിംഗ്: ചൈനയിലെ മരുഭൂമിയിൽ വൻ സൈനിക സമുച്ചയം നിർമിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് സൈന്യത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ മിസൈലുകൾ സൂക്ഷിക്കുന്ന ന്യൂക്ലിയർ സിലോകൾക്ക് (വലിയ തോതിൽ സാധനങ്ങൾ സൂക്ഷിക്കാനുള്ള നിർമിതി) സമീപത്തായി ആയിരക്കണക്കിന് കിലോമീറ്ററുകൾ വ്യാപ്‌തിയിൽ ലോഞ്ച് പാഡുകൾ, ബങ്കറുകൾ, ആശയവിനിമയ നോഡുകൾ എന്നിവയുടെ വിശാലമായ ശൃംഖലയാണ് ചൈന നിർമ്മിക്കുന്നതെന്നാണ് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിഷയങ്ങളിൽ അമേരിക്കയുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് നിർമാണമെന്നതും ശ്രദ്ധേയം.
മൊബൈൽ മിസൈൽ ലോഞ്ചറുകൾക്കും വ്യോമ പ്രതിരോധ ബാറ്ററികൾക്കുമായി ഉപയോഗിക്കാവുന്ന 80ലധികം പാഡുകൾ ചിത്രങ്ങളിൽ കാണാം. ഇലക്ട്രോണിക് യുദ്ധം, ഉപഗ്രഹ ആശയവിനിമയം, കമാൻഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹായകമായ സൗകര്യങ്ങളും ഇവിടെയുണ്ടെന്നാണ് ചിത്രങ്ങൾ വിലയിരുത്തിയതിൽ നിന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്.
കരയിലെ ആണവ സേനകളെ സംരക്ഷിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെ വിപുലമായ വികാസത്തിലേക്കാണ് ചിത്രങ്ങൾ വിരൽ ചൂണ്ടുന്നത്. തായ്‌വാന്റെ പരമാധികാരം പോലുള്ള വിഷയങ്ങളിൽ പിരിമുറുക്കങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള ആണവ മത്സരം രൂക്ഷമാകുന്നതിന്റെ സൂചനയും ഇത് നൽകുന്നു.
മരുഭൂമിയിലെ സിലോകളെ സംരക്ഷിക്കുകയെന്നത് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കാനുള്ള നയമാണിത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് (പിഎൽഎ) അന്തർവാഹിനികളിൽ നിന്നും വിമാനങ്ങളിൽ നിന്നും ആണവായുധങ്ങൾ പ്രയോഗിക്കാൻ കഴിയുമെങ്കിലും വടക്കുപടിഞ്ഞാറൻ സിൻജിയാംഗ് മേഖലയിലെയും ഗാൻസു പ്രവിശ്യയിലെയും സിലോ ഫീൽഡുകളാണ് അവരുടെ ആണവ ശക്തികളുടെ കാതൽ.

പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സൈനിക ആധുനികവൽക്കരണത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഒന്നാണ് ആണവ നിർമ്മാണം. ബീജിംഗിന്റെ സുതാര്യതയില്ലായ്മയും ചൈനീസ് നേതൃത്വവുമായി ഇടപഴകാനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ പരാജയവുമായാണ് ചില വിദേശ നയതന്ത്രജ്ഞർ ഇതിനെ വിശേഷിപ്പിക്കുന്നത്.
ചൈനയുടെ സിദ്ധാന്തത്തിന്റെ മൂലക്കല്ല് "ആദ്യം ആക്രമിക്കില്ല" എന്ന നയമാണ്. ചൈനീസ് സൈന്യം ഒരു ആണവ കൈമാറ്റത്തിനും തുടക്കമിടില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ തായ്‌വാനുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പുറത്തുനിന്നുള്ള പങ്കാളിത്തം പരിമിതപ്പെടുത്താൻ ചൈന ആണവപ്രയോഗം നടത്താൻ സാദ്ധ്യതയുണ്ടെന്ന് ചില മുതിർന്ന പാശ്ചാത്യ നയതന്ത്രജ്ഞരും വിശകലന വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.
കിഴക്കൻ സിൻജിയാംഗിൽ രണ്ട് അഷ്ടഭുജാകൃതിയിലുള്ള ഇൻസ്റ്റാളേഷനുകളെ കേന്ദ്രീകരിച്ചാണ് പുതിയ സമുച്ചയങ്ങൾ നിർമിച്ചിരിക്കുന്നത്. ആറ് വർഷംകൊണ്ടാണ് ഇവ നിർമ്മിച്ചതെന്നാണ് റിപ്പോർട്ട്. രണ്ട് സമുച്ചയങ്ങളും ഹാമി ന്യൂക്ലിയർ സൈലോ ഫീൽഡുകളുടെ തെക്ക് പടിഞ്ഞാറായിട്ടാണ് സ്ഥിതി ചെയ്യുന്നത്. സിൻജിയാംഗിൽ നിന്ന് ഒന്ന് ഏകദേശം 140 കിലോമീറ്റർ അകലെയും മറ്റൊന്ന് ഏകദേശം 230 കിലോമീറ്ററും അകലെയാണ്.
അഷ്ടഭുജാകൃതിയിലുള്ള ഘടനകളിൽ ഉദ്യോഗസ്ഥർക്കും വലിയ സൈനിക വാഹനങ്ങൾക്കും പാർപ്പിടം ഉണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. കവചിത ബങ്കറുകളും ഉറപ്പുള്ള ആയുധ സംഭരണ മേഖലകളും, അഷ്ടഭുജാകൃതികളെ ഹാമി സൈലോകളുമായി ബന്ധിപ്പിക്കുന്ന എയർഫീൽഡുകളും റെയിൽ ഹെഡുകളും സമുച്ചയങ്ങൾക്ക് ചുറ്റുമായുണ്ട്.

ഈ മാസവും ഏപ്രിലിലും സമുച്ചയങ്ങൾക്ക് ചുറ്റും വലിയ സൈനിക വാഹനങ്ങൾ ഉൾപ്പെടുന്ന അഭ്യാസങ്ങൾ നടന്നതായി ചിത്രങ്ങൾ കാണിക്കുന്നു. ചിത്രങ്ങളിൽ വലിയ ടെന്റുകളും വിക്ഷേപണ കേന്ദ്രങ്ങളും കാണാം. ചിലത് വ്യോമ പ്രതിരോധ മിസൈൽ ബാറ്ററികളാണെന്നാണ് നിഗമനം. അതേസമയം, ചൈന ലോഞ്ച് പാഡുകളിൽ വിന്യസിച്ചേക്കാവുന്ന ആയുധങ്ങൾ, അഷ്ടഭുജ ഘടനകളിൽ ട്രക്ക് ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടോ, ആണവ വാർഹെഡുകൾ ഘടിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടോ എന്നീ കാര്യങ്ങളെല്ലാം അവ്യക്തമാണ്.
മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തിൽ ചൈന തങ്ങളുടെ ആണവായുധ ശേഷി വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥരും ആയുധ നിയന്ത്രണ വിശകലന വിദഗ്ദ്ധരും പറയുന്നു. ചൈനയുടെ വാർഹെഡ് ഉത്പാദനം മന്ദഗതിയിലായെങ്കിലും 2030 ആകുമ്പോഴേക്കും 1000 വാർഹെഡുകൾ വിന്യസിക്കാനുള്ള പാതയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈന മൂന്ന് പ്രധാന സൈലോ ഫീൽഡുകളിലായി 100 ഐസിബിഎമ്മുകൾ കയറ്റാൻ സാദ്ധ്യതയുണ്ടെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ഹുവോയാൻ-1 ഉപഗ്രഹങ്ങളുടെ പിന്തുണയോടെ മുന്നറിയിപ്പ് സംവിധാനവും ചൈന ശക്തിപ്പെടുത്തുന്നുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിക്ഷേപിച്ചതിന് 90 സെക്കൻഡിനുള്ളിൽ തങ്ങളെ ലക്ഷ്യം വച്ച് വരുന്ന ബാലിസ്റ്റിക് മിസൈൽ കണ്ടെത്താനും മൂന്ന് മുതൽ നാല് മിനിറ്റിനുള്ളിൽ ഒരു കമാൻഡ് സെന്ററിനെ അറിയിക്കാനും ഈ സംവിധാനത്തിന് കഴിയുമെന്ന് യുഎസ് നിരീക്ഷകർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |