
അബുദാബി: യുഎഇയിൽ പ്രധാന അഞ്ച് നിയമപരിഷ്‌കാരങ്ങൾ ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ. സ്വകാര്യമേഖലാ ജീവനക്കാരുടെ ശമ്പള സുരക്ഷ ഉറപ്പാക്കുന്ന നിയമമാണ് ഇതിലൊന്ന്. മുൻപുണ്ടായിരുന്ന 15 ദിവസത്തെ ഇളവ് പൂർണമായും ഒഴിവാക്കി. ശമ്പളം ഒന്നാം തീയതിയോ അതിനുമുൻപോ നൽകണം. ശമ്പളം വൈകിയാൽ രണ്ടാം ദിവസം മുതൽ നടപടിയുണ്ടാവും.
സാമ്പത്തിക - വാണിജ്യ കരാറുകളിൽ ഏർപ്പെടുന്നതിനും സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിനുമുള്ള നിയമപരമായ പ്രായപരിധി 21ൽ നിന്ന് 18 വയസായി കുറച്ചു. ഇതോടെ 18 വയസ് തികഞ്ഞ യുവാക്കൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെതന്നെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും നിയമപരമായ സാമ്പത്തിക കരാറുകളിൽ ഒപ്പുവയ്ക്കാനും പൂർണ അവകാശമുണ്ടാകും.
യുഎഇയിലെ പ്രമുഖ ബാങ്കുകൾ വാട്‌സാപ്പ് വഴി ഒടിപി അയയ്ക്കുന്നതും നിർത്തലാക്കുന്നു. ഇനിമുതൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേയ്ക്ക് എസ്‌എംഎസ് വഴിയോ ബാങ്കിംഗ് ആപ്പുകൾ വഴിയോ മാത്രമേ ഒടിപി ലഭിക്കൂ.
ദുബായിൽ പൊതു പാർക്കിംഗ് ഫീസിനും റോഡ് ടോൾ നിരക്കുകൾക്കും അഞ്ച് ശതമാനം മൂല്യവർദ്ധിത നികുതി (വാറ്റ്) നിർബന്ധമാക്കി. പാർക്കിംഗ് ഫീസ് അടയ്ക്കുന്നത് സ്‌മാർട്ട് ആപ്പുകൾ, എസ്‌എംഎസ്, ക്യൂആർകോഡ് എന്നിവ വഴിയാക്കി. വാഹനങ്ങളുടെ വിൻഡ്‌ഷീൽഡിൽ പേപ്പർ ടിക്കറ്റുകൾ പതിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |