അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി ഗുജറാത്തിൽ 'ഗർബ പാർട്ണർ വാടകയ്ക്ക്' എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലാകുന്നു. ഗുജറാത്തിന്റെ പരമ്പരാഗത നാടോടി നൃത്തരൂപമാണ് ഗർബ. ഈ കലാരൂപത്തിൽ നർത്തകർ ഒരുമിച്ച് ഗ്രൂപ്പുകളായാണ് നൃത്തം ചെയ്യുന്നത്. ഇതിനായി പങ്കാളികളെ വാടകയ്ക്ക് കിട്ടുമെന്ന രീതിയിലുള്ള പരസ്യങ്ങളാണ് ചർച്ചയാകുന്നത്. സംഭവത്തിൽ ജാഗ്രത നിർദേശിച്ച് സൈബർ ക്രൈം സെൽ രംഗത്തെത്തി.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗർബ കളിക്കാൻ പങ്കാളിയെ ‘വാടകയ്ക്ക്’ ലഭ്യമാക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങളാണ് 'റെന്റ് എ ഗർബ പാർട്ണർ' (ഗർബ പാർട്ണർ വാടകയ്ക്ക്) എന്ന ആശയത്തിന് പിന്നിൽ. യുവാക്കളുടെയും യുവതികളുടെയും ചിത്രങ്ങൾക്കൊപ്പം വിവിധ പാക്കേജുകളും അവയുടെ നിരക്കുകളും ഉൾപ്പെടുത്തിയാണ് ഇത്തരം പരസ്യങ്ങൾ പ്രചരിക്കുന്നത്. ഗർബ നൃത്തത്തിനായി ചെലവഴിക്കുന്ന സമയത്തിനും ലഭിക്കുന്ന സേവനങ്ങൾക്കും അനുസരിച്ചാണ് നിരക്കുകൾ വ്യത്യാസപ്പെടുന്നത്.
പങ്കാളികളെ ലഭിക്കുന്നതിന് സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ വിവിധ പാക്കേജുകളാണ് പോസ്റ്റുകളിൽ വാഗ്ദാനം ചെയ്യുന്നത്. സിൽവർ പാക്കേജിന് ഏകദേശം 1,000 രൂപയും ഗോൾഡിന് 1,500 രൂപയും പ്ലാറ്റിനത്തിന് 2,000 രൂപയും ഈടാക്കുന്നതായാണ് പരസ്യങ്ങളിൽ പറയുന്നത്. കൂടുതൽ സമയം ഗർബ നൃത്തം കളിക്കുക, ഒരേ വേഷം ധരിക്കുക, ഗർബ ചുവടുകൾ പഠിപ്പിക്കുക, ഫോട്ടോയും സെൽഫിയുമെടുക്കുക തുടങ്ങിയവയും പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പരസ്യങ്ങളിലെ അവകാശവാദം.
ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ചില പരസ്യങ്ങളിൽ പുരുഷ ഗർബ പങ്കാളികൾക്ക് 500 മുതൽ 2,000 രൂപ വരെയാണ് നിരക്ക്. സ്ത്രീ പങ്കാളികൾക്ക് കുറഞ്ഞ സമയത്തേക്കുള്ള സേവനത്തിന് 3,000 രൂപ വരെ ഈടാക്കുന്നതായും പരസ്യങ്ങളിൽ പറയുന്നു. രാത്രി മുഴുവൻ നീളുന്ന പാക്കേജുകൾക്ക് 6,500 രൂപ വരെ ഈടാക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നാല് മണിക്കൂർ വരെ ഗർബയിൽ പങ്കാളിയാകുക, ഇൻസ്റ്റഗ്രാം റീലുകളും ചിത്രങ്ങളും എടുക്കുക തുടങ്ങിയ സേവനങ്ങളും ചില പരസ്യങ്ങളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
വൈറലായ പോസ്റ്റുകൾ യഥാർത്ഥ സേവനമാണോ അതോ ആളുകളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്ന തട്ടിപ്പ് രീതിയാണോ എന്ന കാര്യത്തിൽ സൈബർ ക്രൈം വിഭാഗം പരിശോധന നടത്തുകയാണ്. അഹമ്മദാബാദ്, സൂറത്ത്, മുംബയ് തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധപ്പെട്ട ചില ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും അന്വേഷണ പരിധിയിലുണ്ട്. പരിചയമില്ലാത്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പണം കൈമാറരുതെന്നും സംശയകരമായ പേയ്മെന്റ് ലിങ്കുകൾ തുറക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം ലിങ്കുകൾ ഫിഷിംഗ്, വാട്സാപ്പ് അക്കൗണ്ട് ഹാക്കിംഗ്, ബാങ്ക് അക്കൗണ്ടിൽനിന്നുള്ള അനധികൃത പണം പിൻവലിക്കൽ തുടങ്ങിയ സൈബർ തട്ടിപ്പുകളിലേക്ക് നയിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. നവരാത്രി ആഘോഷങ്ങൾ അടുത്തിരിക്കെ സമൂഹമാദ്ധ്യമങ്ങളിൽ ഇത്തരം ഓഫറുകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സേവനം ഉപയോഗിക്കുന്നതിന് മുമ്പ് അക്കൗണ്ടിന്റെ വിശ്വാസ്യതയും പണമിടപാടിന്റെ സുരക്ഷയും ഉറപ്പാക്കണമെന്നാണ് സൈബർ പൊലീസിന്റെ നിർദേശം.
Ahead of Navratri, "Rent a Garba Partner" social media posts offering dance partners for various packages and prices are going viral in Gujarat. These advertisements, some detailing services like teaching steps and taking photos, have prompted Gujarat's Cyber Crime Cell to issue warnings. Authorities are investigating if these are legitimate services or potential scams, advising users to exercise caution against fraudulent links and unknown accounts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |