SignIn
Kerala Kaumudi Online
Saturday, 20 June 2026 11.46 AM IST

വിസ, പാസ്‌പോർട്ട്, അറ്റസ്‌റ്റേഷൻ: അഞ്ച് ദിവസം ലഭ്യമാകില്ല; യുഎഇയിലെ പ്രവാസികൾ അറിയേണ്ട സുപ്രധാന മാറ്റം

uae

അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്‌റ്റേഷൻ സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവയ്ക്കും. ഈ മാസം അവസാനത്തോടെ യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്കുള്ള കോൺസുലർ സേവനങ്ങൾ പുതിയൊരു സേവനദാതാവിലേക്ക് മാറുന്നതിനെ തുടർന്നാണിത്. ജൂലായ് ഒന്ന് മുതൽ യുഎഇയിലെ ഇന്ത്യക്കാർക്ക് ആവശ്യമായ വിസ, പാസ്‌പോർട്ട് സേവനങ്ങൾ നൽകാൻ അൽ ഹിന്ദ് ടൂർസ് ആൻസ് ട്രാവൽ എൽഎൽസിയെ ചുമതലപ്പെടുത്തിയതായി അബുദാബിയിലുള്ള ഇന്ത്യൻ എംബസി അറിയിച്ചു.

യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് നിലവിൽ ബിഎൽഎസ് ഇന്റർനാഷണൽ എന്ന സ്ഥാപനമാണ് പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകിവരുന്നത്. എസ്.ജി.ഐ.വി.എസ് ഗ്ലോബലാണ് അറ്റസ്‌റ്റേഷൻ സേവനങ്ങൾ നൽകുന്നത്. ഈ രണ്ട് സ്ഥാപനങ്ങളും ജൂൺ 25ന് ശേഷം പുതിയ അപേക്ഷകൾ ഒന്നും സ്വീകരിക്കില്ല. ജൂൺ 26 മുതൽ ജൂൺ 30 വരെ ഇതുമായി ബന്ധപ്പെട്ട ഒരു സേവനങ്ങളും ഇന്ത്യൻ പൗരന്മാർക്ക് ലഭിക്കില്ല.

ഈ അഞ്ച് ദിവസത്തിനിടെ അടിയന്തരമായ സാഹചര്യങ്ങളുണ്ടായാൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുൽ ജനറലും നൽകുന്നതാണ്. അപേക്ഷകർക്ക് അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ 800 46342 (800 INDIA) എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ +971 54 309 0571 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് വഴിയോ pbsk.dubai@mea.gov.in. എന്ന ഇമെയിൽ വിലാസത്തിലോ ഇന്ത്യൻ മിഷനുകളുമായി ബന്ധപ്പെടാം.

ഇന്ത്യൻ പൗരന്മാർക്ക് നൽകേണ്ട സേവനങ്ങൾക്കായി അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് പുതിയ ഓൺലൈൻ അപ്പോയിൻമെന്റ് പോർട്ടർ ജൂലായ് ഒന്ന് മുതൽ പ്രവർത്തന ക്ഷമമാക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഇന്ത്യൻ പൗരന്മാർ അബുദാബിയിലെ ഇന്ത്യൻ എംബസിയുടെയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെയും ഔദ്യോഗിക ആശയവിനിമയ ചാനലുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാത്രമേ പിന്തുടരാവൂ എന്ന് എംബസി നിർദ്ദേശിച്ചു.

ഏഴ് എമിറേറ്റുകളിലായി 16 കേന്ദ്രങ്ങൾ
ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ 16 കേന്ദ്രങ്ങളാണ് യുഎഇയിലെ ഏഴ് എമിറേറ്റുകളിലുമായി സജ്ജീകരിച്ചിരിക്കുന്നത്. അൽ ഖാലിദിയ, അൽ റീം ദ്വീപ്, മസ്ദർ, മദീനത്ത് സായിദ്, ഗയാത്തി അടക്കം ആറ് കേന്ദ്രങ്ങളാണ് അബുദാബിയിലുള്ളത്. ബർ ദുബായ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് അടക്കം രണ്ട് കേന്ദ്രങ്ങളാണ് ദുബായിലുള്ളത്. അൽ മജസ്, റൊള്ള തുടങ്ങിയ രണ്ട് കേന്ദ്രങ്ങളാണ് ഷാർജയിൽ. അജ്മാൻ, ഫുജൈറ, ഉം അൽ ഖുവൈൻ, ഖോർ ഫക്കം, ഖൽബ, റാസ് അൽ ഖൈമ തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റ് കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് അൽ ഹിന്ദ് യുഎഇ ഓപ്പറേഷൻ മാനേജർ അരുൺ രാധാകൃഷ്ണൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, VISA, UAE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360