SignIn
Kerala Kaumudi Online
Wednesday, 29 July 2026 1.09 PM IST

ഇന്ത്യയിലെ ജെൻ സി പ്രക്ഷോഭം പാകിസ്ഥാനിൽ നടക്കില്ല; ശ്രീലങ്ക, നേപ്പാൾ, ബംഗ്ളാദേശ് പാതയിലെത്താത്തതിന് കാരണം

pakistan-march
പാകിസ്ഥാനിൽ നടന്ന പ്രതിഷേധ മാർച്ച്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതോടെ കേന്ദ്രസർക്കാരിനെ മുൾമുനയിലാക്കിയ കോക്രോച്ച് ജനതാ പാർട്ടിയുടെ ജെൻസി സമരത്തിന് വിജയകരമായ പരിസമാപ്തിയായി. ജന്തർ മന്തറിൽ 36 ദിവസമായി നടത്തിവന്ന സമരമാണ് ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ചത്. ഇതോടെ വിദ്യാർത്ഥി പ്രക്ഷോഭം രാഷ്ട്രീയത്തെ പുനർനിർമിച്ച ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. എന്നാൽ ഇന്ത്യയുടെ അയൽക്കാരനായ പാകിസ്ഥാന് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.

2022നും 2025നുമിടയിൽ ഇന്ത്യയുടെ മറ്റ് അയൽരാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാൾ എന്നിവർ വൻ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇത് ഭരണത്തിലിരുന്ന സർക്കാരിന്റെ പതനത്തിനും കാരണമായി. എന്നാൽ പാകിസ്ഥാനിലെ പ്രക്ഷോഭത്തിനുമാത്രം ആളിക്കത്താൻ സാധിച്ചില്ല.

ഒരു വൻ വിദ്യാർത്ഥി പ്രക്ഷോഭത്തിനുള്ള എല്ലാ ചേരുവകകളും ഇപ്പോഴും പാകിസ്ഥാനിലുണ്ട്. പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തുകയാണ്. ഐഎംഎഫിന്റെ പിൻബലത്തിലാണ് രാജ്യം മുന്നോട്ടുപോകുന്നത്. ദക്ഷിണേഷ്യയിൽതന്നെ ഏറ്റവും കൂടുതൽ തൊഴിൽരഹിതരായ യുവാക്കളുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. എന്നിരുന്നാലും അയൽരാജ്യങ്ങളിലേതുപോലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പാകിസ്ഥാനെ കുലുക്കാൻ സാധിച്ചില്ല.

കോക്രോച്ച് ജനതാ പാ‌ർട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി പ്രക്ഷോഭം വിജയം കണ്ടപ്പോൾ നിരവധി പാക് യുവാക്കളാണ് പ്രശംസകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഇത്തരം പ്രക്ഷോഭങ്ങൾ തങ്ങൾക്ക് കഴിയാത്തതിൽ പലരും നിരാശയും പങ്കുവച്ചു. 'നമുക്കൊരവസരം കിട്ടിയാൽ നമ്മളും ഇതുപോലെ തെരുവിലിറങ്ങണം. കോക്രോച്ച് ജനതാ പാർട്ടി തികച്ചും വിസ്‌മയമാണ്' എന്നിങ്ങനെയുള്ള കമന്റുകളായിരുന്നു പാകിസ്ഥാനിൽ നിന്ന് ഉയർന്നത്.

പാകിസ്ഥാനിൽ സൈന്യത്തിന് രാഷ്ട്രീയത്തിലും സമൂഹത്തിലും ശക്തമായ സ്വാധീനമുണ്ട്. യുവാക്കളുടെ സംഘടിത പ്രക്ഷോഭങ്ങൾ രാജ്യത്ത് നിശബ്ദമാക്കപ്പെടുന്ന കാഴ്ചയാണുള്ളത്. എന്നിരുന്നാലും പാകിസ്ഥാനും ചെറുത്തുനിൽപ്പുകളുടെ ചരിത്രമുണ്ട്. സിയാ-ഉൽ-ഹഖിന്റെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരായ പ്രതിഷേധം, പർവേസ് മുഷറഫിന്റെ ജുഡീഷ്യറി അടിച്ചമർത്തലിനെതിരായ അഭിഭാഷക പ്രതിഷേധം, ബലൂചിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കാശ്മീരിലെയും ആക്ടിവിസ്റ്റുകൾ നയിച്ച സമീപകാല പ്രതിഷേധങ്ങൾ എന്നിവ ഇതിനുദാഹരണമാണ്.

അയൽരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പാകിസ്ഥാനിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ബലഹീനത, പതിറ്റാണ്ടുകളായി ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭരണകൂട അടിച്ചമർത്തൽ, നിലവിലുള്ള പ്രസ്ഥാനങ്ങൾക്ക് വിശാലവും ഐക്യവുമായ ഒരു മുന്നണിയിലേക്ക് എത്തിപ്പെടാൻ കഴിയാത്തത് തുടങ്ങിയ ഘടകങ്ങളാണ് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വിജയകരമാകാത്തതിന്റെ കാരണങ്ങളായി വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ വിദ്യാർത്ഥി-യുവജന വിഭാഗങ്ങൾ നിലകൊള്ളുമ്പോൾ ശക്തമായ വിദ്യാർത്ഥി രാഷ്ട്രീയ പാരമ്പര്യമില്ലാത്തതുകൊണ്ട് പാകിസ്ഥാൻ വേറിട്ടുനിൽക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തെ അടിച്ചമർത്തുന്ന ജനറൽ സിയാ-ഉൾ-ഹഖിന്റെ സൈനിക ഭരണത്തിന്റെ പാരമ്പര്യമാണ് ഇതിനുകാരണം. ജനറൽ സിയ 1980കളിലാണ് വിദ്യാർത്ഥി യൂണിയനുകൾ നിരോധിച്ചത്. ഇവയിൽ ഭൂരിഭാഗവും പുനഃസ്ഥാപിച്ചിട്ടില്ല.

ഈ നിരോധനത്തിന് മുമ്പ് പാകിസ്ഥാനിൽ വിദ്യാർത്ഥി രാഷ്ട്രീയം തഴച്ചുവളർന്നിരുന്നു. 1968-69 കാലഘട്ടത്തിലെ ജനകീയ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ വിദ്യാർത്ഥി ഗ്രൂപ്പുകളായിരുന്നു. മാസങ്ങൾ നീണ്ടുനിന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ശേഷം പ്രസിഡന്റ് അയൂബ് ഖാനെ രാജിവയ്ക്കാൻ പോലും ഈ പ്രക്ഷോഭങ്ങൾ നിർബന്ധിതരാക്കി. എന്നിരുന്നാലും, സിയയുടെ കീഴിൽ വിദ്യാർത്ഥി യൂണിയനുകളെ അടിച്ചമർത്തിയത് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ശക്തി ക്ഷയിപ്പിച്ചു.

അതിനുശേഷം പാകിസ്ഥാനിൽ യുവാക്കൾ നയിക്കുന്ന രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ വളരെ കുറവുമാത്രമാണ് സംഭവിച്ചത്. 2018നും 2022നും ഇടയിൽ നടന്ന സ്റ്റുഡന്റ്സ് സോളിഡാരിറ്റി മാർച്ച് മാത്രമാണ് ശ്രദ്ധേയമായ പ്രക്ഷോഭമായി ചൂണ്ടിക്കാണിക്കാനുള്ളത്. വിദ്യാർത്ഥി യൂണിയനുകൾ പുനഃസ്ഥാപിക്കണമെന്നും വിദ്യാർത്ഥികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ആക്ടിവിസ്റ്റുകളുടെ ആവർത്തിച്ചുള്ള ആഹ്വാനങ്ങൾ ഉണ്ടായിട്ടും വിദ്യാർത്ഥി യൂണിയനുകൾക്കെതിരായ നിരോധനം പാകിസ്ഥാനിൽ ഇപ്പോഴും നിലനിൽക്കുന്നു. ദക്ഷിണേഷ്യയിലെ മറ്റിടങ്ങളിലെ യുവജന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തിയ തരത്തിലുള്ള സംഘടിത ക്യാമ്പസ് നെറ്റ്‌വർക്കുകൾ പാകിസ്ഥാനിൽ ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

സിജെപി പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളുടെ ഐക്യമായിരുന്നു ഏറ്റവും വലിയ ശക്തി. പാകിസ്ഥാനിൽ ഇത് ഒരു വെല്ലുവിളിയാണെന്ന് പൗരന്മാർതന്നെ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിൽ പഞ്ചാബികളും പഷ്തൂണുകളും, സുന്നികളും ഷിയകളും ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. പാകിസ്ഥാനിലെ ജെൻ സിക്ക് ഇങ്ങനെ ഒന്നിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും സമൂഹമാദ്ധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നു.

English Summary

The article claims a student-led protest forced India's education minister to resign and compares it with Pakistan, arguing Pakistan has failed to sustain similar movements due to weak student politics, restrictions on student unions, military influence, and social divisions. It also highlights Pakistan's history of protests and ongoing calls to restore student unions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GEN Z PROTEST, PAKISTAN GEN Z PROTEST, PAKISTAN STUDENT PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360