SignIn
Kerala Kaumudi Online
Thursday, 17 September 2026 5.33 PM IST

ഹൂതികൾക്ക് മക്കയെ ആക്രമിക്കാനാകുമോ? സൗദിയുടെ ബഹുതല പ്രതിരോധ സംവിധാനങ്ങളുടെ പ്രത്യേകത

makka-madina
മക്ക മദീന

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലീങ്ങൾ പുണ്യസ്ഥലമായി കണക്കാക്കുന്ന മക്ക. ഇതിനുനേരെ ഹൂതികൾ ആക്രമണം നടത്തുമോയെന്ന ആശങ്കകൾ വീണ്ടും ശക്തമാവുകയാണ്. സൗദ്യ അറേബ്യ എങ്ങനെയാണ് മക്കയുടെ സുരക്ഷ ഉറപ്പാക്കുന്നതെന്ന ചർച്ചകളും ഇതോടൊപ്പം സജീവമാകുന്നുണ്ട്. മക്കയിൽ വ്യോമാക്രണ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഇത്തരം ചർച്ചകൾ ശക്തമായത്. ഹൂതികൾക്ക് മക്കയെ ലക്ഷ്യമിടാനുള്ള സാങ്കേതിക ശേഷിയുണ്ടോയെന്നതും സൗദിയുടെ പ്രതിരോധ സംവിധാനങ്ങളെ തടയാനാകുമോയെന്നതുമാണ് പ്രധാനമായും ഉയർന്നുവരുന്ന ചോദ്യങ്ങൾ.

മക്ക ഹൂതികളുടെ ആക്രമണ പരിധിയിലോ?

സാങ്കേതികമായി, മക്കയെ ലക്ഷ്യമിടാനുള്ള ശേഷി ഹൂതികൾക്കുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. യെമനിലെ വലിയ പ്രദേശങ്ങൾ നിയന്ത്രിക്കുന്ന ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ആക്രമണ ഡ്രോണുകളും ഉപയോഗിച്ചുള്ള യുദ്ധപരിചയമുണ്ട്. സൗദി അറേബ്യയിലെ അബ്‌ഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്‌റാൻ തുടങ്ങിയ നഗരങ്ങൾക്ക് നേരെ ഹൂതികൾ മുൻകാലങ്ങളിൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആയിരത്തിലധികം കിലോമീറ്റർ ദൂരപരിധിയിലുള്ള ചില മിസൈലുകൾ ഹൂതികളുടെ പക്കലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇറാന്റെ പിന്തുണയോടെ ഹൂതികൾ മിസൈൽ, ഡ്രോൺ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഇതുകൊണ്ടുമാത്രം മക്കയെ എളുപ്പത്തിൽ ഹൂതികൾക്ക് ആക്രമിക്കാനാകുമെന്ന് അർത്ഥമില്ല. കൃത്യമായ ലക്ഷ്യത്തിലെത്താനും പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും നിരവധി സൈനിക വെല്ലുവിളികൾ നേരിടേണ്ടതുണ്ട്.

മക്കയുടെ സുരക്ഷ

മക്കയുടെ വ്യോമ സുരക്ഷയ്‌ക്കായി സൗദി അറേബ്യ വിവിധ പ്രതിരോധസംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. അമേരിക്കൻ നിർമ്മിത പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും 'ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്' (താഡ്) സംവിധാനങ്ങളും സൗദിയുടെ പ്രതിരോധ ശൃംഖലയുടെ ഭാഗമാണ്. ഇവ സൗദിയുടെ റഡാർ, കമാന്റ് ശൃംഖലകളുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇവയ്‌ക്ക് ശത്രുക്കളയയ്‌ക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തി തടയാനുള്ള ശേഷിയുണ്ട്. മക്കയ്‌ക്ക് ചുറ്റുമുള്ള വ്യോമമേഖലയിലും കർശന നിയന്ത്രണങ്ങളുണ്ട്. സംശയാ‌സ്‌പദമായ വ്യോമഭീഷണികളെ നേരിടാൻ സൗദി സുരക്ഷാസേനകൾക്ക് സംവിധാനങ്ങളുമുണ്ട്.

മക്കയെ ഹൂതികൾ ആക്രമിച്ചിട്ടുണ്ടോ?

മക്കയുടെ വ്യോമമേഖലയിൽ പ്രവേശിക്കാൻ ശ്രമിച്ച ഒരു ഹൂതി മിസൈൽ തടഞ്ഞതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ, മക്കയെ ലക്ഷ്യമിട്ടാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന ആരോപണം ഹൂതികൾ നിഷേധിക്കുകയായിരുന്നു.

ആക്രമണങ്ങൾ ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഇന്ത്യയിലെ വലിയ മുസ്ലീംങ്ങളുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ മക്കയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഏത് സംഭവവും രാജ്യത്ത് ശക്തമായ വൈകാരിക പ്രകടനങ്ങൾക്ക് കാരണമാകാം. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏകദേശം 17.22 കോടി മുസ്ലിംഗളുണ്ടായിരുന്നു. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബീഹാർ, അസം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയരീതിയിൽ മുസ്ലിം ജനസംഖ്യയുണ്ട്.

മുസ്ലിം രാജ്യങ്ങളുടെ നിലപാടെന്തായിരിക്കും?

സൗദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെയും മറ്റ് മുസ്ലിം രാജ്യങ്ങളുടെയും നിലപാടുകളും ചർച്ചയാകുന്നുണ്ട്. അടുത്തിടെയായി സൗദി അറേബ്യ തുർക്കിയുമായും പാകിസ്ഥാനുമായും ഒരു പ്രതിരോധ കരാർ ഒപ്പുവയ്‌ക്കുകയും അതിൽ ചേരാൻ മറ്റ് മുസ്ലിം രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്‌തിരുന്നു. 'മുസ്ലിം നാറ്റോ' അല്ലെങ്കിൽ 'ഇസ്ലാമിക് നാറ്റോ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സഖ്യം കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാതെ പരാജയപ്പെട്ടു. നാറ്റോ സഖ്യത്തിലെ ഏതെങ്കിലും അംഗരാജ്യത്തിനെതിരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന വാഗ്ദാനത്തിൽനിന്ന് പാകിസ്ഥാൻ പിന്മാറി. ഹൂതികളുമായുള്ള യുദ്ധം തുടരുമ്പോഴും സൗദി അറേബ്യയുടെ സുരക്ഷയ്‌ക്കായി സൈന്യത്തെയോ പ്രതിരോധ സംവിധാനങ്ങളെയോ അയയ്‌ക്കാൻ പാകിസ്ഥാൻ തയ്യാറായില്ല. ഇറാൻ പിന്തുണയ്‌ക്കുന്ന വിമതരെ ആക്രമിക്കാനുള്ള ധൈര്യമോ താൽപര്യമോ ഇസ്ലാമാബാദിനില്ലെന്ന കാര്യം ഇതിൽനിന്നുതന്നെ വ്യക്തമാണ്.

English Summary

Air raid alerts have raised concerns over the safety of the Kaaba. While the Houthis possess long-range missiles and drones, Saudi Arabia has advanced Patriot and THAAD defence systems to counter such threats. The Houthis deny targeting Mecca.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360