SignIn
Kerala Kaumudi Online
Thursday, 13 August 2026 11.59 AM IST

അനധികൃത കുടിയേറ്റക്കാരെ കീഴടക്കാൻ ഇനി ഷോക്ക് ഗ്ലൗസ്?; സെക്കന്റുകൾക്കുള്ളിൽ ശരീരം തളരും, വമ്പൻ പദ്ധതിയുമായി അമേരിക്ക

police
പ്രതീകാത്മക ചിത്രം

വാഷിംഗ്‌ടൺ: കുടിയേറ്റ നിയമം നടപ്പിലാക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കായി ഇലക്‌ട്രിക് ഷോക്ക് ഗ്ലൗസുകൾ വാങ്ങാനൊരുങ്ങുകയാണ് അമേരിക്ക. ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്ഡമെന്റ് (ഐസിഇ) ആണ് നീക്കം നടത്തുന്നത്.

കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തെ എതിർക്കുന്നവരെ നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതിനായി ഏകദേശം 20 മില്യൺ ഡോളർ ചെലവഴിച്ച് ഇത്തരത്തിലുള്ള ഇലക്‌ട്രിക് ഷോക്ക് ഗ്ലൗസുകൾ വാങ്ങാനാണ് ഐസിഇയുടെ പദ്ധതി. അടുത്ത വർഷം മാർച്ചോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്‌ച രാവിലെ യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്ലോവ് (ജനറേറ്റഡ് ലോ ഔട്ട്പുട്ട് വോൾട്ടേജ് എമിറ്റർ) എന്നാണ് ഗ്ലൗസിന്റെ പേര്. കെന്റക്കിലെ ലെക്‌സിംഗ്‌ടണിലുള്ള കംപ്ലെയിന്റ് ടെക്‌നോളജീസ് എൽഎൽസിയാണ് ഗ്ലൗസിന്റെ നിർമ്മാതാക്കൾ. ഗ്ലൗസിലൂടെ വൈദ്യുത ഉത്തേജനം നൽകി കുറ്റവാളികളെ എളുപ്പത്തിൽ നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്ലൗസ് ഉപയോഗിച്ചുതൊട്ടുകഴിഞ്ഞാൽ മൂന്ന് സെക്കന്റിനുള്ളിൽ ഫലം ലഭിക്കുമെന്നും കമ്പനി പറയുന്നു.

ഈ ഗ്ലൗസുകൾ ഉപയോഗിച്ച് ശരീരചർമ്മത്തിൽ നേരിട്ട് സ്‌പർശിക്കുമ്പോഴാണ് ഷോക്കേൽക്കുന്നത്. പൊള്ളലോ പാടുകളോ മുറിവുകളോ ഉണ്ടാകില്ലെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. സാധാരണ ഗ്ലൗസുകൾ പോലെ ധരിക്കാൻ കഴിയുന്ന ഇവയുടെ സ്വിച്ച് അമർത്തുമ്പോഴാണ്‌ വൈദ്യുത മോഡ് പ്രവർത്തിച്ചുതുടങ്ങുന്നത്. തേനീച്ചയുടെ കുത്തുപോലെ പെട്ടെന്ന് കഠിനമായ വേദന നൽകി ആ വ്യക്തിയെ പൂർണമായി തളർത്താൻ ഇതിലൂടെ സാധിക്കും. അമേരിക്കയിലെ ജയിലുകൾ ഉൾപ്പെടെയുള്ള തടങ്കൽ കേന്ദ്രങ്ങളിൽ ഇത്തരം ഗ്ലൗസുകൾ നേരത്തെ ഉപയോഗിച്ചിട്ടുണ്ട്.

മനുഷ്യാവകാശ സംഘടനകൾക്ക് ആശങ്ക

ഉദ്യോഗസ്ഥർക്കായി ഇത്തരം ഗ്ലൗസുകൾ വാങ്ങാനുള്ള ഐസിഇ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. ജനങ്ങളെ ബലപ്രയോഗം നടത്തി കീഴ്‌പ്പെടുത്തുന്നതിന്റെ പേരിൽ ഐസിഇ നേരത്തെതന്നെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുന്നതിനുള്ള നടപടികൾക്കായി വൈദ്യുതാഘാതം നൽകുന്ന ഗ്ലൗസുകൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എസിഎൽയു) പ്രതിനിധി ജെൻ റോൾനിക് ബോർചെറ്റ പറഞ്ഞു.

ചെറിയൊരു സ്വിച്ച് അമർത്തി മറ്റുള്ളവരറിയാതെ വൈദ്യുതാഘാതം നൽകുന്ന രീതി ദുരുപയോഗത്തിന് വഴിയൊരുക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നത്. അതേസമയം, പൊലീസിനെ പ്രതിരോധിക്കുന്നവരെ നിയന്ത്രിക്കാൻ ഉപകരണം ഫലപ്രദമാകുമെന്ന് കസ്റ്റഡിമരണങ്ങൾ തടയുന്നതിനെക്കുറിച്ച് പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി പ്രിവൻഷൻ ഒഫ് ഇൻ-കസ്റ്റഡി ഡെത്സ് പ്രസിഡന്റ് ജോൺ പീറ്റേഴ്‌സ് പറഞ്ഞു. വൈദ്യുതാഘാതം നൽകുന്നതിലൂടെ ഏതാനും നിമിഷങ്ങൾ മാത്രമേ വേദന അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹംവ്യക്തമാക്കി.

കുട്ടികൾക്കും ഗർഭിണികൾക്കും നേരെ ഉപയോഗിക്കരുത്

കുറ്റവാളികളെ ശിക്ഷിക്കുന്നതിനായി ഒരിക്കലും ഇവ ഉപയോഗിക്കരുതെന്നാണ് നിർമ്മാതാക്കളുടെ മുന്നറിയിപ്പ്. വാക്കാൽ എതിർക്കുന്നവ‌ർക്കെതിരെയും ഇവ ഉപയോഗിക്കരുതെന്നാണ് നിർദേശം. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, വൈകല്യമുള്ളവർ തുടങ്ങിയവർക്കെതിരെയും ഉപകരണം ഉപയോഗിക്കരുതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഐസിഇയുടെ പദ്ധതി കമ്പനി ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതിൽ ഏറ്റവും വലിയ ഓർഡറാകാനാണ് സാദ്ധ്യതയെന്ന് ജോൺ പീറ്റേഴ്‌സ് പറഞ്ഞു. പൊലീസിനോട് സഹകരിക്കാതെ വാഹനങ്ങൾക്കുള്ളിലും വീടുകൾക്കുള്ളിലും കഴിയുന്ന കുറ്റവാളികളെ പുറത്തെത്തിച്ച് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ഈ ഗ്ലൗസുകൾ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പദ്ധതിയെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നാണ് കംപ്ലയിന്റ് ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ ജെഫ് നിക്ക്‌ലോസ് അറിയിച്ചത്.

English Summary

The US ICE plans to spend $20 million on electric shock gloves to restrain people resisting arrest. Human rights groups have raised concerns over possible misuse of the devices.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US ICE, ELECTRIC SHOCK GLOVES, ILLEGAL IMMIGRATION, MIGRANT DETENSION, HUMAN RIGHT CONCERNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360