
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം മഴ ലഭിച്ചുവെങ്കിലും ചൂട് പൂർണമായും മാറിയിട്ടില്ല. ഇന്നലെ പല ജില്ലകളിലും കഠിനമായ ചൂട് അനുഭവപ്പെട്ടു. മാത്രമല്ല, രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോൾ ചൂട് വർദ്ധിച്ചുവരികയാണ്. ഉത്തർപ്രദേശിലെ ചില സ്ഥലങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത്രയും കഠിനമായ ചൂട് സൂര്യാതപത്തിനും മറ്റ് രോഗങ്ങൾക്കുമുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതാണ്. ഇന്ത്യയിൽ പുരുഷന്മാരാണ് ചൂട് കാരണം രോഗികളാവുന്നതിൽ കൂടുതലുമെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. എന്തുകൊണ്ടാണ് പുരുഷന്മാർക്ക് ഈ പ്രശ്‌നം വരുന്നതെന്ന് പരിശോധിക്കാം.
എന്താണ് ഹീറ്റ് സ്‌ട്രോക്ക്?
ശരീരം അമിതമായി ചൂടാകുന്നത് മൂലമാണ് ഹീറ്റ് സ്ട്രോക്ക് ഉണ്ടാകുന്നത്. ഉടൻതന്നെ ചികിത്സിച്ചില്ലെങ്കിൽ ഓക്കാനം, അപസ്‌മാരം, തലകറക്കം, ബോധം നഷ്‌ടപ്പെടൽ, അവയവങ്ങളുടെ പ്രവർത്തനം തകരാറിലാവുക തുടങ്ങിയ അവസ്ഥയ്‌ക്ക് കാരണമാകും. ലോകത്ത് പലയിടത്തും ഹീറ്റ് സ്ട്രോക്ക് കാരണമുള്ള മരണങ്ങൾ വർദ്ധിച്ചുവരികയാണ്. 2000ത്തിനും 2019നും ഇടയിലെ പഠനങ്ങൾ പ്രകാരം, പ്രതിവർഷം 4,89,000പേർ അമിതമായ ചൂട് കാരണം മരണപ്പെടുന്നുണ്ട്. ഇതിൽ 45 ശതമാനം ഏഷ്യയിലും 36 ശതമാനം യൂറോപ്പിലുമാണ്.
ഇന്ത്യയിലെ ഹീറ്റ് സ്‌ട്രോക്ക് മരണങ്ങൾ
ഇന്ത്യയിൽ എല്ലാ വർഷവും ഡസൻ കണക്കിന് ഹീറ്റ് സ്‌ട്രോക്ക് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എൻസിആർബി ഡാറ്റ പ്രകാരം, 2024ൽ ഇന്ത്യയിൽ 1,832പേർ ഹീറ്റ് സ്‌ട്രോക്ക് കാരണം മരണപ്പെട്ടു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2015ൽ 1,906പേർ ഹീറ്റ് സ്‌ട്രോക്ക് കാരണം മരണപ്പെട്ടു. 2021ൽ 374 ഹീറ്റ് സ്‌ട്രോക്ക് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ ജൂൺ വരെ 7000ത്തിലധികം പേരാണ് ഹീറ്റ് സ്‌ട്രോക്ക് കാരണം മരണപ്പെട്ടത്.

ചൂട് കാലാവസ്ഥയിൽ തലകറക്കം, ഓക്കാനം അല്ലെങ്കിൽ കടുത്ത ക്ഷീണം പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ ശ്രദ്ധിക്കണം. സമീപത്തുള്ള ആർക്കെങ്കിലും ഇത്തരം ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഒആർഎസ്, വെള്ളം മുതലായവ നൽകുക. കുട്ടികൾ, പ്രായമായവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്കാണ് ഈ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതൽ.
ഹീറ്റ് സ്‌ട്രോക്ക് സാദ്ധ്യത കൂടുതൽ പുരുഷന്മാരിൽ
എൻസിആർബിയുടെ ഡാറ്റ പ്രകാരം ഹീറ്റ് സ്‌ട്രോക്ക് സാദ്ധ്യത കൂടുതലുള്ളത് പുരുഷന്മാരിലാണ്. 2024ൽ സ്‌ത്രീകളെ അപേക്ഷിച്ച് വ്യത്യസ്‌ത പ്രായത്തിലുള്ള പുരുഷന്മാരാണ് മരിച്ചതിൽ ഭൂരിഭാഗവും. റിപ്പോർട്ട് പ്രകാരം, 30 -44 വയസിനിടയിൽ പ്രായമുള്ള 525 പുരുഷന്മാരും 45 -59 വയസിനിടയിൽ പ്രായമുള്ള 577 പുരുഷന്മാരുമാണ് മരണപ്പെട്ടത്. എന്നാൽ, ഇതിനെ അപേക്ഷിച്ച് സ്‌ത്രീകളുടെ മരണനിരക്ക് വളരെ കുറവായിരുന്നു.
പുരുഷന്മാർ ദീർഘനേരം വെയിലുള്ള സ്ഥലങ്ങളിൽ നിൽക്കുന്നതും ജോലി ചെയ്യുന്നതുമാണ് ഹീറ്റ് സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണം. നിർമാണം, പെയിന്റിംഗ്, ഓൺലൈൻ ഡെലിവറി, കൃഷി തുടങ്ങി വെയിലേൽക്കുന്ന ജോലികൾ ചെയ്യുന്നവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ശാരീരികവും തൊഴിൽപരവുമായ വിവിധ ഘടകങ്ങൾ കാരണമാണ് പുരുഷന്മാരിൽ അപകടസാദ്ധ്യത കൂടുന്നത്.

പുരുഷന്മാരുടെ ശരീരത്തിൽ പേശികൾ കൂടുതലായത് കാരണം ഉപാപചയ നിരക്ക് കൂടുതലാണ്. ഇക്കാരണത്താൽ ശാരീരിക പ്രവർത്തന സമയത്ത് സമയത്ത് കൂടുതൽ താപ ഉൽപ്പാദനത്തിലേക്ക് നയിക്കുന്നു. അവർ കൂടുതൽ വിയർക്കുമെങ്കിലും അതികഠിനമായ ചൂട് ഹീറ്റ് സ്‌ട്രോക്കിലേക്ക് നയിക്കുന്നു. ഈ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പുരുഷന്മാർ ചികിത്സ തേടണം. ക്ഷീണം അനുഭവപ്പെട്ടാലും അത് കാര്യമാക്കാതെ പുരുഷന്മാർ ജോലി തുടരും. ഇതാണ് മരണത്തിലേക്ക് പോലും നയിക്കുന്നതെന്നാണ് മുതിർന്ന ഡോക്‌ടർമാർ പറയുന്നത്.
കൃത്യമായി വെള്ളം കുടിക്കുക, മണിക്കൂറുകളോളം വെയിലത്ത് നിൽക്കാതിരിക്കുക, ചെറിയ അസ്വസ്ഥതകൾ തോന്നിയാൽ പോലും ചികിത്സ തേടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഹീറ്റ് സ്‌ട്രോക്കിൽ നിന്ന് രക്ഷനേടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |