SignIn
Kerala Kaumudi Online
Monday, 01 June 2026 5.00 PM IST

ഇനി ഹോർമുസ് പേടി വേണ്ട: എണ്ണ മുതൽ ഈത്തപ്പഴം വരെ കുറഞ്ഞ നിരക്കിൽ ഇന്ത്യയിലെത്തും

narendra-modi

ഇന്ത്യൻ തൊഴിൽ കേന്ദ്രീകൃത കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് സീറോ ഡ്യൂട്ടി പ്രവേശനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യ-ഒമാൻ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മസ്‌കറ്റ് സന്ദർശന വേളയിലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) ഒപ്പുവച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും ചേർന്നുള്ള ഈ കരാർ ഏറെ പ്രസക്തമാണ്.

യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതതം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യ-ഒമാൻ സിഇപിഎ പ്രാബല്യത്തിൽ വരുന്നത്. തന്ത്രപരമായി ഏറെ പ്രധാന്യമുള്ള ഈ ഊർജ ഇടനാഴിയിലൂടെയാണ് ആഗോള ദൈനംദിന എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും (ഏകദേശം 20 ശതമാനം) ആഗോള സമുദ്രമാർഗ എണ്ണ വ്യാപാരത്തിന്റെ 25 ശതമാനവും വിനിമയം ചെയ്യപ്പെടുന്നത്.

ഒമാന്റെ ഭൗമപരമായ സ്ഥാനമാണ് കരാറിന്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നത്. ഹോർമുസിൽ ഇറാന്റെ പിടിമുറുക്കൽ സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണയുടെയും എൽപിജിയുടെയും വരവിനെ തടസപ്പെടുത്തി. ഇത് അസംസ്കൃത എണ്ണയുടെ വിലയിൽ വർദ്ധനവിന് കാരണമായി. എന്നാൽ ഒമാന്റെ തീരപ്രദേശത്തിന്റെ ഭൂരിഭാഗവും ഹോർമുസ് കടലിടുക്കിന് പുറത്താണ്. അതിനാൽ ഒമാന്റെ സലാല, ദുകം തുടങ്ങിയ പ്രധാന തുറമുഖങ്ങൾ വഴി പശ്ചിമേഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾ വേഗത്തിലും കുറഞ്ഞ ചെലവിലും എത്തിക്കാൻ സാധിക്കും. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിക്കുന്നു.

പുതിയ കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള 98.08 ശതമാനം ഉൽപ്പന്നങ്ങൾക്കും ഒമാനിൽ 100 ശതമാനം നികുതി രഹിത വിപണി ലഭിക്കും,​ നിലവിൽ അഞ്ച് ശതമാനം ഇറക്കുമതി തീരുവ നേരിടുന്ന ടെക്സ്റ്റൈൽസ്,​ കാർഷിക ഉൽപ്പന്നങ്ങൾ,​ വാഹനങ്ങൾ,​ പ്രൊസസ്ഡ് ഫുഡ്,​ രത്‌നങ്ങളും ആഭരണങ്ങളും,​ മരുന്നുകൾ,​ വാക്സിനുകൾ, തുടങ്ങിയ മേഖലകൾക്ക് ഇത് ആഗോള വിപണിയിൽ വലിയ മത്സരശേഷി നൽകും. കരാർ നിലവിൽ വരുന്ന ആദ്യ ദിവസം മുതൽ തന്നെ ഈ ആനുകൂല്യം ലഭ്യമാകും.

കൂടാതെ പ്രകൃതിദത്ത തേൻ, അണ്ടിപ്പരിപ്പ്, ഉരുളക്കിഴങ്ങ്, ഇറച്ചി, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയും നികുതിയില്ലാതെ ഒമാനിലേക്ക് കയറ്റി അയയ്ക്കാം. നിലവിൽ ഇത്തരം ഉൽപ്പന്നങ്ങൾക്ക് ഒമാനിൽ 5 മുതൽ 100 ശതമാനം വരെ നികുതിയുണ്ട്. പകരമായി ഒമാനിൽ നിന്നുള്ള ഈത്തപ്പഴം ഇന്ത്യൻ വിപണിയിൽ വിലകുറച്ച് ലഭ്യമാകും. പ്രതിവർഷം 2,000 ടൺ ഒമാനി ഈത്തപ്പഴത്തിന് ഇന്ത്യ നികുതിയിളവ് നൽകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുന്നതിലൂടെ ഇരുമ്പുരുക്ക്, അലുമിനിയം, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, മെഷീനറികൾ എന്നിവയുടെ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും.

ഒമാനിലെ പ്രധാന സേവന മേഖലകളിൽ 100% വിദേശ നിക്ഷേപത്തിനുള്ള (എഫ്ഡിഐ) അവസരവും ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കും. കരാർ അടിസ്ഥാനത്തിൽ സേവനം നൽകാൻ ഒമാനിലേക്കു പോകുന്ന വിദഗ്ധർക്ക് അവിടെ താമസിക്കുന്നതിനുള്ള കാലാവധി രണ്ട് വർഷമായി വർദ്ധിപ്പിക്കും. അതിനുശേഷം രണ്ട് വർഷത്തേക്ക് കൂടി കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്. നിലവിൽ ഇത് 90 ദിവസമാണ്. ഐടി വിദഗ്ധർ,​കൺസൾട്ടന്റുമാർ,​ അദ്ധ്യാപകർ,​‌ ഡോക്ടർമാർ,​ ഗവേഷകർ തുടങ്ങിയവർക്ക് പ്രയോജനം ലഭിക്കും. ഒമാനിൽ നിക്ഷേപിക്കാനൊരുങ്ങുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ഇന്ത്യക്കാരെ ജോലിക്ക് നിയോഗിക്കാനുള്ള അവസരവും പുതിയ കരാർ വഴി ലഭ്യമാകും. ഇന്ത്യൻ കമ്പനിയിലെ 20% ജീവനക്കാരെ മാത്രമേ അതേ കമ്പനിയുടെ ഒമാൻ ശാഖയിലേക്ക് മാറ്റാൻ കഴിയുമായിരുന്നുള്ളൂ. ഇത് 50 ശതമാനമായി വർദ്ധിപ്പിക്കും.

രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും അസ്ഥിരതകളും ഉണ്ടാകുമ്പോഴും ഇന്ത്യയുടെ വിശ്വസനീയമായ വ്യാപാര-ഊർജ കവാടമായി പ്രവർത്തിക്കാൻ ഒമാന് ഈ കരാറിലൂടെ സാധിക്കും. കയറ്റുമതി വർദ്ധനവിനും ഉഭയകക്ഷി വ്യാപാരത്തിനും ഇത് വലിയ കുതിപ്പേകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRADE PACT, INDIA-OMAN, HORMUZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360