എല്ലാ വീടുകളിലും ഒഴിവാക്കാനാകാത്ത ഒന്നാണ് ഉപ്പ്. ഭക്ഷണത്തിന് രുചി നൽകാൻ നിത്യവും ഉപയോഗിക്കുന്ന ഉപ്പ് പ്രകൃതി നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട അവശ്യവസ്തുവാണ്. എന്നാൽ ആഗോള കാലാവസ്ഥാവ്യതിയാനം അടുക്കളയിലെ ഈ അവശ്യഘടകത്തിന്റെ ഉൽപ്പാദനത്തെയും ദോഷകരമായി ബാധിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ഉപ്പ് പാടങ്ങളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ തികച്ചും ആശങ്കാജനകമാണ്.
രാജ്യത്ത് ഭൂരിഭാഗം ഉപ്പും ഉൽപ്പാദിപ്പിക്കുന്നത് സൗരോർജ്ജ ബാഷ്പീകരണ പ്രക്രിയയിലൂടെയാണ്. ഉപ്പുപാടങ്ങളിലെ ആഴം കുറഞ്ഞ വലിയ കുളങ്ങളിലേയ്ക്ക് കടൽവെള്ളമോ ഭൂഗർഭ ഉപ്പുവെള്ളമോ പമ്പ് ചെയ്ത് എത്തിക്കുന്നു. സൂര്യപ്രകാശമേറ്റ് ഈ വെള്ളം സാവധാനം നീരാവിയായി മാറുന്നു. വെള്ളത്തിന്റെ സാന്ദ്രത കൂടുമ്പോൾ സോഡിയം ക്ലോറൈഡ് തരികളായി അടിഞ്ഞുകൂടുന്നു. ഖനനം ചെയ്ത ഉപ്പ് പൊടിച്ച് വിവിധ ഗ്രേഡുകളായി തിരിച്ചു വിപണിയിലെത്തിക്കുന്നു. ഇതാണ് പിന്നീട് നമ്മൾ ഉപയോഗിക്കുന്നത്. ഈ പ്രക്രിയ ലളിതമായി തോന്നാമെങ്കിലും ഇതിന് ദീർഘകാലം നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥയും ശക്തമായ സൂര്യപ്രകാശവും ആവശ്യമാണ്. എന്നാൽ ഈ അനുകൂല സാഹചര്യങ്ങളാണ് ഇപ്പോൾ മാറിവരുന്ന കാലാവസ്ഥാവ്യതിയാനം കാരണം നഷ്ടമാകുന്നത്.
ഉപ്പ് വിളവെടുപ്പിന് തൊട്ടുമുൻപ് പെയ്യുന്ന കനത്ത മഴ ഉപ്പുവെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുകയും ബാഷ്പീകരണ പ്രക്രിയ തടസപ്പെടുത്തുകയും ചെയ്യുന്നു. അപ്രതീക്ഷിതമായി എത്തുന്ന ശക്തമായ മഴയിൽ ഉപ്പുതരികൾ ഒഴുകിപ്പോകുന്നു. നീണ്ടുനിൽക്കുന്ന കാലവർഷം കാരണം പാടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും ഉപ്പ് നിർമാണം വൈകുന്നതിനും കാരണമാകുന്നു. തീരദേശമേഖലകളിലുണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റുകളും ഉപ്പ് പാടങ്ങളെ തകർക്കുന്നു.
എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു വലിയ പ്രതിസന്ധിയാണിത്. ലോകത്ത് ഏറ്റവും കൂടുതൽ ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. പ്രതിവർഷം ഏകദേശം 30.7 മില്യൺ ടൺ ഉപ്പാണ് ഉൽപ്പാദിപ്പിക്കുന്നത്. രാജ്യത്തെ ആകെ ഉൽപ്പാദനത്തിന്റെ 85 ശതമാനവും ഗുജറാത്തിൽ നിന്നാണ്. പ്രത്യേകിച്ച് കച്ചിലെ ലിറ്റിൻ റാൻ മേഖലയാണ് ഇതിന്റ കേന്ദ്രം. ഗുജറാത്തിൽ നിലവിൽ മഴ തുടർച്ചയായി പെയ്യുന്ന സ്ഥിതിയാണ്. ഗുജറാത്തിലെ ഈ പ്രതിസന്ധി ഇന്ത്യൻ വിപണിയെ മാത്രമല്ല ആഗോളതലത്തിൽ തന്നെ ഉപ്പിന്റെ ലഭ്യതയെയും വിലയേയും ബാധിച്ചേക്കാം.
പ്രതികൂല കാലാവസ്ഥയിലും ഉപ്പ് ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ബാഷ്പീകരണം വേഗത്തിലാക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സെൻട്രൽ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്ര്യൂട്ട് ശ്രമിക്കുന്നുണ്ട്. എങ്കിലും ഇവ എത്രത്തോളം പ്രായോഗികവും വിജയകരവുമാകും എന്നത് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ. ചുരുക്കത്തിൽ, അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു നുള്ള് ഉപ്പ് പോലും മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത കടുത്ത കാലാവസ്ഥയാവ്യതിയാനങ്ങളെ അതിജീവിച്ചാണ് ഭക്ഷണപാത്രങ്ങളിൽ എത്തുന്നത്. എന്നാൽ എത്രകാലം ഈ രീതിയിൽ മുന്നോട്ടുപോകാനാകും എന്ന ആശങ്കയിലാണ് അധികൃതർ.
Global climate change is severely impacting salt production, particularly in India, the world's third-largest producer. Heavy rains, prolonged monsoons, and cyclones disrupt the crucial solar evaporation process. This crisis, centered in Gujarat, threatens global salt availability and prices, prompting research into new production technologies.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |