
അബുദാബി: യുഎഇയിൽ വേനൽ ചൂട് കനക്കുന്നു. നിലവിൽ രാജ്യത്തെ പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കിഴക്കൻ പർവതപ്രദേശങ്ങളിൽ ഇടയ്‌ക്കിടെ വേനൽമഴ എത്തുന്നുണ്ടെങ്കിലും ചൂടിന്റെ തീവ്രത കുറയുന്നില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.
ഉച്ചയാകുന്നതോടെ ചൂട് അതികഠിനമാകും. അതിനാൽ, താമസക്കാർ അവരുടെ ദിനചര്യകളിൽ പോലും മാറ്റംവരുത്തി. പലരും പുറത്തിറങ്ങാറില്ല. യുഎഇയിൽ ഏറ്റവും ചൂടേറിയ ആഴ്‌ചകൾ ഇനി വരാനിരിക്കുന്നതേയുള്ളു എന്നാണ് എൻസിഎമ്മിന്റെ പ്രവചനം. രാജ്യം വേനൽക്കാലത്തിന്റെ തുടക്കത്തിലെത്തയതേയുള്ളു എന്നാണ് എൻസിഎമ്മിലെ ജനറൽ മെറ്റീരിയോളജി വിഭാഗം ആക്‌ടിംഗ് ഹെഡ് ഈസ അൽ സൈറൈദി പറഞ്ഞത്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില വളരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു.
അതേസമയം, ചൂട് കടുക്കുമ്പോഴും ഈ ആഴ്‌ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഈ ശനിയാഴ്‌ച താപനിലയിൽ നേരിയ കുറവ് വരാനും സാദ്ധ്യതയുണ്ട്. കിഴക്കൻ പർവതപ്രദേശങ്ങളിലാണ് മഴ പെയ്യാൻ സാദ്ധ്യതയെന്ന് എൻസിഎം അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് മഴയ്‌ക്ക് സാദ്ധ്യത. എന്നാൽ, അബുദാബി, ദുബായ്, ഷാർജ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇതിന് വിപരീതമായിരിക്കും കാലാവസ്ഥ. ഇവിടെ മേഘാവൃതമായ ആകാശം കാണുമെങ്കിലും മഴ പെയ്യില്ല. അതിനാൽ, നഗരങ്ങളിൽ താമസിക്കുന്നവർ അതികഠിനമായ ചൂടിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |